ഇല്ലാത്ത കപ്പല്‍
Discourse
ഇല്ലാത്ത കപ്പല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th June 2010, 11:09 pm

വെള്ളിക്കൊലുസ്/ബാബുഭരദ്വാജ്

ഴിഞ്ഞ ലക്കത്തില്‍ ഗീബല്‍സിനെക്കുറിച്ച് “പറഞ്ഞ്” തുടങ്ങി ഹൊമീറോ മാന്‍സിയിലെത്തി. യുദ്ധത്തിന്റെ അസത്യത്തെക്കുറിച്ച് പറയാന്‍ ബാക്കി കിടക്കുന്നു. ലോകത്തില്‍ ഇന്ന് വരെ നടന്ന എല്ലാ യുദ്ധങ്ങളും അകാരണമായിരുന്നു. അല്ലെന്ന് കരുതുന്നവര്‍ നിഷ്‌കളങ്കരാണ്. അധികാരത്തിന്റെ വൈതാളികരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്ന പാവങ്ങള്‍. ” രാജനീതി” എന്നൊന്നുണ്ടെന്ന് കരുതാന്‍ മാത്രം വിഢ്ഢികള്‍ .

ഇന്ന് അഫ്ഗാനിസ്ഥാനിലെ യുദ്ധമായാലും ഇറാഖ് അധിനിവേശമായാലും മധ്യപൂര്‍വ്വേഷ്യയിലെ അശാന്തിയായാലും ജനാധിപത്യം പുനസ്ഥാപിക്കാനുള്ള മഹനീയ ലക്ഷ്യമാണെന്ന് വിചാരിച്ച് നിര്‍വൃതിയടയുന്നവരാണ് ഏറിയ കൂറും ആളുകള്‍ . എന്നാല്‍ ഈ യുദ്ധങ്ങളെല്ലാം പെണ്ണും മണ്ണും പണവും പ്രകൃതി വിഭവങ്ങളും കയ്യടക്കാനും ലാഭത്തെ വളര്‍ത്താനുമുള്ളതാണെന്ന സത്യം അവരറിയാതെ പോകുന്നു. മധ്യപൂര്‍വ്വ ദേശത്തെ ഒടുങ്ങാത്ത എണ്ണസമ്പത്ത് കവര്‍ന്നെടുക്കാനാണ് ബുഷും അമേരിക്കയും അതിന് പിന്നാലെ ഒബാമയും യുദ്ധക്കെണിയൊരുക്കുന്നത്. ജനാധിപത്യത്തിനും ലോക സമാധാനത്തിനുമല്ല. അഫ്ഗാനിസ്ഥാനില്‍ പട്ടാളമിറക്കാന്‍ അവരുപയോഗിച്ചത് ബിന്‍ലാദനെന്ന തുരുപ്പ് ചീട്ടാണ്. ഇറാഖിനെ ആക്രമിക്കാന്‍ അവരുപയോഗിച്ചത് ഇറാഖിന്റെ കയ്യില്‍ കൂട്ടക്കൊല നടത്താന്‍ കെല്‍പ്പുള്ള രഹസ്യായുധങ്ങള്‍ ഉണ്ടെന്ന നുണ പരത്തിയാണ്. ഈ നുണ പ്രചരിപ്പിക്കാന്‍ അവര്‍ ലോകത്തെ മുഴുവന്‍ മാധ്യമങ്ങളെയും സര്‍ക്കാറുകളെയും വാടകക്കെടുത്തു. എല്ലാ യുദ്ധങ്ങളുമാരംഭിക്കുന്നത് ഇത്തരം നുണകളിലാണ്. ആക്രമിക്കാന്‍ കാരണമുണ്ടാക്കുന്നത് ആക്രമിക്കപ്പെടുന്ന രാജ്യങ്ങളല്ല, അധിനിവേശ ശക്തികളാണ്. അവര്‍ അതിര്‍ത്തികളിലും ജനമനസുകളിലും നുണ വിതക്കുന്നു.

മുസോളിനി കമ്യൂണിസ്റ്റും സോഷ്യലിസ്റ്റുമായാണ് അവതരിച്ചത്. ഹിറ്റലര്‍ സോഷ്യലിസ്റ്റായിരുന്നു. ജനങ്ങളെ ഇളക്കി മറിക്കാന്‍ രണ്ട് പേരും തിരഞ്ഞെടുത്തത് ജനപ്രിയ മുദ്രാവാക്യങ്ങളാണ്. സമത്വവും സാഹോദര്യവുമാണ് ഇവര്‍ പാടിപ്പുകഴ്ത്തിയത്.

ചരിത്രമെന്നത് വിജയികളുടെ പ്രചരണമാണെന്ന് പറഞ്ഞത് എത്ര നേരാണ്. വിജയിക്കുന്നവര്‍ എഴുതുന്ന കഥയാണ് ചരിത്രം. തോല്‍ക്കുന്നവര്‍ എപ്പോഴും അത് സ്വീകരിക്കുകയും ചെയ്യും. കാരണം ജയിക്കുന്ന അവസരങ്ങളില്‍ അത് അവര്‍ക്ക് പ്രയോജനം ചെയ്യുന്ന ഗൃഹപാഠമാണ്. ലൂയി ബെര്‍ണിയേസിന്റെ “ക്യാപ്റ്റന്‍ കോറല്‍യിയുടെ മന്‍ഡോളിന്‍” എന്ന നോവല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒറു ചെറുകഷ്ണമാണ്. അത് വെറും നോവലല്ല. ചരിത്രം തന്നെയാണ്. ബെര്‍ണിയോറസ് രണ്ടാം ലോക മഹായുദ്ധ ചരിത്രത്തില്‍ നിന്ന് ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നുണ്ട്.

“എനിക്ക് വായനക്കാരെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. മുസ്‌ലിംകളല്ല കോണ്‍സ്റ്റാന്റിനോപ്പിള്‍ തകര്‍ത്തത് കുരിശു യുദ്ധക്കാരാണ്. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ തകര്‍ച്ച അവര്‍ മുസ്‌ലിംകളുടെ പേരില്‍ കെട്ടിയേല്‍പിച്ചതാണ്”. ” മനുഷ്യവംശം ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കാന്‍ കഴിവില്ലാത്തവരാണ്” എന്നും ബെര്‍ണിയോറസ് എഴുതുന്നുണ്ട്.

മുസോളിനി ഗ്രീസിനെയും തുടര്‍ന്ന് ഇംഗ്ലണ്ടിനെയും ആക്രമിച്ചത് ഒരു ഇല്ലാത്ത കപ്പലിന്റെ കള്ളക്കഥ പറഞ്ഞിട്ടാണ്. കപ്പല്‍ ഇംഗ്ലണ്ടിന്റെ സഹായത്തോടെ ഗ്രീസുകാര്‍ തകര്‍ത്തുവെന്ന നുണ. ഇത്തരം ഇല്ലാത്ത കപ്പല്‍ ദുരന്തങ്ങള്‍ ഭരണകൂടം എല്ലാ കാലത്തും ഉപയോഗപ്പെടുത്തുന്നുണ്ട്. അതിര്‍ത്തിയിലെ ഇല്ലാത്ത ആക്രമണങ്ങള്‍ . ഇല്ലാത്ത കൈയ്യേറ്റങ്ങള്‍ , എല്ലാം യുദ്ധം തുടങ്ങാനുള്ള പുകമറകളാണ്. ഇതൊന്നുമല്ലാത്ത സാധാരണ കാലങ്ങളിലും രാജ്യത്തിനുള്ളിലെ എതിരാളികളെ തകര്‍ക്കാന്‍ അനിഷ്ടം തോന്നുന്ന വംശങ്ങളെയും ഗോത്രങ്ങളെയും ജനതകളെയും തകര്‍ക്കാന്‍ ഭീകരതയുടെ കള്ളക്കഥകള്‍ ഭരണകൂടങ്ങള്‍ സൃഷ്ടിക്കുന്നു.

അത്‌കൊണ്ട് തന്നെ ഭരണകൂടത്തിന്റെ വാക്കുകള്‍ അവിശ്വാസത്തോടെയാണ് ഞാന്‍ ചെവിക്കൊള്ളുന്നത്.