പത്തനംതിട്ട: തെരഞ്ഞെടുപ്പ് പോസ്റ്ററുകളും ഫ്‌ളക്‌സുകളും പ്രചരണവാഹനങ്ങളുമൊന്നുമില്ലാതെ ഒറ്റയാനായി വീടുകളിലൂടെ സഞ്ചരിച്ച് വോട്ട് ചോദിച്ച പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വന്‍ വിജയം. ഏഴംകുളം ഗ്രാമപഞ്ചായത്ത് പുതുമല ഒന്നാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ബാബു ജോണാണ് ആകെ പോള്‍ ചെയ്ത 966 വോട്ടുകളില്‍ 705 വോട്ടും നേടി വിജയിച്ചത്. വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജോസഫിന് 139 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
നീണ്ടുനരച്ച താടിയും മുടിയും, ഖദര്‍ വസ്ത്രങ്ങളും പഴയ റബര്‍ ചെരിപ്പും ധരിച്ച്, തെരഞ്ഞെടുപ്പ് പ്രചരണ ബഹളങ്ങളൊന്നുമില്ലാതെ വീടുകളില്‍ ചെന്ന് വോട്ടുചോദിച്ചിരുന്ന സ്ഥാനാര്‍ത്ഥി നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സുഹൃത്തുക്കള്‍ തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്ന പോസ്റ്ററുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മറ്റ് പ്രചരണ പരിപാടികളൊന്നും നടന്നിരുന്നില്ല. തനിക്കുള്ള വോട്ട് വോട്ടര്‍മാരില്‍ നിന്നും നേരിട്ട് ചോദിച്ച് ഉറപ്പുവരുത്തിക്കൊള്ളാം എന്ന സ്ഥാനാര്‍ത്ഥിയുടെ ഉറച്ച നിലപാടായിരുന്നു കാരണം.