നമ്മുടെ തകരുന്ന വിശ്വാസങ്ങള്‍
Discourse
നമ്മുടെ തകരുന്ന വിശ്വാസങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th November 2013, 11:37 am

“”സ്വാതന്ത്ര്യം, നീതി, നിര്‍ഭയത”” എന്ന അതിന്റെ മുദ്രാവാക്യം കൃത്യമായും സത്യമാണെന്ന് നമ്മളൊക്കെ കരുതിയിരുന്നു. ആ മുദ്രാവാക്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നിര്‍ഭയമായി സ്ത്രീകളെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള സ്വാതന്ത്ര്യമാണ് എന്ന് അതിന്റെ ദിവ്യനായ പത്രാധിപകന്‍ സംശയലേശമില്ലാതെ ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്.


tarun-tejpal-1.


എഡിറ്റോ-റിയല്‍/ബാബു ഭരദ്വാജ്

നമ്മുടെ രാഷ്ട്രീയത്തിലെ ഒരുപാട് കൊള്ളരുതായ്മകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമമാണ് തെഹല്‍ക. അഴിമതിയുടെ കൂടാരങ്ങളില്‍ പടയോട്ടം നടത്തി നമ്മുടെ പൊതുബോധങ്ങളെ അതിശയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്ത ഈ മാധ്യമപ്രവര്‍ത്തനത്തെ ധീരമെന്നാണ് വാഴ്ത്തപ്പെട്ടിരുന്നത്.

ഗുജറാത്തിലെ നരഹത്യയും അതിലെ ഭരണകൂടത്തിന്റെ പങ്കാളിത്തവും ആയുധ ഇടപാടിലെ കുംഭകോണങ്ങളും പാര്‍ട്ടി നേതാക്കളുടെ വഴിപിഴച്ച പണ സമ്പാദനവും ഒക്കെ വലിച്ച് പുറത്തിട്ട”” തെഹല്‍ക്ക””യും അതിന്റെ പ്രവര്‍ത്തകരും അപകടകരമായി മാധ്യമ പ്രവര്‍ത്തനം കയ്യാളിയവരാണ്.

അതുകൊണ്ടുതന്നെയാണ് അവരെ ധീരരായി നമ്മുടെയൊക്കെ നിഷ്‌കളങ്കബോധം വാഴ്ത്തിയത്. എന്നും രക്ഷകരെ  കാത്തിരിക്കുന്ന പൊതുജനങ്ങള്‍ ആ മാധ്യമപ്രസ്ഥാനത്തേയും അതിന്റെ പ്രവര്‍ത്തകരേയും രക്ഷകരായി കരുതി.

ആ രക്ഷക സമൂഹത്തിന്റെ അപ്പോസ്തലനായിരുന്നു അതിന്റെ പത്രാധിപരായ തരുണ്‍ തേജ്പാല്‍. ആരും ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടാതിരുന്ന മണിപ്പൂരിലെ സായുധസേനാ പ്രത്യേകാധികാര നിയമം എന്ന കാടന്‍ നിയമത്തിന്റെ അത്യന്തവും ക്രൂരവും നിന്ദ്യവുമായ ഉള്ളുകളികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ തെഹല്‍ക്ക കാണിച്ച ധൈര്യവും ജനങ്ങളെ കോള്‍മയിര്‍ കൊള്ളിച്ചു.

tehelka1“”സ്വാതന്ത്ര്യം, നീതി, നിര്‍ഭയത”” എന്ന അതിന്റെ മുദ്രാവാക്യം കൃത്യമായും സത്യമാണെന്ന് നമ്മളൊക്കെ കരുതിയിരുന്നു. ആ മുദ്രാവാക്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നിര്‍ഭയമായി സ്ത്രീകളെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള സ്വാതന്ത്ര്യമാണ് എന്ന് അതിന്റെ ദിവ്യനായ പത്രാധിപകന്‍ സംശയലേശമില്ലാതെ ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്.

പത്രാധിപന്റെ ഈ അതിരുവിട്ട കളികളെ മൂടിവെയ്ക്കാനുള്ള വിഫലശ്രമമാണ് തെഹല്‍ക്കയും അതിന്റെ നടത്തിപ്പുകാരും ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. അതാണ് പ്രശ്‌നം.

അവിടെയാണ് ഞങ്ങളുടെ വിയോജിപ്പ്. ഇവിടെ ലൈംഗികതയോ സദാചാരമോ മൂല്യങ്ങളോ പെരുമാറ്റമോ ഒന്നുമല്ല തര്‍ക്കവിഷയം. അത്തരത്തില്‍ ഈ വര്‍ഗീകരണം നടത്തി ആണിനേയും പെണ്ണിനേയും നിതാന്തവൈരികളാക്കുന്നതിനോടും ഞങ്ങള്‍ക്ക് യോജിപ്പില്ല.

ഇതെല്ലായിടത്തും നടക്കുന്നതാണെന്നും മാധ്യമങ്ങള്‍ അതില്‍ നിന്നൊഴിവല്ല എന്നാണിത് കാണിക്കുന്നതെന്നും വാദിച്ച് തരുണ്‍ തേജ്പാലിന്റെ നീചവൃത്തിയെ നാട്ടുനടപ്പായോ അനുഷ്ഠാനമായോ ആചാരമായോ മാറ്റുന്നതിനോടും ഞങ്ങള്‍ വിയോജിക്കുന്നു.

തരുണ്‍ തേജ്പാല്‍ സമ്മതിച്ചതുപോലെ “”അറിയാതെ പറ്റിയ തെറ്റായോ “” “”പരിതസ്ഥിതികള്‍ വിലയിരുത്തുന്നതില്‍ പറ്റിയ അബദ്ധമായോ “” സമൂഹത്തിനെ ബാധിച്ച “”എഴുത്തായോ”” “”കാറ്റുവീഴ്ചയായോ “” “” അര്‍ബുദമായോ” സിദ്ധാന്തവല്ക്കരിക്കുന്നതിനോടും ഞങ്ങള്‍ വിയോജിക്കുന്നു.

[]ഇതൊരു വിശ്വാസത്തിന്റെ പ്രശ്‌നമാണ്. അതാണേറ്റവും പ്രധാനം. ഇതുവരെ സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും രാഷ്ട്രവ്യവഹാരങ്ങളിലും മാനുഷിക പ്രശ്‌നങ്ങളിലും മാനവികവും സാമൂഹികപരമായ മറ്റെല്ലാ അവസ്ഥകളിലും തരുണ്‍ തേജ്പാലും തെഹല്‍ക്കയും പുലര്‍ത്തിയെന്നു പറയുന്ന വിശ്വാസ്യതയുടെ തകര്‍ച്ചയാണിത്.

അതാകട്ടെ ഇനിയൊരിക്കലും പുന:സ്ഥാപിക്കാന്‍ പറ്റുകയുമില്ല. അതത്ര നിസ്സാരവുമല്ല. എല്ലാം നഷ്ടപ്പെടുന്ന ഒരു ജനതക്ക് വിശ്വാസം കൂടി നഷ്ടപ്പെടുന്നത് “”ഭീകരമാണ്””. അതുകൊണ്ടാണ് ഈ സംഭവം തന്നെ അമ്പരപ്പിക്കുന്നില്ലെന്നും പകരം ഹൃദയം തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും അരുന്ധതി റോയ് പ്രസ്താവിക്കുന്നത്.

ഈ സംഭവത്തിനുശേഷം അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ തരുണ്‍ തേജ്പാല്‍ നടത്തുന്നതും ആരോപണങ്ങള്‍ പിന്‍വലിപ്പിക്കാന്‍ തരുണ്‍ തേജ്പാലിന്റെ ബന്ധുക്കള്‍ നടത്തുന്നതും ആയ കുത്സിത ശ്രമങ്ങള്‍ കൂടി കാണുമ്പോള്‍ നമ്മുടെയൊക്കെ പൊട്ടിത്തകര്‍ന്ന ഹൃദയങ്ങള്‍ വിറങ്ങലിക്കുകയും ചെയ്യുന്നു.

“തെഹല്‍ക്ക” ഇപ്പോള്‍ ചരിത്രത്തില്‍ നിന്നും തന്നെ നിഷ്‌കാസിതമാവുന്നതിനാണ് നമ്മളിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. സ്വതന്ത്രവും നിര്‍ഭയവും നീതിയിലധിഷ്ഠിതവുമായ ഒരു മാധ്യമത്തിന്റെ അപ്രത്യക്ഷമാവല്‍ മാത്രമല്ലിത്, അതിന്റെ ചരിത്രം കൂടിയാണ് ഇല്ലാതാവുന്നത്.

അടുത്ത പേജില്‍ തുടരുന്നു

 


നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിര്‍ഭയമായി പോരാടുന്ന അവസാനത്തെ മാധ്യമത്തേയും ഖനിലോബിയും കോര്‍പ്പറേറ്റ് മാഫിയയും വിലക്കെടുത്തുവെന്നതിന്റെ ഏറ്റവും അവസാനത്തെ സൂചനയായിരുന്നു തെഹല്‍ക ഖനി മാഫിയകളുടെ പങ്കാളിത്തത്തോടെയും സാമ്പത്തിക സഹായത്തോടെയും ഗോവയില്‍വെച്ച് നടത്തിയ “” തിങ്ക് ഫെസ്റ്റ്””- ബി.ജെ.പിക്കാര്‍ ആവര്‍ത്തിച്ചു നടത്താറുള്ള “”ചിന്തന്‍ ശിബിര്‍ “”തന്നെയാണ് ഈ “”ചിന്തോത്സവം( think Fest) അഥവാ “”വിചാരമേള””.


 

tarun-tehelka

ഇതുവരെ തെഹല്‍ക്ക പൊട്ടിച്ച വെടികളെല്ലാം പൊയ് വെടികളാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുവെന്നതാണ് ഏറെ പരിതാപകരം. തെഹല്‍ക്കയില്‍ നിന്നുള്ള കൂട്ടരാജിയല്ല ഞങ്ങള്‍ അര്‍ഥമാക്കുന്നത്, തെഹല്‍ക്കയുടെ ആത്മാവിന്റെ നഷ്ടം തന്നെയാണ്.

നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിര്‍ഭയമായി പോരാടുന്ന അവസാനത്തെ മാധ്യമത്തേയും ഖനിലോബിയും കോര്‍പ്പറേറ്റ് മാഫിയയും വിലക്കെടുത്തുവെന്നതിന്റെ ഏറ്റവും അവസാനത്തെ സൂചനയായിരുന്നു തെഹല്‍ക ഖനി മാഫിയകളുടെ പങ്കാളിത്തത്തോടെയും സാമ്പത്തിക സഹായത്തോടെയും ഗോവയില്‍വെച്ച് നടത്തിയ “” തിങ്ക് ഫെസ്റ്റ്””- ബി.ജെ.പിക്കാര്‍ ആവര്‍ത്തിച്ചു നടത്താറുള്ള “”ചിന്തന്‍ ശിബിര്‍ “”തന്നെയാണ് ഈ “”ചിന്തോത്സവം( think Fest) അഥവാ “”വിചാരമേള””.

ജനങ്ങളുടെ കാര്യങ്ങള്‍ വിളിച്ചു പറഞ്ഞ് ജനപ്രീതി നേടിയ ഒരു മാധ്യമത്തെ വിലക്കെടുക്കാന്‍ എളുപ്പമാണെന്ന് കോര്‍പ്പറേറ്റുകള്‍ക്ക് അറിയാം. ജനപ്രീതിയുള്ള ഒരു മാധ്യമത്തിന് വിലപേശല്‍ എളുപ്പമാണെന്ന് തെഹല്‍ക്കയുടെ നടത്തിപ്പുകാരും തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

അതുകൊണ്ട് തന്നെ ഇപ്പോള്‍ മൗനം പാലിക്കുന്നത് ചതിയാണെന്ന് ഞങ്ങള്‍ കരുതുന്നു. മൗനം ഒരു സമ്മതമാണെന്നറിയുക. മൗനത്തിലൂടെ നമ്മള്‍ നമ്മളെ വില്‍ക്കുകയാണ് ചെയ്യുന്നത്. മനുഷ്യര്‍ മിണ്ടാപ്രാണികളാവുന്ന കാലത്തിലേക്കാണ് ഇത്തരമൊരു നിശബ്ദകാലം നമ്മളെ നയിക്കുക.

ചെയ്ത കുറ്റത്തിന് സ്വയം ശിക്ഷവിധിച്ച് ആറുമാസക്കാലം വനവാസം നടത്താന്‍ തരുണ്‍ തേജ്പാല്‍ തീരുമാനിക്കുന്നതോടെ തരുണ്‍ ഒരു പുതിയ നിയമവ്യവസ്ഥയാണ് സൃഷ്ടിക്കുന്നത്.

എല്ലാ കുറ്റവാളികള്‍ക്കും രക്ഷപ്പെടാനുള്ള ഈ കുറുക്കുവഴി നമ്മുടെ നിയമ വ്യവസ്ഥയില്‍ എഴുതിച്ചേര്‍ക്കുന്നത് ഒരു തമാശ നാടകത്തിന്റെ ന്യായമുക്തമായ പരിസമാപ്തിയായിരിക്കും. കുറ്റവാളികള്‍ സ്വയം ശിക്ഷവിധിക്കാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ വകുപ്പുകളുണ്ടോ?

സാധാരണ മനുഷ്യരുടെ സ്വപ്‌നങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീഴുന്ന വല്ലാത്തൊരു കാലത്താണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. അല്ല കഴിഞ്ഞുകൂടുന്നത്. ബോര്‍ഹസ്സാണിങ് പറഞ്ഞതുപോലെ ഇപ്പോള്‍ ആരും ജീവിക്കുന്നില്ല, കഴിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. ജീവിക്കലിന്റേയും കഴിഞ്ഞുകൂടലിന്റേയും ഇടയില്‍ മാനവികതയുടെ ഒരു പെരുങ്കടലാണുള്ളത്. ആ പെരുങ്കടല്‍ താണ്ടാന്‍ മനുഷ്യര്‍ നടത്തുന്ന തീവ്ര യജ്ഞങ്ങള്‍ക്കിടയിലാണ് ഈ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നത്. ജീവിക്കലിന്റേയും കഴിഞ്ഞു കൂടലിന്റേയും ഇടയിലുള്ള കീഴടങ്ങലിന്റെ കപ്പല്‍ച്ചേതമാണ്.

അതുകൊണ്ട് തന്നെ ഇപ്പോള്‍ മൗനം പാലിക്കുന്നത് ചതിയാണെന്ന് ഞങ്ങള്‍ കരുതുന്നു. മൗനം ഒരു സമ്മതമാണെന്നറിയുക. മൗനത്തിലൂടെ നമ്മള്‍ നമ്മളെ വില്‍ക്കുകയാണ് ചെയ്യുന്നത്. മനുഷ്യര്‍ മിണ്ടാപ്രാണികളാവുന്ന കാലത്തിലേക്കാണ് ഇത്തരമൊരു നിശബ്ദകാലം നമ്മളെ നയിക്കുക.

അതോടെ നമ്മുടെ മനസാക്ഷി രക്തംപൊടിച്ചു ചോരതുപ്പി സ്വയം മരണം വരിക്കും. അതുകൊണ്ടാണ് തരുണ്‍ തേജ്പാല്‍ നിയമത്തിന് മുമ്പില്‍ കീഴ
ടങ്ങണമെന്നും അറസ്റ്റില്‍ നിന്നും കുറ്റവിചാരണയില്‍ നിന്നും രക്ഷപ്പെടാന്‍ തരുണ്‍ തേജ്പാല്‍ നടത്തുന്ന ഹീനശ്രമങ്ങളെ ചെറുത്ത് തോല്പിക്കണമെന്നും ഞങ്ങള്‍ മാധ്യമലോകത്തോടും ബഹുജനങ്ങളുടെ പൊതുബോധത്തോടും ശക്തിയായി ആവശ്യപ്പെടുന്നത്.

ഒരു പാവം പെണ്‍കുട്ടി തന്റെ ശരീരത്തോട് ഒരു മാധ്യമ മുഖ്യന്‍ നടത്തിയ കയ്യേറ്റത്തിനെതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമല്ല, മാധ്യമസ്ഥാപനത്തിലെ ആയിരക്കണക്കിന് മാധ്യമ പ്രവര്‍ത്തകരായ സ്ത്രീകള്‍ സ്ഥാപനങ്ങളിലെ മാധ്യമ മേധാവികള്‍ നടത്തുന്ന ലെംഗിക ചൂഷണത്തിനെതിരെ നടത്തുന്ന പ്രതീകാത്മകമായ അവകാശ സമരം പോലുമല്ല. സ്ത്രീസമൂഹം പൊതുവെ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയ്‌ക്കെതിരെ പെട്ടെന്നുണ്ടായ ഒരു മാനസിക ക്ഷോഭം പോലുമല്ല. മറ്റേതെങ്കിലും മാധ്യമമായിരുന്നെങ്കില്‍ ഇത്തരം ചില സാഹചര്യങ്ങളില്‍ നടത്തുന്ന അത്യന്തം പരിമിതമായ ഒരു ലൈംഗിക കുറ്റമായി ഇത് മാറിയേനെ.

shoma-choudaryഎന്നാല്‍ ഈ ക്രൂരകൃത്യം ഇതിലൊന്നും ഒതുങ്ങുന്നില്ല. ഒരു വിശ്വാസത്തിന്റെ സമ്പൂര്‍ണമായ തകര്‍ച്ചയാണ് ഈ സംഭവത്തിന്റെ കാതല്‍. ജനങ്ങളെ ആര് രക്ഷിക്കും, ഒരുപക്ഷത്തുള്ളവര്‍ ആരാണ് എന്നൊക്കെയുള്ള ഒട്ടനവധി മൗലിക പ്രശ്‌നങ്ങളാണ് ഈ സംഭവത്തില്‍ അടങ്ങിയിരിക്കുന്നത്. സ്വയം രക്ഷപ്പെടാന്‍ തേജ്പാല്‍ നടത്തുന്ന ഹീനശ്രമങ്ങള്‍ അതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.

ആര് കണ്ടില്ലെങ്കിലും ദൈവം കാണുമെന്നും ആര് തള്ളിക്കളഞ്ഞാലും ദൈവം തള്ളിക്കളയില്ലെന്നും സാമാന്യ ജനങ്ങള്‍ വിശ്വസിക്കുന്നു. ജനങ്ങള്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഭരണാധികാരികള്‍ രക്ഷക്കെത്തിയില്ലെങ്കില്‍ ജനപ്രതിനിധികള്‍ കൂടെയുണ്ടാവുമെന്നും, ജനപ്രതിനിധികള്‍ സഹായിച്ചില്ലെങ്കില്‍ കോടതി ഇടപെടുമെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു.

എന്തൊക്കെ സംഭവിച്ചാലും ഒടുക്കം മാധ്യമങ്ങള്‍ കൂടെയുണ്ടാവുമെന്നും ജനങ്ങള്‍ ആശ്വസിച്ചിരുന്നു. ആ വിശ്വാസമാണ് ഇവിടെ തകര്‍ന്ന് തരിപ്പണമാവുന്നത്. എല്ലാം പരാജയപ്പെടുമ്പോഴും മാധ്യമങ്ങള്‍ ജനരക്ഷയ്‌ക്കെത്തുമെന്ന വിശ്വാസത്തിന്റെ തകര്‍ച്ച ഭീകരമാണ്. രക്ഷിക്കാന്‍ ദൈവങ്ങള്‍ പോലും ഇല്ലാത്ത ഒരവസ്ഥയാണ്.

തെഹല്‍ക്കയും തേജ്പാലും ജനങ്ങളെ നിരായുധരാക്കുകയാണ് ചെയ്യുന്നത്. ജനാധിപത്യത്തിന്റെ മരണമണിയാണ് മുഴങ്ങുന്നതെന്ന് ഞങ്ങള്‍ കരുതുന്നു. ഭരണകൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തേജ്പാലിന്റെ രക്ഷയ്‌ക്കെത്തുകയാണെങ്കില്‍ ജീവിക്കാന്‍ ജനങ്ങള്‍ക്ക് കലാപത്തിന്റെ മാര്‍ഗം തേടേണ്ടിവരും.

ഇതൊരു വെറും ലൈംഗികാപവാദമല്ല, ഇതൊരു അപഭ്രംശവുമല്ല. വിശ്വാസത്തിന്റെ കഴുത്തറക്കുന്നതുവഴി തുരണ്‍ തേജ്പാല്‍ നടത്തുന്ന ഹീനകൃത്യം കടുത്ത ജനദ്രോഹമാണ്. മുജജന്മസുകൃതങ്ങളൊന്നും ഇതിന് പരിഹാരമല്ല. ഇതുവരെ ചെയ്‌തെന്നു പറയപ്പെടുന്ന ശരികള്‍ കൊണ്ടൊന്നും ഇതിനെ നീതീകരിക്കാനുമാകില്ല.

അധികവായനക്ക്:


തരുണിന്റെ ആവര്‍ത്തിച്ചുള്ള ബലാത്സംഗങ്ങള്‍: അരുന്ധതി റോയി

‘ഇത് തെഹല്‍ക്കയുടെ തകര്‍ച്ചയുടെ തുടര്‍ച്ച മാത്രം…’ ഒരു മുന്‍ തെഹല്‍ക്ക ജേണലിസ്റ്റ് തുറന്നു പറയുന്നു:

 തരുണ്‍ തേജ്പാലിനെതിരെ ആരോപണമുന്നയിച്ച പെണ്‍കുട്ടിയുടെ രാജിക്കത്ത്

തെഹല്‍കയുടെ ചീഫ്-എഡിറ്റര്‍ സ്ഥാനം രാജി വെച്ച തരുണ്‍ തേജ്പാലിന്റെ രാജിക്കത്തിന്റെ പൂര്‍ണ്ണ രൂപം