Hype and tide / ബാബു ഭരദ്വാജ്
സിനിമയെ നന്നാക്കാന്‍ സിനിമയ്ക്ക് മാത്രമേ കഴിയൂ. സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് കഴിയില്ല, സിനിമാക്കാര്‍ക്ക് കഴിയില്ല, ഭരണകൂടത്തിന് കഴിയില്ല, ആസ്വാദകരായ ജനലക്ഷങ്ങള്‍ക്ക് പോലും കഴിയില്ല. സിനിമ നന്നാകണമെന്ന് സിനിമയ്ക്ക് തന്നെതോന്നണം. ആദ്യം കേള്‍ക്കുമ്പോള്‍ ഒരു തമാശയായി തോന്നിയേക്കാം. സിനിമയ്ക്ക് അങ്ങിനെ സ്വയം നന്നാകാന്‍ കഴിയുമോ?
മനുഷ്യര്‍ക്ക് പോലും സ്വയം നന്നാകാന്‍ കഴിയാത്ത കാലത്താണോ സിനിമ സ്വയം നന്നാകുന്നത് ! ? നന്നായില്ലെങ്കില്‍ ഇല്ലാതാവും എന്ന് ബോധ്യപ്പെടുന്ന നിമിഷത്തില്‍ ആരും നന്നാകാന്‍ ഒരു ശ്രമം നടത്തും എന്ന ഒരു ചെറിയ ആശകൊണ്ടാണ് ഇങ്ങനെ പറഞ്ഞുപോകുന്നത്.
അതുപോലെ സിനിമ ഇല്ലാതാകുന്ന കാലത്ത് സിനിമയ്ക്ക് പോലും ഒന്ന് നന്നായാലെന്തെന്ന് തോന്നും. ജീവജാലങ്ങല്‍ക്ക് അതിജീവന ത്വരയുള്ളതുപോലെ മനുഷ്യന്‍ സൃഷ്ടിച്ചതിനൊക്കെ നിലനില്‍പ്പിന്‍റെ അത്തരം ഒരു ആശങ്ക ഉണ്ടാവാതിരിക്കാന്‍ വഴിയില്ല.
ശരിക്കും മലയാള സിനിമയെ ലാളിച്ച് വഷളാക്കിയത് മലയാളിയാണ്. എല്ലാ പത്ര ദൃശ്യമാധ്യമങ്ങളേയും സിനിമകൊണ്ട് നിറച്ചതും മലയാളിയുടെ വികലമായ സാംസ്കാരിക ബോധമാണ്. അവരാണ് സിനിമയില്‍ താരരാജാക്കന്‍മാരെ പ്രതിഷ്ഠിച്ചതും.
ആ താരരാജാക്കന്‍മാരാണ് ആനയിറങ്ങിയ കരിമ്പിന്‍തോട്ടം പോലെ മലയാളിയുടെ അവശേഷിച്ച ഒരേഒരു വിനോദമാര്‍ഗത്തെ ഇങ്ങനെ നാശകോശമാക്കിയത്. എത്രവേഗത്തിലും സാമര്‍ത്ഥ്യത്തിലുമാണ് സിനിമാ കച്ചവടക്കാന്‍ മലയാളിയുടെ മറ്റെല്ലാ സര്‍ഗാത്മക പ്രക്രിയകളേയും കാര്‍ന്ന് തിന്നൊടുക്കിയതും വിനോദമേഖലയെ സിനിമയ്ക്ക് കീഴ്പ്പെടുത്തിയതും.
നൃത്തം നാടകം, ആട്ടം, പാട്ട് തുടങ്ങിയ എല്ലാകലകളേയും അതില്ലാതാക്കുകയോ വെറും മ്യൂസിയം പീസുകളാക്കി മാറ്റുകയോ ചെയ്തു. അവയെല്ലാമിപ്പോല്‍ റിയാലിറ്റിഷോ എന്ന ഒട്ടും യാഥാര്‍ത്ഥ്യബോധമില്ലാത്തതും കലകൊണ്ട് ചൂതാട്ടം നടത്തുന്നതുമായ ഒരു ദൃശ്യ മിമിക്രിയുടെ ഭാഗമായി മാറിയിരിക്കുന്നു. എല്ലാകലകളേയും പോലെ സിനിമയും സാമൂഹ്യമാറ്റത്തിനുള്ള ശക്തമായ ഒരു ആയുധം ആവേണ്ടതായിരുന്നു. നാടകങ്ങളെ കൊടുങ്കാറ്റാക്കിയ കേരളീയര്‍ എന്തുകൊണ്ടോ സനിമയെ ഒരു നിര്‍ഗുണ പരബ്രഹ്മമാക്കി.
തിരക്കഥയെഴുത്തുകാരനേയും സംവിധായകനേയും ഛായാഗ്രാഹകനേയും എല്ലാം അടിമകളാക്കി. തങ്ങളുടെ താരപ്പൊലിമയെന്ന ആഹംഭാവത്തെ തൃപ്തിപ്പെടുത്തുന്ന വികല സിനിമകളുടെ ശരിക്കുള്ള ജനയിതാക്കള്‍ താരരാജാക്കന്‍മാരായി. ആ സനിമകളില്‍ സനിമയുണ്ടായിരുന്നില്ല. ആ നടന്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
തോണൂറുകളിലെ സനിമകള്‍ ഈ താരരാജക്കന്‍മാരുടെ തല്‍സ്വരൂപങ്ങളായിരുന്നു. മറ്റ് രാജ്യങ്ങളിലെ ആസ്വാദകര്‍ ഈ സിനിമകള്‍ കണ്ടാല്‍ കേരളത്തിലെ മുഴുവന്‍ ആളുകളും വിഢികളാണെന്നോ ബുദ്ധിമാന്ദ്യം ഉള്ളവരാണെന്നോ വിചാരിക്കുന്ന വിധമായിരുന്നു അന്നത്തെ സിനിമകളിലെ കഥകളും കഥാപാത്രങ്ങളും. പറയുന്നതൊക്കെ വിവരക്കേട്, കാണിക്കുന്നതൊക്കെ തോന്ന്യാസം, ഹാസ്യമെന്നപേരില്‍ തെറി. 2000 തുടങ്ങിയതോടെ ആ രൂപവും മാറി.
നമ്മുടെ താരപ്രഭുക്കള്‍ക്ക് ധീരശൂര പരാക്രമികളാകാന്‍ തോന്നി. അങ്ങനെയാണ് അവരെല്ലാം ശുംഭന്‍മാരായ തല്ലുകൊള്ളികളും തെമ്മാടികളുമാവുന്നത്. അതാണ് വീരശൂരപരാക്രമ വിക്രമമെന്നൊക്കെ തോന്നാന്‍ തുടങ്ങി. അങ്ങിനെ താന്തോന്നിമാരും പ്രമാണിമാരും പോക്കിരിരാജകളും അങ്ങനെ എല്ലാപാഷാണ കഥകളും കഥാപാത്രങ്ങളുമുണ്ടായി.
മാത്രമല്ല ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരേയും വഴങ്ങാത്തവരേയും സിനിമയില്‍ നിന്ന് പുറംതള്ളുക എന്ന പണികൂടെ തുടങ്ങി. ഈ അവസ്ഥയിലാണ് മലയാള സിനിമയെ മലയാളി കൈയോഴിയാന്‍ തുടങ്ങിയത്. ഇന്ന് കേരളത്തിലെ ഒരറ്റംമുതല്‍ മറ്റേയറ്റം വരെ സഞ്ചരിച്ചാല്‍ ഏറ്റവും കൂടുതല്‍ കാണുന്നത് പൊളിച്ചുമാറ്റിക്കൊണ്ടിരിക്കുന്ന തീയേറ്ററുകളായിരിക്കും. മലയാള സിനിമകള്‍ ഓടാത്ത തീയേറ്ററുകളില്‍ തമിഴ് സിനിമകള്‍ തകര്‍ത്ത് ഓടുന്നുണ്ട്.
മലയാള സനിമയുടെ അപചയത്തെക്കുറിച്ചല്ല ഈ കുറിപ്പ്. അത് പോയിതുലഞ്ഞാലും മലയാളിക്ക് ഒരുചുക്കും സംഭവിക്കാനില്ല. മലയാളിയുടെ സാംസ്കാരിക അവബോധത്തിന് ഒരു തേയ്മാനവും സംഭവിക്കാന്‍ പോകുന്നില്ല. അതൊരു സാംസ്കാരിക നഷ്ടവുമല്ല. മലയാള സിനിമയെ രക്ഷിക്കാന്‍ എന്നപേരില്‍ സര്‍ക്കാര്‍ കൈക്കൊള്ളാന്‍ പോകുന്ന ചില നടപടികളോടുള്ള വിയോജിപ്പാണ് രേഖപ്പെടുത്താനുള്ളത്.
രണ്ട്
മലയാള സിനിമയെ രക്ഷിക്കാന്‍ ഓരേയൊമാര്‍ഗമേ ഉള്ളൂ. പടിക്ക് പുറത്താക്കി പിഢം വെയ്ക്കുക. ആരെയൊക്കെ എന്ന് പേരെടുത്ത് പറയേണ്ടകാര്യമില്ല. മലയാള സിനിമകള്‍ പൊട്ടിപൊളിയാനുള്ള പലകാരണങ്ങലില്‍ ചിലതിതാണ്.
1, ഉത്പാദന ചിലവിലുണ്ടായ വര്‍ദ്ധന. കുത്തനെയുണ്ടായ വര്‍ദ്ധനവ് എന്ന് തന്നെവേണം പറയാന്‍. അതിനൊരു പ്രധാനകാരണം താരപ്രഭുക്കള്‍ പിഴിഞ്ഞെടുക്കുന്ന കോടികളാണ്.
2, ഭാവനാ ശൂന്യരായ താരങ്ങള്‍ സിനിമാ രചനയുടെ എല്ലാരംഗങ്ങളും കൈയ്യടക്കിയത്.
3, സംവിധായകരും തിരക്കഥാകൃത്തുക്കളും അപ്രസക്തരാകുകയും താരങ്ങള്‍ ശക്തരാവുകയും ചെയ്തത്.
4, സിനിമ, സംവിധായകന്‍റെ കലയാകുന്നതിന് പകരം താരത്തിന്‍റെ വികൃത സൃഷ്ടിയായത്.
സിനിമയുടെ മറ്റ് എല്ലാ ജീര്‍ണ്ണതകള്‍ക്കുമുള്ള മറ്റ് കാരണങ്ങള്‍ ഇതില്‍ നിന്നുണ്ടായതാണ്.
കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങല്‍ വളരെ രസകരമാണ്. തൊണ്ണൂറുകളിലെ സിനിമകളിലെ മന്ദബുദ്ധിയായ നായകന്‍മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പോലുള്ള ഒന്ന്. അതിതാണ്, എല്ലാ സനിമകളുടേയും നിര്‍മ്മാണ ചിലവിന്‍റെ 75% സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. എല്ലാ സിനിമകളും എന്ന് പറഞ്ഞാല്‍ ഈ താന്തോന്നികളും പ്രമാണികളും പോക്കിരി രാജകളും ഒക്കെ അതില്‍പെടും. 1980 കളില്‍ ശ്വാസം മുട്ടിമരിച്ച യഥാര്‍ത്ഥ സിനിമകളെ രക്ഷിക്കാന്‍പോലും ഒരു ഭരണകൂടവും മുന്നോട്ട് വന്നില്ലെന്നോര്‍ക്കണം.
സബ്സിഡിക്കുള്ള പണം ജനങ്ങള്‍ തന്നെയാണ് കൊടുക്കേണ്ടത്. ടിക്കറ്റുകളില്‍ നിന്നുള്ള നികുതിപണമാണ് ഈ വൃത്തികെട്ട സിനികള്‍ക്കായും അതുവഴി ഈ താന്തോന്നികള്‍ക്കായും സര്‍ക്കാര്‍ വീതം വെയ്ക്കാന്‍ പോകുന്നത്. അതിന്‍റെ അര്‍ത്ഥം ഇതുവരെ പഞ്ചായത്തുകള്‍ക്കും മുനിസിപാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കും കിട്ടിക്കൊണ്ടിരുന്ന പണം ഇനിമുതല്‍ പോക്കിരി രാജക്കന്‍മാരുടെ കീശയിലേക്കാണ് പോവുക എന്നതാണ്.
ഇതിനേക്കാള്‍ വിനാശം നിറഞ്ഞതാണ് ഈ തീരുമാനം. ഏത് വഷളനും ജനങ്ങളുടെ ചിലവില്‍ ഏത് വഷളത്തരവും സിനിമയാക്കാം, കൈപൊള്ളില്ല. നഷ്ടവും വരില്ല. എല്ലാവൃത്തികേടുകള്‍ക്കും പ്രേരണയും പരിപോഷണവുമാകുന്ന ഈ തീരുമാനം ഏറ്റവും നിന്ദ്യവും ജനവിരുദ്ധവുമാണ്. അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുക തന്നെവേണം.
Malayalam Film Critics, Babu Bharadwaj, Mohanlal, Mammooty, Prithvi Raj, Malayalam Films