നമ്മുടെ പ്രവാസം അവരുടെ പ്രവാസം
Discourse
നമ്മുടെ പ്രവാസം അവരുടെ പ്രവാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2013, 10:30 am

lineഇടയ്ക്കിടെ ആവി പുറംതള്ളാന്‍ പ്രഷര്‍ കുക്കറിനും കൂവാതെ വയ്യ. ” നിതാഖത്ത് അത്തരം കൂവലാണെന്ന് ഓര്‍മ്മപ്പെടുത്താം. കാരണം ഈ കുറിപ്പും ഇവിടെ നിന്ന് പോയവരെപ്പറ്റിയല്ല ഇവിടേക്ക് വന്നവരെപ്പറ്റിയാണ്. വരുന്നവരെ കുറിച്ച് ആലോചിക്കുമ്പോള്‍ പോയവരെക്കുറിച്ച് നമുക്ക് പറയേണ്ടി വരുന്നു. ബാബുഭരദ്വാജ് എഴുതുന്നു….

lineഭാഗം: ഒന്ന്


ഹൈപ് ആന്‍റ് ടൈഡ്  / ബാബു ഭരദ്വാജ്


പിറന്ന നാട് വിട്ട് അകലെ ആസാമില്‍ പണിക്ക് പോയ ” ആസാം പണിക്കാര്‍ ” കൂടണഞ്ഞിട്ട് കാലമേറെയായി. അവര്‍ കൂട്ടിലേക്കാണോ പറന്നുവന്നത്? അതല്ല മറ്റ് നാടുകളിലെ ആകാശത്തിലെ ഇല്ലാമരക്കൊമ്പുകളിലേക്കോ?[]

ആസാം പണിക്കാര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആസാമില്‍ നിന്നുള്ള പണിക്കാരെന്നേ വര്‍ത്തമാനകാലത്തിലെ മലയാളിക്ക് വായിച്ചെടുക്കാനാവൂ. എന്നാല്‍ വൈലോപ്പിള്ളിയുടെ ” ആസാം പണിക്കാര്‍ മലയാളികളാണ്.

[]പിറന്ന നാട് വിട്ട് അകലെ ആസാമിലേക്ക് കൂലിപ്പണിക്ക് പോയവര്‍. കല്‍ക്കരിയാളുന്ന തീവണ്ടിക്കുള്ളില്‍ വയറിന്റെ കാളലും മനസിന്റെ ആന്തലുമായി നാട് വിട്ടവര്‍. പാല നാരായണന്‍ നായര്‍ക്ക് ചെറുവയര്‍ നിറയാന്‍ പെരുവഴിയിലൂടെ സഹ്യപര്‍വതനിര കടന്ന് പലായനം ചെയ്യുന്നവര്‍” കേരളം വളരുന്നുവെന്നതിന്റെ സൂചനയാണ്.

ഈ വീക്ഷണ വൈരുദ്ധ്യങ്ങളില്‍ അലോസരപ്പെട്ടിട്ട് കാര്യമില്ല. എല്ലാ പലായനങ്ങളും പുറപ്പാടുകളും പലതരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. മോസ്സസിന്റെ “എക്‌സോഡക്‌സ് ” ലും മാവോദ് സേതൂങ്ങിന്റെ ലോങ് മാര്‍ച്ചിലും പറവകളുടെ ദേശാടനങ്ങളിലും അതിജീവനത്തിന്റെ ഭിന്നദര്‍ശനങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്നുണ്ട്.

കലാപങ്ങളില്‍ നിന്നുള്ള രക്ഷപ്പെടലായും കലാപം തന്നെയായും മാറാന്‍ പുറപ്പാടുകള്‍ക്കും പലായനങ്ങള്‍ക്കും കഴിയും. അതുകൊണ്ട് തന്നെ ദേശാടനങ്ങള്‍ക്കെപ്പോഴും സംശയത്തിന്റെ ആനുകൂല്യമുണ്ട്, രഹസ്യത്തിന്റെ ആവരണവുമുണ്ട്.

ദേശാടനങ്ങളെ പലപ്പോഴും ഒളിച്ചോട്ടവും രക്ഷപ്പെടലായും കാണാതാകലായും കണക്കാക്കപ്പെടുന്നതങ്ങനെയാണ്. നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാത്തതിനാല്‍ നാട് വിട്ടു എന്നാണ് പറയാറ്.

ഈ ആനുകൂല്യവും ആവരണവുമൊക്കെ വിശദീകരിക്കേണ്ട വാക്കുകളാണ്. എന്നാല്‍ കുറഞ്ഞ വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാവില്ല അതിനാല്‍ ആ സാഹസത്തിന് മുതിരുന്നില്ല, പിന്നീടൊരിക്കലാവാം.

എല്ലാ ഭരണകൂടങ്ങളും ജനതകളും പലായനങ്ങളേയും പ്രവാസങ്ങളേയും സംശയദൃഷ്ടിയോടെയാണ് നോക്കിക്കാണുന്നത്. പ്രവാസങ്ങള്‍ക്ക് അധിനിവേശമായി രൂപം മാറാന്‍ അധിക സമയം വേണ്ട എന്നുമാത്രം പറഞ്ഞുവെക്കാം.

mao-long-marchഅതിനാല്‍ എല്ലായിടങ്ങളില്‍ നിന്നും കാലാകാലങ്ങല്‍ പ്രവാസികള്‍ പലതോതില്‍ പല അളവില്‍ പുറംതള്ളപ്പെടും. പൂര്‍ണമായും പുറംതള്ളപ്പെടുന്ന കാലവും ഉണ്ടായേക്കാം.

പൂര്‍ണമായും പുറത്താക്കപ്പെടുന്നില്ല എന്ന കാര്യവും ആലോചിക്കേണ്ടതാണ്. കാരുണ്യം കൊണ്ടല്ല. അതിനും ചില സാമ്പത്തിക താത്പര്യങ്ങളുണ്ട്. പ്രഷര്‍ കുക്കറിലെ നീരാവി പോലെയാണത്.

ഇടയ്ക്കിടെ ആവി പുറംതള്ളാന്‍ പ്രഷര്‍ കുക്കറിനും കൂവാതെ വയ്യ. ” നിതാഖത്ത് അത്തരം കൂവലാണെന്ന് ഓര്‍മ്മപ്പെടുത്താം. കാരണം ഈ കുറിപ്പും ഇവിടെ നിന്ന് പോയവരെപ്പറ്റിയല്ല ഇവിടേക്ക് വന്നവരെപ്പറ്റിയാണ്. വരുന്നവരെ കുറിച്ച് ആലോചിക്കുമ്പോള്‍ പോയവരെക്കുറിച്ച് നമുക്ക് പറയേണ്ടി വരുന്നു.
doolnews-andoid
അടുത്ത പേജില്‍ തുടരുന്നു

line

നാടുകാണാനിറങ്ങുന്നവര്‍ സഞ്ചാരികളാണ്. ഊരുതെണ്ടുന്നവര്‍ വഴിപോക്കന്‍മാരും. വയറ്റുപിഴപ്പിനായി നാടുവിടുന്നവരാണ് പ്രവാസികള്‍. മലയാളിയുടെ പ്രവാസത്തിന്റെ ഭൂമിക വിസ്തൃതമാണ് വര്‍ദ്ധിത തോതിലുള്ള പ്രവാസത്തിന്റെ കാലക്കണക്കെടുത്താല്‍ ഒരു നൂറ് കൊല്ലം തികയാന്‍ പോകുന്നു.

line

pravasam-3അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ ഫിലിപ്പിനോകളും മറ്റനേകം രാജ്യക്കാരുമുണ്ട്. അവരൊക്കെ പരസ്യമായി തൊഴില്‍ തേടുകയും തൊഴിലെടുക്കുകയും ചെയ്യുന്നു. പലരും പാതവക്കില്‍ ഉറങ്ങുന്നു. ചിലരെയൊക്കെ ചിലപ്പോഴൊക്കെ നിയമം പിടികൂടുന്നു. അതിര്‍ത്തി കടത്തുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ കണ്ണുചിമ്മുന്നു.[]

കാരണം അമേരിക്കന്‍ വ്യവസായികള്‍ക്ക് വേണ്ട വിലകുറഞ്ഞ അധ്വാനമാണിവര്‍. ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും വേണ്ടാത്തവര്‍. അതിനവകാശമില്ലാത്തവര്‍. എല്ലാ നഗരങ്ങളും ചേരികള്‍ പൊളിച്ചുമാറ്റാതെ നിലനിര്‍ത്തുന്നതിന്റെ രാഷ്ട്രീയവും ഇതുതന്നെയാണ്.

സുഗന്ധപൂരിതമായ പരിഷ്‌കൃതനഗരങ്ങളെ നിലനിര്‍ത്തുന്നത് ദുര്‍ഗന്ധപൂരിതങ്ങളായ ചേരികളാണ്. പ്രവാസങ്ങളേയും നിവാസങ്ങളേയും കുറിച്ച് പറയുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ പറയാതിരിക്കുന്നത് ശരിയല്ല.

നാടുകാണാനിറങ്ങുന്നവര്‍ സഞ്ചാരികളാണ്. ഊരുതെണ്ടുന്നവര്‍ വഴിപോക്കന്‍മാരും. വയറ്റുപിഴപ്പിനായി നാടുവിടുന്നവരാണ് പ്രവാസികള്‍. മലയാളിയുടെ പ്രവാസത്തിന്റെ ഭൂമിക വിസ്തൃതമാണ് വര്‍ദ്ധിത തോതിലുള്ള പ്രവാസത്തിന്റെ കാലക്കണക്കെടുത്താല്‍ ഒരു നൂറ് കൊല്ലം തികയാന്‍ പോകുന്നു.

നമ്മളൊക്കെ ഹ്രസ്വദൃഷ്ടികളായതുകൊണ്ട് അന്‍പതുകൊല്ലത്തിനപ്പുറത്തേക്ക് നോക്കാനാവുന്നില്ല. ലോഞ്ചുകളില്‍ പോയ കേരളമേ നമ്മള്‍ കാണുന്നുള്ളൂ. ഒഴുക്ക് ഒന്നാം ലോക മഹായുദ്ധകാലം മുതല്‍ ആരംഭിച്ചിരുന്നു. കൂടിയ തോതില്‍ വടക്ക് കിഴക്കന്‍ രാജ്യങ്ങളിലേക്കും തെക്കോട്ടുമായിരുന്നു.

കൊളമ്പില്‍ പോയെന്നും റംഗൂണില്‍ പോയെന്നും പെനാങ്ങില്‍പ്പോയെന്നുമൊക്കെയാണ് അന്ന് പറയാറ്. പടിഞ്ഞാറോട്ട് പോയവര്‍ കൂലിപ്പട്ടാളക്കാരും തീര്‍ത്ഥാടകരുമൊക്കെയായിരുന്നു.

ഒരുപാട് പേര്‍ പട്ടാളക്കാരായി. വിദ്യാഭ്യാസമില്ലാത്തവര്‍ ഈ കൂട്ടരുടെയൊക്കെ സേവകപരിഷകളായി മറുനാടുകളിലെത്തി

ഇന്ത്യ വിട്ടുപോയ അത്ര തന്നെ ആള്‍ക്കാര്‍ ഇന്ത്യയ്ക്കകത്തുള്ള അനേകം നഗരങ്ങളിലേക്കും ചേക്കേറിയിരുന്നു. മുതലാളിത്തം ശക്തമായതോടെ ഉണ്ടായ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച കുത്തൊഴുക്കായിരുന്നു ഇത്.

മില്ലുകളിലേക്കും ഫാക്ടറികളിലേക്കും വാണിജ്യവ്യാപാരസ്ഥാപനങ്ങളിലേക്കും തേയിലത്തോട്ടങ്ങളിലേക്കും കച്ചവടത്തിനും വ്യവസായത്തിനും ഭരണത്തിനും കൂലിക്കാരേയും വേലക്കാരേയും കണക്കെഴുത്ത്കാരേയും കാര്യസ്ഥന്‍മാരേയും ആവശ്യമായതോടെ ബ്രിട്ടീഷുകാര്‍ പടച്ചെടുത്ത വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൂടെ ” അഭ്യസ്ഥവിദ്യരായ “ഒരു സമൂഹം മറ്റ് പല നാടുകളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ വളര്‍ന്നുവന്നു.

അവരൊക്കെ കണക്കെഴുത്തുകാരും കാര്യസ്ഥന്‍മാരും ഗുമസ്തന്‍മാരുമായി കേരളംവിട്ട് മറ്റ് നഗരങ്ങളിലേക്ക് ചേക്കേറി. ഒരുപാട് പേര്‍ പട്ടാളക്കാരായി. വിദ്യാഭ്യാസമില്ലാത്തവര്‍ ഈ കൂട്ടരുടെയൊക്കെ സേവകപരിഷകളായി മറുനാടുകളിലെത്തി.

മനുഷ്യരിങ്ങനെ നാടുവിട്ട് നാട് ചുറ്റാന്‍ തുടങ്ങിയതോടെ സത്രങ്ങളും വിടുതി വീടുകളും ഹോട്ടലുകളും ആഹാരക്കടകളും ഉണ്ടാകാന്‍ തുടങ്ങി. അവിടെ വെള്ളം കോരാനും വിറക് വെട്ടാനും അടിച്ചുതളിക്കാനും വെപ്പ് പണിക്കും വിളമ്പാനുമൊക്കെ ആള്‍ക്കാരെ വേണ്ടിവന്നു. മുന്നേപോയവരുടെ പിന്നാലെപോയവര്‍ ഈ സേവകപരിഷകളാണ്.
doolnews-andoid
അടുത്ത പേജില്‍ തുടരുന്നു

line

പണ്ട് മലയാളികള്‍ പോയി പൊറുത്ത മറുനാടുകളില്‍ നിന്ന് ഇപ്പോള്‍ ആള്‍ക്കാര്‍ കേരളത്തിലേക്കെത്തുന്നു. അത് ചരിത്രത്തിന്റെ കൊടുക്കല്‍ വാങ്ങലാണെന്ന് വിശദീകരിക്കാം. ഇപ്പറഞ്ഞതൊക്കെ സത്യമാണ്. എന്നാല്‍ യഥാര്‍ത്ഥ സത്യം മുഴുവനും ഇതിലില്ല,

line

laborഅവര്‍ക്കൊപ്പമോ അവര്‍ക്ക് പിന്നാലെയോ തെരുവ് കച്ചവടക്കാരും ചെറുകിട കച്ചവടക്കാരും പോയി. അങ്ങനെ നാടുവിട്ടവരില്‍ ഒരുഭാഗം ചെന്നെത്തിയ മറുനാടുകളില്‍ സ്ഥിരവാസികളായി.

കേരളത്തിന്റെ പല അടരുകളിലുള്ള ഈ പ്രവാസ ചരിത്രം ശരിക്കും പഠനവിധേയമാക്കിയാല്‍ അത് നിലവിലുള്ള കേരളചരിത്രത്തെ പല തരത്തിലുള്ള തിരുത്തിയെഴുത്തിന് വിധേയമാക്കും. അത്തരത്തിലുള്ള ഒരു ശ്രമവും നടക്കുന്നില്ല. പകരം നേടലിന്റേയും നഷ്ടപ്പെടലിന്റേയും വ്യക്തികഥകളായി പ്രവാസാനുഭവങ്ങള്‍ മാറുന്നു.[]

ഈ കുറിപ്പുകാരനടക്കം അതില്‍ കുറ്റവാളിയാണ്. ഒരാളുടെ ദുരന്തകഥ ഒരു സമൂഹത്തിന്റെ ദുരന്തകഥ തന്നെയാവാം. ചോറിന്റെ വേവ് നോക്കുന്നത് പോലെ ഒന്നില്‍ നിന്ന് എല്ലാം മനസിലാക്കാന്‍ കഴിഞ്ഞേക്കാം. എങ്കിലും ഒരു സമൂഹത്തിന്റെ മൊത്തം ചരിത്രം എന്ന രാഷ്രീയം ആ ആഖ്യാനങ്ങള്‍ക്ക് ഉണ്ടായിരിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

മലയാളികള്‍ ഗള്‍ഫിലേക്ക് പോയ ശൂന്യത തിരുത്താന്‍ മറുനാടുകളില്‍ നിന്ന് ആള്‍ക്കാര്‍ എത്തുന്നു എന്ന സരള രീതിയിലുള്ള വിശകലനം ശരിയല്ല. പ്രായോഗിക തലത്തില്‍ ഇവിടെ ജോലിചെയ്യാന്‍ ആളില്ലാതായപ്പോള്‍ മറുനാട്ടില്‍ നിന്ന് ആള്‍ക്കാരെത്തി എന്ന് സമാശ്വസിക്കാം.

കേരളീയരെല്ലാവരും വിദ്യാസമ്പന്നരായപ്പോള്‍ മെനക്കെട്ട് “മെക്കാട്ട് ” പണികള്‍ക്ക് ആളില്ലാതെയായി. മറുനാട്ടിലെ കൃഷിയിടങ്ങളില്‍ നിന്ന് പുറം തള്ളപ്പെട്ട പാവങ്ങള്‍ അതേറ്റെടുക്കാന്‍ തയ്യാറായി എന്നും വിശദീകരിക്കാം.

പണ്ട് മലയാളികള്‍ പോയി പൊറുത്ത മറുനാടുകളില്‍ നിന്ന് ഇപ്പോള്‍ ആള്‍ക്കാര്‍ കേരളത്തിലേക്കെത്തുന്നു. അത് ചരിത്രത്തിന്റെ കൊടുക്കല്‍ വാങ്ങലാണെന്ന് വിശദീകരിക്കാം. ഇപ്പറഞ്ഞതൊക്കെ സത്യമാണ്.

നേടലിന്റേയും നഷ്ടപ്പെടലിന്റേയും വ്യക്തികഥകളായി പ്രവാസാനുഭവങ്ങള്‍ മാറുന്നു. ഈ കുറിപ്പുകാരനടക്കം അതില്‍ കുറ്റവാളിയാണ്.

എന്നാല്‍ യഥാര്‍ത്ഥ സത്യം മുഴുവനും ഇതിലില്ല, ആഗോളവത്ക്കരണം, മനുഷ്യന്റെ ഒറ്റപ്പെടലുകള്‍, അന്യവത്ക്കരണം, രാജ്യത്തിന്റെ വളര്‍ച്ച, വിവിധ ജനതകള്‍ തമ്മിലുള്ള ബൗദ്ധികവും സാംസ്‌ക്കാരികവുമായ അകല്‍ച്ചകള്‍, വിദ്യാഭ്യാസനിലവാരത്തിലെ ഏറ്റക്കുറച്ചിലുകള്‍, പാരമ്പര്യ തൊഴിലിടങ്ങളുടെ ശോഷണം തുടങ്ങി ഒട്ടനവധി രാഷ്ട്രീയകാരണങ്ങള്‍ ഇതിനുണ്ട്.

ഇരുപത്തിയഞ്ച് ലക്ഷത്തിലേറെ മറുനാടന്‍ തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നുണ്ടെന്നും അവര്‍ ഓരോ വര്‍ഷവും പതിനെണ്ണായിരം കോടി രൂപ വീടുകളില്‍ എത്തിക്കുന്നുണ്ടെന്നുമാണ് കണക്ക്.

പ്രവാസികള്‍ കേരളത്തിലേക്കയക്കുന്ന പണത്തിന്റെ ഒരു ഭീമമായ ഭാഗം ഇങ്ങനെ മറുനാടുകളിലേക്ക് ഒഴുകുന്നുവെന്നും പറയപ്പെടുന്നു. തിരിച്ചെത്തുന്ന മലയാളി പ്രവാസിക്ക് ഈ മറുനാടന്‍ പണിക്കാരുടെ സാന്നിധ്യം അപകടകരമാംവിധം തൊഴില്‍തര്‍ക്കത്തിനും മത്സരത്തിനും കാരണമായേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

യാഥാര്‍ത്ഥ്യത്തിന്റെ ഒരു ചെറിയ ഭാഗം ഇതിലൊക്കെയുണ്ടെന്നത് സത്യമാണ്. എന്നാല്‍ മുഴുവന്‍ യാഥാര്‍ത്ഥ്യവും അറിയണമെങ്കില്‍ മറുനാടുകളില്‍ നിന്ന് കേരളത്തിലേക്കെത്തുന്നവരുടെ ശരിയായ വര്‍ഗീകരണം നടത്തേണ്ടി വരും.

അതിങ്ങനെ ചുരുക്കിപ്പറയാം. മലയാളിയുടെ മറുനാടന്‍ തൊഴില്‍ തേടലിന് ഒരു മഴവില്‍ വര്‍ണരാജിയുണ്ടായിരുന്നു. പല തട്ടുകളായി ഉണ്ടായ പ്രവാസമായിരുന്നു അത്. വിദ്യ കയ്യിലുള്ളവരും വിദ്യ കയ്യിലില്ലാത്തവരും വിദഗ്ധതൊഴിലാളികളും അവിദഗ്ധ തൊഴിലാളികളും സാങ്കേതിക വിദഗ്ധനും ഒരു സാങ്കേതികതയും കയ്യിലില്ലാത്തവരും തെരുവുകച്ചവടക്കാരും വഴിവാണിഭക്കാരും അങ്ങനെ എല്ലാ തരക്കാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കേരളത്തിലെത്തുന്ന മറുനാടന്‍മാര്‍ക്ക് ഈ സവിശേഷത അവകാശപ്പെടാനാവില്ല അക്കാര്യങ്ങള്‍ തുടര്‍ന്നെഴുതാം.

[തുടരും]