| Friday, 22nd November 2024, 7:47 pm

കഥാപാത്രങ്ങളെ ഒരല്പം പോലും മോശമാക്കാത്ത ഒരേയൊരു നടന്‍ അദ്ദേഹം മാത്രമായിരുന്നു: ബാബു നമ്പൂതിരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ബാബു നമ്പൂതിരി. അധ്യാപകജോലിയില്‍ നിന്ന് നാടകത്തിലേക്കും അവിടുന്ന് നേരെ സിനിമയിലേക്കും എത്തിയ ബാബു നമ്പൂതിരിയുടെ ആദ്യ ചിത്രം 1978ല്‍ റിലീസായ യാഗമാണ്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അദ്ദേഹം പകര്‍ന്നാടി.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ തിലകനെക്കുറിച്ച് സംസാരിക്കുകയാണ് ബാബു നമ്പൂതിരി. സിനിമയിലെത്തുന്നതിന് മുമ്പ് താനും തിലകനും നാടകത്തില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെന്ന് ബാബു നമ്പൂതിരി പറഞ്ഞു. ഡയലോഗ് റെന്‍ഡറിങ്ങില്‍ ഉസ്താദാണ് തിലകനെന്നും അതിനെപ്പറ്റി അദ്ദേഹം തനിക്ക് ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ച് തന്നിട്ടുണ്ടെന്നും ബാബു നമ്പൂതിരി കൂട്ടിച്ചേര്‍ത്തു.

കെ.ജി. ജോര്‍ജാണ് അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്നതെന്നും സിനിമക്ക് പറ്റിയ നടനാണ് അദ്ദഹമെന്നും ബാബു നമ്പൂതിരി പറഞ്ഞു. ഒരല്പം പോലും മോശമില്ലാത്ത, ഏത് തരം കഥാപാത്രവും പെര്‍ഫക്ടായി അവതരിപ്പിക്കുന്ന അന്നത്തെ ജനറേഷനിലെ ഒരേയൊരു നടന്‍ തിലകനാണെന്നും ബാബു നമ്പൂതിരി കൂട്ടിച്ചേര്‍ത്തു.

പാവത്താനായാലും, കര്‍ക്കശക്കാരനായാലും, വില്ലനായാലും അദ്ദേഹം തന്റെ കഥാപാത്രത്തെ മികച്ചതാക്കുമായിരുന്നെന്നും ബാബു നമ്പൂതിരി പറഞ്ഞു. പല സിനിമകളിലും അദ്ദേഹത്തിന്റെ അംഗവിക്ഷേപങ്ങള്‍ ഒരുപോലെയായിരുന്നെങ്കിലും സൗണ്ട് മോഡുലേഷനില്‍ അതെല്ലാം മറികടക്കുമായിരുന്നെന്നും ബാബു നമ്പൂതിരി കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തിലകന്‍ ചേട്ടനും ഞാനും സിനിമയിലെത്തുന്നതിന് മുന്നേ പരിചയക്കാരാണ്. ഞങ്ങള് രണ്ടുപേരം നാടകത്തിലൂടെയാണ് പരിചയപ്പെടുന്നത്. അന്നേ അസാധ്യ നടനായിരുന്നു അദ്ദേഹം. ഡയലോഗ് റെന്‍ഡറിങ്ങിന്റെ കാര്യത്തില്‍ തിലകന്‍ ചേട്ടന്‍ ഉസ്താദായിരുന്നു. എങ്ങനെയാണ് ഡയലോഗ് പ്രസന്റ് ചെയ്യേണ്ടതെന്ന് എനിക്ക് പഠിപ്പിച്ച് തരുമായിരുന്നു. പിന്നീടാണ് അദ്ദേഹം സിനിമയിലെത്തുന്നത്. കെ.ജി. ജോര്‍ജാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്.

സിനിമക്ക് പറ്റിയ നടനാണ് അദ്ദേഹം. എക്‌സ്ട്രാ ആയി ഒരു സംഗതി പോലും സീനില്‍ ഇടാത്ത, ഒരല്പം പോലും മോശമാക്കാത്ത ഒരേയൊരു നടന്‍ എന്ന് പറയാന്‍ കഴിയുന്ന നടനാണ് തിലകന്‍ ചേട്ടന്‍. ആ ജനറേഷനില്‍ അങ്ങനൊരു നടന്‍ വേറെയില്ല എന്ന് തന്നെ പറയാം. പാവത്താനായാലും, കര്‍ക്കശക്കാരനായാലും, വില്ലനായാലും ആ കഥാപാത്രത്തെ അദ്ദേഹം മികച്ചതാക്കും. എല്ലാ സിനിമയിലും ഒരേ തരത്തിലുള്ള അംഗവിക്ഷേപങ്ങളായിരുന്നെങ്കിലും സൗണ്ട് മോഡുലേഷന്‍ വെച്ച് ആ ന്യൂനത അദ്ദേഹം മറികടന്നിട്ടുണ്ട്,’ ബാബു നമ്പൂതിരി പറഞ്ഞു.

Content Highlight: Babu Namboothiri shares his memories about Thilakan

We use cookies to give you the best possible experience. Learn more