ദേവയാനിയും സംഗീതയും രണ്ട് ഇന്ത്യന്‍ മുഖങ്ങള്‍
Discourse
ദേവയാനിയും സംഗീതയും രണ്ട് ഇന്ത്യന്‍ മുഖങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th December 2013, 10:54 am

സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ആയിരിക്കണക്കിന് മീന്‍പിടുത്തക്കാര്‍ ഇന്ത്യയുടെ ചുറ്റുമുള്ള രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്നുണ്ട്. അവരുടെ മോചനത്തിനായി മുറവിളി കൂട്ടാം. ദേവയാനി ഭരണവര്‍ഗത്തിന്റെ ഓമനപുത്രിയാണ്. അതിനാല്‍ ഇന്ത്യയുടെ ആത്മാഭിമാനത്തെ ആളിക്കത്തിക്കാന്‍ ദേവയാനിക്കാവില്ല.

 


babu-bharadwaj

എഡിറ്റോ- റിയല്‍ /  ബാബു ഭരദ്വാജ്

ഏതാനും മുരള്‍ച്ചകളും ആഘോഷങ്ങളും ബാക്കിയാക്കി ദേവയാനി ചിത്രത്തില്‍ നിന്ന് ഇല്ലാതായെന്ന് തോന്നുന്നു. “ഞാനവനെന്നെപ്പിടിച്ചു തല്ലി” എന്നതുപോലെയായി കാര്യങ്ങള്‍. പറഞ്ഞുകേള്‍ക്കുമ്പോള്‍ നമ്മള്‍ തല്ലിയെന്നായിരിക്കും തോന്നുക. എന്നാല്‍ തല്ലുകൊണ്ടത് നമുക്കാണെന്ന് പ്രയോഗത്തെ സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസിലാകും.

“” ഇപ്പോള്‍ ശരിയാക്കിത്തരാം “” എന്ന് പറഞ്ഞ് തുനിഞ്ഞിറങ്ങിയിട്ട് ഒന്നും ശരിയാക്കാന്‍ കഴിയാത്തതിന്റെ വൈക്ലബ്യം ഒരു രാജ്യത്തിന്റെ നയതന്ത്രത്തിനും ഭരണത്തിനും ഭൂഷണമല്ല. ദേവയാനി പ്രശ്‌നത്തിന്റെ ഉള്ളുകള്ളികളെ കുറിച്ച് ദീര്‍ഘമായി ഞങ്ങള്‍ ഇതിന് മുന്‍പ് പ്രതിപാദിച്ചിരുന്നു. ഇതുവരെ സംഭവിക്കാത്ത വിധത്തില്‍ ഭരണകക്ഷികളും പ്രതിപക്ഷവും എന്തുകൊണ്ട് പ്രതികരിച്ചുവെന്ന കാര്യവും ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഒരു ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യക്കാരി ഏതെങ്കിലും രാജ്യത്ത് വെച്ച് അപമാനിതനോ അപമാനിതയോ ആവരുത് എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. നമ്മള്‍ എത്തിച്ചേരുന്ന രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന കാര്യത്തിലും തര്‍ക്കമില്ല.

അതിനര്‍ത്ഥം ഒരു രാജ്യത്തെ മനുഷ്യവിരുദ്ധമായ നിയമങ്ങള്‍ നമ്മള്‍ പ്രതിഷേധം കൂടാതെ അനുസരിക്കണമെന്നല്ല. അതിന് കീഴടങ്ങണമെന്നല്ല, അതിനോട് രാജിയാവണമെന്നല്ല. ഇന്ത്യയുടെ മനുഷ്യാവകാശ സമരചരിത്രത്തില്‍ രാഷ്ട്രീയ സമരചരിത്രത്തില്‍ മാഡം ബികാജി കാമയും സുഭാഷ് ചന്ദ്രബോസും മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും ഒക്കെയുണ്ട്. അവരൊക്കെ വിദേശമണ്ണില്‍ സമരം ചെയ്തവരാണ്.


ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ സമരം ചെയ്ത മഹാനാണ്. ഗാന്ധിജിയുടെ സമരം ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതായിരുന്നില്ല. കറുത്ത ആഫ്രിക്കയിലെ കറുത്ത മനുഷ്യര്‍ക്കെല്ലാം വേണ്ടിയുള്ളതായിരുന്നു.

അതിനെ കറുപ്പ്, വെളുപ്പ് എന്നൊക്കെ വേര്‍തിരിക്കുന്നത് ശരിയല്ല. അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള സമരമായിരുന്നു അത്. അത്തരം ഏതെങ്കിലും സമരത്തിലെ നായികയല്ല ദേവയാനി. അവരെന്തെങ്കിലും തരത്തിലുള്ള മാനവികതയുയര്‍ത്തിപ്പിടിക്കാനല്ല ഇങ്ങനെ കലഹത്തിലേര്‍പ്പെട്ടത്.
അടുത്ത പേജില്‍ തുടരുന്നു

 


എല്ലാ തരത്തിലും ദേവയാനി ഇന്ത്യന്‍ ഭരണകൂടത്തിന്റെ യഥാര്‍ത്ഥ പ്രതിനിധി തന്നെയാണ്. അഴിമതിയുടെ കാര്യത്തില്‍, വഞ്ചനയുടെ കാര്യത്തില്‍, കാപട്യങ്ങളുടെ കാര്യത്തില്‍, വാഗ്ദാനങ്ങള്‍ പാലിക്കപ്പെടരുതെന്ന കാര്യത്തില്‍ അങ്ങിനെ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കുള്ള എല്ലാ ദുശാഠ്യങ്ങളും ദേവയാനിക്കുമുണ്ട്.


devyani-khobragade

ദേവയാനി ഇന്ത്യന്‍ നയതന്ത്ര വ്യവസ്ഥയുടെ ഭാഗമായതുകൊണ്ട് അവര്‍ക്ക് നിയമം തെറ്റിക്കാന്‍ അവകാശമുണ്ടെന്ന വാദത്തോട് ഞങ്ങള്‍ക്കെന്തായാലും യോജിക്കാനാവില്ല. ദേവയാനി എല്ലാതരത്തിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നുവെന്നും അതുകൊണ്ടവര്‍ ശിക്ഷിക്കപ്പെടരുതെന്ന വാദത്തോടും ഞങ്ങള്‍ക്ക് യോജിപ്പില്ല.

ലോകത്തിലെ ഏത് രാജ്യത്തേയും ഇന്ത്യക്കാര്‍ ഇന്ത്യന്‍ പ്രതിനിധി തന്നെയാണ്. ഇന്ത്യക്കാരനായ ഓരോ കുറ്റവാളിയും മുറിവേല്‍പ്പിക്കുന്നത് നൂറ് കോടിയിലേറെ വരുന്ന ഇന്ത്യക്കാരുടെ മനസിനെയാണ്. അവര്‍ തകര്‍ക്കുന്നത് ഇന്ത്യയുടെ അഭിമാനത്തെ തന്നെയാണ്.

അറസ്റ്റിലും തടവിലും ചോദ്യം ചെയ്യലിലുമൊക്കെ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരും നീതിന്യായ പാലകരും കാണിച്ച മനുഷ്യത്വ രഹിതവും മനുഷ്യനുള്ള ആത്മാഭിമാനത്തെ അവഹേളിക്കുന്ന തരത്തിലുള്ള ഹീനമായ മുറകളില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു.

അമേരിക്കന്‍ നീതിന്യായ വ്യവസ്ഥകളുടെ പെരുമാറ്റ രീതികളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല ഈ കാടന്‍ രീതികള്‍.

ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ആര്‍ക്കും അതിനി സംഭവിക്കാന്‍ പാടില്ല. അമേരിക്കന്‍ നീതിന്യായ വ്യവസ്ഥകളുടെ പെരുമാറ്റ രീതികളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല ഈ കാടന്‍ രീതികള്‍.

എല്ലാ തരത്തിലും ദേവയാനി ഇന്ത്യന്‍ ഭരണകൂടത്തിന്റെ യഥാര്‍ത്ഥ പ്രതിനിധി തന്നെയാണ്. അഴിമതിയുടെ കാര്യത്തില്‍, വഞ്ചനയുടെ കാര്യത്തില്‍, കാപട്യങ്ങളുടെ കാര്യത്തില്‍, വാഗ്ദാനങ്ങള്‍ പാലിക്കപ്പെടരുതെന്ന കാര്യത്തില്‍ അങ്ങിനെ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കുള്ള എല്ലാ ദുശാഠ്യങ്ങളും ദേവയാനിക്കുമുണ്ട്.

ദേവയാനിക്ക് നീതികിട്ടണമെന്ന് ബഹളം കൂട്ടുന്നവര്‍ സംഗീത എന്ന വീട്ടുവേലക്കാരിയെ മറന്നുപോവുന്നു. സംഗീത ചൂഷണം ചെയ്യപ്പെടേണ്ടവളാണ് എന്ന അര്‍ത്ഥത്തിലാണ് മാധ്യമങ്ങള്‍ പോലും വായിട്ടലക്കുന്നത്.

നമ്മുടെ രാജ്യസ്‌നേഹം ഈ രാജ്യത്തോടും ഈ രാജ്യത്തെ കോടിക്കണക്കിന് മനുഷ്യരോടുമുള്ള സ്‌നേഹമല്ലെന്ന് വെളിവാക്കപ്പെടുകയാണ്. പകരം ഭരണവര്‍ഗത്തോടാണ് പ്രീതി. അതുകൊണ്ടാണ് കുടുംബവാഴ്ചയുടേയും ഫാസിസത്തിന്റേയും ആരാധകരായി നമ്മള്‍ മാറുന്നത്.

ഭരണവര്‍ഗത്തിലുള്ള ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചാല്‍ അത് നമുക്ക് മൊത്തത്തിലുള്ള കഷ്ടമായി വ്യാഖ്യാനിക്കപ്പെടുന്നത് അങ്ങനെയാണ്. വിദേശത്തുള്ള ജയിലുകളില്‍ ചെയ്യാത്ത കുറ്റങ്ങള്‍ക്കും ചെയ്ത കുറ്റങ്ങള്‍ക്കും നരകയാതന അനുഭവിക്കുന്ന പതിനായിരങ്ങളേയും ലക്ഷങ്ങളേയും മറന്ന് ഒരു ഇന്ത്യക്കാരിയെ പറഞ്ഞ് പറ്റിച്ച് ചതിച്ച ഒരു ” കൊച്ചമ്മയെ” ധീരനായികയാക്കി ഹലേലൂയ”” പാടിക്കൊണ്ടിരിക്കുന്നത്.

വിസാ രേഖയില്‍ പറഞ്ഞിരിക്കുന്നയത്രയും കാശ് കൊടുക്കാനുള്ള വരുമാനം ദേവയാനിക്കില്ലെന്ന വാദമാണ് ഉയരുന്നത്. ഇതൊരു നാട്ടുനടപ്പാണെന്ന് ആയിരക്കണക്കിന് സാധാരണക്കാരായ ഇന്ത്യക്കാരെ വിദേശനയന്ത്ര കാര്യാലയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഇങ്ങനെ പറ്റിക്കുന്നുണ്ടെന്നും അതിനാല്‍ ദേവയാനി കുറ്റക്കാരിയല്ലെന്നുമാണ് മറ്റൊരു വാദം. കരാറില്‍ പറഞ്ഞത്ര തുക കൊടുക്കാന്‍ കഴിയില്ലെങ്കില്‍ ദേവയാനി അത്തരം ഒരു കരാറില്‍ ഏര്‍പ്പെടാന്‍ പാടില്ലായിരുന്നു.
അടുത്ത പേജില്‍ തുടരുന്നു

 


കുറേക്കാലമായി ഇന്ത്യന്‍ ഭരണാധികാരികള്‍ ഇന്ത്യയെ ഭരിക്കാനായി അമേരിക്ക നിയോഗിച്ച കാര്യസ്ഥന്‍മാരെപ്പോലെയാണ് പെരുമാറുന്നത്. അതുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റിനെ ഇന്ത്യക്കാര്‍ സ്‌നേഹിക്കുന്നുവെന്ന വിടുവായത്തം പ്രധാനമന്ത്രി നടത്തിയത്. എല്ലാ പ്രതിഷേധങ്ങളേയും മറികടന്ന് ആണവായുധ കരാറില്‍ ഇന്ത്യ ഒപ്പിട്ടത്.


devyani2

മറുനാട്ടില്‍ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നവര്‍ ഏത് തരത്തിലും ഇന്ത്യക്കാര്‍ക്ക് നല്ലൊരു മാതൃകയാകേണ്ടതാണ്. അതുകൊണ്ട് അമേരിക്കന്‍ നിയമം തെറ്റിച്ചതിന് അവര്‍ അമേരിക്കയില്‍ ശിക്ഷിക്കപ്പെടണം. ഇന്ത്യയുടെ ആത്മാഭിമാനത്തിനെ ക്ഷതമേല്‍പ്പിച്ചതിന് ഇന്ത്യയിലും ശിക്ഷിക്കപ്പെടണം.

സംഗീത എന്ന വീട്ടുവേലക്കാരിയോടും ഞങ്ങള്‍ പൂര്‍ണമായും സോളിഡാരിറ്റി പ്രഖ്യാപിക്കുന്നില്ല. ദേവയാനിയുടെ വേറൊരു പതിപ്പാണ് സംഗീത. കരാറിലെഴുതി ഒപ്പിട്ട തുക കിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടായിരിക്കണം സംഗീത അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിയത്.

അമേരിക്കയില്‍ എത്തിച്ചേരാന്‍ സംഗീത കാണിച്ച ഒരു തന്ത്രം തന്നെയായിരിക്കണം ഈ വീട്ടുവേലക്കാരിയുടെ വേഷം ചമയല്‍. അമേരിക്കയില്‍ എത്തിക്കഴിഞ്ഞാല്‍ ഉയര്‍ന്ന വേതനത്തില്‍ എവിടെയെങ്കിലും കയറിപ്പറ്റാന്‍ കഴിയുമെന്ന് അവര്‍ കണക്കുകൂട്ടിയിട്ടുണ്ടായിരിക്കണം.

അവര്‍ക്ക് വിനയായത് അവര്‍ക്ക് കിട്ടിയ “”DIPLOMATIC “” പാസ്‌പോര്‍ട്ടാണ്. അതുവെച്ച് വേറൊരു ജോലി തരപ്പെടുത്താനാവില്ല. അതുകൊണ്ട് വേറൊരു പാസ്‌പോര്‍ട്ട് നേടാനുള്ള സമ്മര്‍ദ്ദമാണ് കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചത്.

ഭരണവര്‍ഗത്തിന്റെ ഈ രാഷ്ട്രീയ കളിയില്‍ ഏതെങ്കിലും തരത്തില്‍ പക്ഷം ചേരേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. ദേവയാനിയെ കുറിച്ച് ആലോചിക്കുന്നതിന് മുന്‍പ് വിദേശ ജയിലുകളില്‍ കഴിയുന്ന സാധാരണക്കാരായ ഇന്ത്യക്കാരെ കുറിച്ച് നമുക്ക് ആലോചിക്കാം.

ദരിദ്രയായ ഒരു ഇന്ത്യക്കാരി കാണിച്ച മഹത്വാകാംക്ഷയില്‍ ഞങ്ങള്‍ പക്ഷം ചേരുന്നില്ല. ദേവയാനിയെപ്പോലെ സംഗീതയും ശിക്ഷക്കപ്പെടേണ്ടവള്‍ തന്നെയാണ്. രണ്ടുപേരും ഇപ്പോള്‍ അപമാനിച്ചിരിക്കുന്നത് ഇന്ത്യയെയാണ്, ഇന്ത്യക്കാരെയാണ്.

കുറേക്കാലമായി ഇന്ത്യന്‍ ഭരണാധികാരികള്‍ ഇന്ത്യയെ ഭരിക്കാനായി അമേരിക്ക നിയോഗിച്ച കാര്യസ്ഥന്‍മാരെപ്പോലെയാണ് പെരുമാറുന്നത്. അതുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റിനെ ഇന്ത്യക്കാര്‍ സ്‌നേഹിക്കുന്നുവെന്ന വിടുവായത്തം പ്രധാനമന്ത്രി നടത്തിയത്. എല്ലാ പ്രതിഷേധങ്ങളേയും മറികടന്ന് ആണവായുധ കരാറില്‍ ഇന്ത്യ ഒപ്പിട്ടത്.

ഇന്ത്യ ഈ തിരഞ്ഞെടുപ്പ് അടുത്ത കാലത്ത് കാണിക്കുന്ന “വെകിളി” വെറുതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണ്. ഇന്ത്യയുടെ വിദേശകാര്യമന്ത്രിയും പരിവാരങ്ങളും അമേരിക്ക ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയാണെന്ന് ആവര്‍ത്തിച്ചുപറയുമ്പോള്‍ അത് തകരരുതെന്നും തകര്‍ക്കരുതെന്നും വിലപിക്കുമ്പോള്‍ അതിനര്‍ത്ഥം ” ഞങ്ങളെ കൈവെടിയരുതെന്നും” ഞങ്ങള്‍ “അമേരിക്കയുടെ സാമന്തരാജ്യമായി നിലകൊള്ളാമെന്നും അതിനനുവദിക്കണമെന്നുമാണ്.

ജനങ്ങളുടെ മുമ്പില്‍ ഇങ്ങനെ അവഹേളിതരും അപമാനിതരുമാവുന്നതിനോടായിരിക്കും ഇന്ത്യന്‍ ഭരണവര്‍ഗത്തിന് വിയോജിപ്പ്.

ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ കാപട്യത്തിന് ഇടക്കൊക്കെ ഇത്തരം ചില ഇരുട്ടടികള്‍ നല്‍കണമെന്ന് അമേരിക്കയും ആഗ്രഹിക്കുന്നുണ്ടാകണം. അധികാരത്തിന്റെ രസതന്ത്രമാണിത്. അടിമയെ ഇടയ്‌ക്കൊക്കെ അപമാനിച്ചില്ലെങ്കില്‍ ഉടമയ്ക്ക് ഉറക്കം കിട്ടില്ല. അടിമയെ അടിമയാക്കി ഉറക്കെ പ്രഖ്യാപിക്കാന്‍ തന്നെയാണിത്.

ഭരണവര്‍ഗത്തിന്റെ ഈ രാഷ്ട്രീയ കളിയില്‍ ഏതെങ്കിലും തരത്തില്‍ പക്ഷം ചേരേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. ദേവയാനിയെ കുറിച്ച് ആലോചിക്കുന്നതിന് മുന്‍പ് വിദേശ ജയിലുകളില്‍ കഴിയുന്ന സാധാരണക്കാരായ ഇന്ത്യക്കാരെ കുറിച്ച് നമുക്ക് ആലോചിക്കാം.

സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ആയിരിക്കണക്കിന് മീന്‍പിടുത്തക്കാര്‍ ഇന്ത്യയുടെ ചുറ്റുമുള്ള രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്നുണ്ട്. അവരുടെ മോചനത്തിനായി മുറവിളി കൂട്ടാം. ദേവയാനി ഭരണവര്‍ഗത്തിന്റെ ഓമനപുത്രിയാണ്. അതിനാല്‍ ഇന്ത്യയുടെ ആത്മാഭിമാനത്തെ ആളിക്കത്തിക്കാന്‍ ദേവയാനിക്കാവില്ല.