എല്ലാവരും ഒരു കുടക്കീഴില്‍
Editorial
എല്ലാവരും ഒരു കുടക്കീഴില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th February 2011, 10:33 pm

എഡിറ്റോ-റിയല്‍ / ബാബു ഭരദ്വാജ്

ഒരു കുടക്കീഴില്‍ എല്ലാ സ്ത്രീപീഡകരും അണിനിരന്നിരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വാചകം ശരിയാണ്. കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയില്‍ എല്ലാ തരം രോഗങ്ങള്‍ക്കും ചികിത്സയുണ്ടെന്ന് പറഞ്ഞത് പോലെ ഫലിത മോഹികള്‍ക്ക് ഇതൊരു ഫലിതമായിട്ട് തോന്നാം. അല്ലാത്തവര്‍ക്ക് വെള്ളം ചേരാത്ത സത്യമായെടുക്കാം.

പല കുടക്കീഴിലല്ലേ  ഇവരെല്ലാവരും നില്‍ക്കുന്നതെന്ന് പച്ചപ്പരമാര്‍ഥികള്‍ ചോദിച്ചേക്കാം. ചേരിയും കൂറും വേറെയാണെങ്കിലും കുട ഒന്നു തന്നെ. അന്തരീക്ഷത്തില്‍ കാറ് നിറയുമ്പോള്‍ ഒരാളുടെ കുട മറ്റൊരാള്‍ക്ക് അഭയമായിത്തീരുന്നു.

അതുകൊണ്ട് തന്നെയാണ് കുഞ്ഞാലിക്കുട്ടികള്‍ മഴകൊള്ളാതെ നോക്കാന്‍ ശശി കുട നിവര്‍ത്തുന്നത്. ശശിക്ക് മഴ കൊള്ളാതിരിക്കാന്‍ കുഞ്ഞാലിക്കുട്ടിയും ശ്രദ്ധിക്കുന്നു. ” നാം ഒന്ന് നമുക്കൊന്ന്” എന്ന പരസ്യവാചകം പോലെ “നമ്മളൊന്ന് കുടയൊന്ന്”.

“ഒരു പിതാവിന്റെ മുമ്പില്‍ മകള്‍ തനിക്ക് സംഭവിച്ച ദുരവസ്ഥ പൊട്ടിക്കരഞ്ഞ്‌കൊണ്ട് പറയുമ്പോള്‍ നിസ്സഹായനായി കേട്ടിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ”വെന്ന് കണ്ണൂരില്‍ നിന്ന് ഒരു എം.എല്‍.എ സംസ്ഥാന കമ്മിറ്റി മീറ്റിങ്ങില്‍ പൊട്ടിക്കരഞ്ഞ്‌കൊണ്ട് പറയുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ നമുക്ക് കഴിയില്ലേ?. അതു പുറത്ത് പറയാന്‍ പറ്റാത്ത പ്രശ്‌നമായി സംസ്ഥാന സെക്രട്ടറിക്ക് തോന്നിയതില്‍ അത്ഭുതപ്പെടേണ്ടതില്ല. സഖാക്കള്‍ തമ്മില്‍ എല്ലാകാലത്തും നിലനിന്നിരുന്ന മാനുഷിക ബന്ധങ്ങള്‍ എവിടം വരെയെത്തിയതിന്റെ സൂചനയല്ലെ?.

പാര്‍ട്ടിയുടെ പുതിയ ഭരണക്രമത്തില്‍ പഴയ കാലത്തെ ഉടമകളും അടിമകളുമാണുള്ളത്. അതുകൊണ്ടാണ് ഒരു ഫ്യൂഡല്‍ പ്രഭുവിനെപ്പോലെ ജില്ലാ സെക്രട്ടറി കീഴ്ഘടകത്തിലെ സഖാവിന്റെ ഭാര്യയോട് ” നീ വഴങ്ങിയില്ലെങ്കില്‍ നിന്റെ ഭര്‍ത്താവിനെ ആര്‍.എസ്.എസുകാരെക്കൊണ്ട് തെരുവില്‍ കൊന്ന് തള്ളും” എന്ന് പറയുമ്പോള്‍ ഇരകള്‍ പേടിക്കുന്നത്. പഴയ ജന്മികളുടെയും അടിമകളുടെയും കഥകളിലെ കഥാപാത്രങ്ങളായി അവര്‍ മാറുന്നു.

വഴങ്ങാന്‍ വിസമ്മതം കാണിക്കുന്ന ഇരയുടെ ഭര്‍ത്താവിനോട് യജമാനന്‍” നിനക്ക് പാര്‍ട്ടിയില്‍ ഉയര്‍ന്ന് വരേണ്ടെ, മിണ്ടാതെ അടങ്ങിയിരുന്നോ” എന്ന് കല്‍പ്പിക്കുന്നതും ഈ രോഗത്തിന്റെ കാഠിന്യം കൊണ്ടാണ്. പേടിക്കുന്ന ആള്‍ക്കാര്‍ എല്ലാം കണ്ടുകൊണ്ട് നിശ്ശബ്ദരായിക്കഴിയുന്നതും അതുകൊണ്ട് തന്നെ. ഈ രോഗം ഒരു പകര്‍ച്ചവ്യാധിയാണെന്ന് തോന്നുന്നു. തളിപ്പറമ്പിലെ നേതൃസ്ഥാനത്തിരിക്കുന്ന ഒരു നേതാവും ഇപ്പോള്‍ ഈ രോഗത്തിന് ചികിത്സയിലാണ്.

ഈ രോഗത്തിന്റെ ചികിത്സ വി.എസ് പറയുന്നത് പോലെ ഏത് മികച്ച ആശുപത്രിയിലും കിട്ടിയെന്ന് വരില്ല. അതിന്റെ ചികിത്സ ജനങ്ങളുടെ കയ്യിലാണുള്ളത്.