നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ബാബു നമ്പൂതിരി. അധ്യാപകജോലിയില്‍ നിന്ന് നാടകത്തിലേക്കും അവിടുന്ന് നേരെ സിനിമയിലേക്കും എത്തിയ ബാബു നമ്പൂതിരിയുടെ ആദ്യ ചിത്രം 1978ല്‍ റിലീസായ യാഗമാണ്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അദ്ദേഹം പകര്‍ന്നാടി.
ബാബു നമ്പൂതിരിയുടെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു നിറക്കൂട്ട്. ഡെന്നിസ് ജോസഫ്- ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ വില്ലന്‍ വേഷമായിരുന്നു ബാബു നമ്പൂതിരി അവതരിപ്പിച്ചത്. അതുവരെ ക്യാരക്ടര്‍ റോളുകള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന ബാബു നമ്പൂതിരിയെ അത്തരമൊരു വേഷത്തില്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല.
ആ ചിത്രത്തിലേക്ക് താന്‍ എത്തിപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് ബാബു നമ്പൂതിരി. അന്നത്തെ കാലത്ത് സ്ഥിരം വില്ലന്‍വേഷം ചെയ്തിരുന്ന നടന്മാര്‍ ടി.ജി. രവി, ബാലന്‍ കെ. നായര്‍, ഉമ്മര്‍ എന്നിവരായിരുന്നെന്നും അവരെയെല്ലാം സ്‌ക്രീനില്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് വില്ലനാണെന്ന് മനസിലാകുമെന്നും ബാബു നമ്പൂതിരി പറഞ്ഞു.
കണ്ടാല്‍ വില്ലനാണെന്ന് തോന്നാത്ത ഒരാള്‍ ആ വേഷം ചെയ്യണമെന്ന് ജോഷിയുടെ നിര്‍ബന്ധമായിരുന്നെന്നും ഡെന്നിസ് ജോസഫാണ് തന്റെ പേര് നിര്‍ദേശിച്ചതെന്നും ബാബു നമ്പൂതിരി കൂട്ടിച്ചേര്‍ത്തു. തന്റെ ശിഷ്യനായിരുന്നു ഡെന്നിസെന്നും തനിക്ക് തന്ന ഗുരുദക്ഷിണയായിരുന്നു ആ വേഷമെന്നും ബാബു നമ്പൂതിരി പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ബാബു നമ്പൂതിരി.
‘തനിയാവര്‍ത്തനം, അമൃതം ഗമയ, തൂവാനത്തുമ്പികള്‍ എന്നീ സിനിമകള്‍ക്ക് ശേഷം കരിയറില്‍ ഒരു ബ്രേക്ക് എന്ന് പറയാന്‍ പറ്റുന്ന ചിത്രം നിറക്കൂട്ടാണ്. ആ സിനിമയില്‍ എന്റെ വില്ലന്‍ വേഷം ആരും പ്രതീക്ഷിച്ചിരുന്നില്ല. കാരണം, അതുവരെ വില്ലന്‍ റോളുകള്‍ ചെയ്തിരുന്നത് ടി.ജി. രവി, ഉമ്മര്‍, ബാലന്‍ കെ. നായര്‍ എന്നിവരൊക്കെയാണ്. അവരെല്ലാം സ്‌ക്രീനില്‍ വരുമ്പോള്‍ തന്നെ ഓഡിയന്‍സിന് മനസിലാകും, അയാള്‍ വില്ലനാണെന്ന്.
കണ്ടാല്‍ വില്ലനാണെന്ന് തോന്നാത്ത ഒരാള്‍ വേണമെന്ന് ജോഷി സാറിന് നിര്‍ബന്ധമായിരുന്നു. അങ്ങനെയാണ് ഡെന്നിസ് ജോസഫ് എന്റെ പേര് നിര്‍ദേശിച്ചത്. ഡെന്നിസ് എന്റെ പഴയ ശിഷ്യനായിരുന്നു. എനിക്കുള്ള ഗുരുദക്ഷിണയായിട്ടാണ് ആ ക്യാരക്ടറിലേക്ക് ഡെന്നിസ് എന്നെ വിളിച്ചത്,’ ബാബു നമ്പൂതിരി പറയുന്നു.
Content Highlight: Babu Namboothiri says Dennis Joseph suggested him to do the role in Nirakkoottu movie