അസാധ്യ ആര്‍ട്ടിസ്റ്റും അതിലുപരി പെര്‍ഫക്ട് ജെന്റില്‍മാനുമാണ് ആ നടന്‍: ബാബു നമ്പൂതിരി
Entertainment
അസാധ്യ ആര്‍ട്ടിസ്റ്റും അതിലുപരി പെര്‍ഫക്ട് ജെന്റില്‍മാനുമാണ് ആ നടന്‍: ബാബു നമ്പൂതിരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th November 2024, 3:47 pm

നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ബാബു നമ്പൂതിരി. അധ്യാപകജോലിയില്‍ നിന്ന് നാടകത്തിലേക്കും അവിടുന്ന് നേരെ സിനിമയിലേക്കും എത്തിയ ബാബു നമ്പൂതിരിയുടെ ആദ്യ ചിത്രം 1978ല്‍ റിലീസായ യാഗമാണ്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അദ്ദേഹം പകര്‍ന്നാടി.

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ ഒടുവില്‍ ഉണ്ണികൃഷ്ണനെക്കുറിച്ച് സംസാരിക്കുകയാണ് ബാബു നമ്പൂതിരി. മലയാളത്തിലെ നാച്ചുറല്‍ ആക്ടര്‍മാരില്‍ മുന്‍പന്തിയില്‍ തന്നെയാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ സ്ഥാനമെന്ന് ബാബു നമ്പൂതിരി പറഞ്ഞു. റിഹേഴ്‌സല്‍ സമയത്ത് തങ്ങളുടെ കൂടെ ചെയ്യുന്നതുപോലെയല്ല ടേക്കിന്റെ സമയത്ത് അദ്ദേഹം പെര്‍ഫോം ചെയ്യുന്നതെന്നും ആ സമയത്ത് നാച്ചുറലായി എന്താണോ വരുന്നത് അതുപോലെ ചെയ്യുന്നതാണ് ഒടുവിലിന്റെ രീതിയെന്ന് ബാബു നമ്പൂതിരി കൂട്ടിച്ചേര്‍ത്തു.

മറ്റ് നടന്മാര്‍ക്കും ഈക്വലായി പെര്‍ഫോം ചെയ്യാനുള്ള സ്‌പെയ്‌സ് കൊടുക്കുന്ന നടനാണ് അദ്ദേഹമെന്നും ബാബു നമ്പൂതിരി പറഞ്ഞു. പണ്ടുകാലത്ത് തങ്ങളെക്കാള്‍ സ്‌കോര്‍ ചെയ്യുന്ന നടന്മാരുണ്ടെങ്കില്‍ അവരെ ലൈറ്റില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പറയുന്ന സീനിയര്‍ നടന്മാരുണ്ടായിരുന്നെന്നും അതില്‍ നിന്ന് വ്യത്യസ്തനാണ് ഒടുവില്‍ ഉണ്ണികൃഷ്ണനെന്നും ബാബു നമ്പൂതിരി കൂട്ടിച്ചേര്‍ത്തു. അസാധ്യ ആര്‍ട്ടിസ്റ്റ് എന്നതിലുപരി പെര്‍ഫക്ട് ജെന്റില്‍മാനാണെന്നും ബാബു നമ്പൂതിരി പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നാച്ചുറലായി ക്യാമറക്ക് മുന്നില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ നമുക്കുണ്ടായിരുന്നു. അതില്‍ എടുത്തുപറയേണ്ട പേരാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്റേത്. പുള്ളിയുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ റിഹേഴ്‌സല്‍ സമയത്ത് ചെയ്യുന്നതല്ല ടേക്കിന്റെ സമയത്ത് ചെയ്യുന്നത്. ക്യാമറക്ക് മുന്നിലെത്തുമ്പോള്‍ ആ സമയത്ത് നാച്ചുറലായി എന്താണോ വരുന്നത് അതുപോലെ അങ്ങ് പെര്‍ഫോം ചെയ്യും.

അതാണ് അദ്ദേഹത്തിന്റെ രീതി. കൂടെയുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കും പെര്‍ഫോം ചെയ്യാന്‍ സ്‌പേസ് കൊടുക്കാനും മടി കാണിക്കില്ല. ചില സീനിയര്‍ നടന്മാര്‍ അവരെക്കാള്‍ പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ള ആര്‍ട്ടിസ്റ്റുകളെ ലൈറ്റിന്റെ താഴെ നിന്നുവരെ മാറ്റി നിര്‍ത്തുമായിരുന്നു. എനിക്ക് അങ്ങനെയുണ്ടായിട്ടില്ല. എന്നാല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അതില്‍ നിന്ന് വ്യത്യസ്തനായിരുന്നു. അസാധ്യ ആര്‍ട്ടിസ്റ്റ് എന്നതിലുപരി പെര്‍ഫക്ട് ജെന്റില്‍മാനെന്ന് പറയാന്‍ കഴിയുന്ന നടനാണ് അദ്ദേഹം,’ ബാബു നമ്പൂതിരി പറഞ്ഞു.

Content Highlight: Babu Nambboothiri shares his shooting experience with Oduvil Unnikrishnan