| Wednesday, 18th April 2012, 6:19 pm

ബേബിയും പിബിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

എഡിറ്റോ-റിയല്‍/ബാബു ഭരദ്വാജ്

ബേബി വെറും ബേബിയാണ്. ഏതോ ഒരു സിനിമയില്‍ മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ഇത്തരമൊരു വാചകം പറയുന്നുണ്ട്. അത് സൂപ്പര്‍ സ്റ്റാര്‍ എഴുതിയ വാചകമല്ല. ഏതോ എഴുത്തുകാരന്‍ എഴുതി സൂപ്പര്‍സ്റ്റാര്‍ വായിച്ചുപഠിച്ച് മൊഴിഞ്ഞതാണ്. സിനിമ കാണുന്ന പ്രേക്ഷകര്‍ അത് സൂപ്പര്‍സ്റ്റാറിന്റെ മൊഴിമുത്തായി പറഞ്ഞുനടക്കുന്നു.

എഴുതിയ ആള്‍ ഇല്ലാതാവുകയും പറഞ്ഞയാള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ്. എഴുത്തുകാരന്റെ മരണത്തില്‍ നിന്ന് കഥാപാത്രം ജനിയ്ക്കുന്നു, കഥാപാത്രത്തിന്റെ മരണത്തില്‍ നിന്ന് അഭിനേതാവ് ജനിയ്ക്കുന്നു, ജീവിയ്ക്കുന്നുവെന്നൊക്കെ പറയാം. ഇത്തരം ദാര്‍ശനികകാര്യങ്ങള്‍ പറയാനല്ല ഞങ്ങളിത്തരം കാര്യങ്ങള്‍ പറയുന്നത്.

ബേബിയെന്ന കുട്ടി കഴിഞ്ഞ ഒരാഴ്ചയായി പുലമ്പി നടക്കുന്ന ചില കാര്യങ്ങള്‍ പറയാനാണ്. ബേബിയെന്ന കുട്ടിയെ ആരാണിതൊക്കെ ചൊല്ലിപ്പഠിപ്പിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല. അറിയേണ്ട കാര്യവുമില്ല. ബേബി ബേബിയായതുകൊണ്ട് ബേബി പറയുന്ന കാര്യങ്ങള്‍ക്ക് ” നീ കുട്ടിയാണ്, നിനക്കിതൊന്നും അറിയില്ല” എന്ന സൗമനസ്യത്തോടെ ജനങ്ങള്‍ കേട്ട് ചിരിച്ച് തള്ളിക്കളയുമെന്ന് ഞങ്ങള്‍ക്കറിയാം.

ജനങ്ങളുടെ സമരമൊക്കെ കാണാം. ഒന്നിലും ഇടപെടാന്‍ പാടില്ലയെന്നാണ് അതിന്റെ ഉണ്മ. ഇങ്ങനെയുള്ള സര്‍വ്വസംഗ- പരിത്യാഗികള്‍ക്ക് വാനപ്രസ്ഥത്തിന് പറ്റിയ തപോവനമാണ് പിബി.

“കുറേ നാളായി ബേബി വി.എസ്സിനെക്കുറിച്ചൊന്നും പറയാറില്ല. ഇപ്പോള്‍ പറയുന്നത് മുഴുവനും വി.എസ്സിനെക്കുറിച്ചാണ്. അതാണേറെ കൗതുകം ജനിപ്പിയ്ക്കുന്ന കാര്യം. പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത നേതൃത്വം കേന്ദ്രകമ്മിറ്റിയാണെന്ന് ബേബി തറപ്പിച്ചുപറയുന്നു. ശരിയാണ്, രണ്ട് പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ക്കിടയില്‍ പാര്‍ട്ടിയെ നയിക്കുന്ന പരമോന്നത നേതൃസംഘം അതുതന്നെ. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

പിന്നെ എന്തിനാണ് ബേബി പിബിയില്‍ എത്തിയതില്‍ ഇത്രയേറെ ആഹ്ലാദിക്കുന്നത്. പരമോന്നതസമിതിയില്‍ വിരാജിക്കുന്നതായിരുന്നില്ലേ ബേബിയ്ക്കും ബേബിയെപ്പോലെ കര്‍മകുശലരും സംസ്‌കാരചിത്തരും കലാഹൃദയജ്ഞാനിയുമായ ഒരു കമ്മ്യൂണിസ്റ്റിന് ഉചിതം. പിന്നെ ബേബിയെന്തിനാണ് ഇത്ര വെപ്രാളപ്പെട്ടു പിബിയില്‍ കടന്നുകൂടിയത് അലങ്കാരത്തിനുവേണ്ടിയാണോ?

വി.എസ്സിന് കിട്ടിയ കേന്ദ്രക്കമ്മറ്റി പദം പാര്‍ട്ടി കാണിച്ച ഒരു ഔദാര്യമാണെന്ന അര്‍ഥത്തിലും ബേബി ചിലതൊക്കെ പറയുന്നത്. പ്രായം ചെന്ന നേതാവിന് ഇതൊന്നും പറ്റില്ലെന്ന ധ്വനിയും അതിലുണ്ട്. ” വിരോധം തോന്നുമാറുക്തി വിരോധാഭാസമായിടും” എന്നൊക്കെ മലയാളം വ്യാകരണത്തില്‍ പഠിച്ച ഒരോര്‍മ മനസ്സില്‍ തികട്ടിവരുന്നു. ” എനിക്ക് പകരം എന്റെ തോഴി നീ എന്റെ കാമുകനെ കാണാന്‍ ചെന്നിട്ട് ദന്തനഖക്ഷതങ്ങള്‍ ഏറ്റത് നന്നായി. ദന്ത നഖക്ഷതങ്ങള്‍ ഏറ്റിട്ട് നിനക്ക് നോവകയും നീറുകയും ചെയ്‌തോ” കാമുകി ഒരു സന്ദേശവുമായി തോഴിയെ കാമുകന്റെ അടുക്കല്‍ പറഞ്ഞയച്ചിട്ടു തിരിച്ചുവന്നപ്പോള്‍ ചോദിച്ച പരിഹാസ ചോദ്യമാണിത്. അത്തരം ” വിരോധാഭാസങ്ങള്‍” ആണ് ഒരാഴ്ചയായി ബേബി പുലമ്പിക്കൊണ്ടിരിക്കുന്നത്.

സി.പി.ഐ.എമ്മിന്റെ ഇന്നത്തെ അവസ്ഥയില്‍ അതിന്റെ പി.ബി മെമ്പറാകല്‍ ഒരു മഹത്തായ കാര്യമായി ഞങ്ങള്‍ക്ക് തോന്നുന്നില്ല. ബേബിയെപ്പോലുള്ള ജനുസ്സുകള്‍ക്ക് പറ്റിയ ലാവണമാണത്. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്തവരെ തളയ്ക്കാനുള്ള ആലയുമാണത്. ജനങ്ങള്‍ പുല്ലുവട്ടിയില്‍ വെട്ടിയിടുന്ന പുല്ലും കാടിയും തിന്നും കുടിച്ചും തികട്ടിയും പിബി മെമ്പര്‍മാര്‍ കഴിഞ്ഞുകൊള്ളും. ആ ആലയില്‍ വി.എസിനെപോലുള്ള ഒരു ജനനേതാവിനെ തളയ്ക്കാതിരുന്നത് എന്തായാലും നല്ലതുതന്നെ.

” നന്നായി ദന്തനഖക്ഷതങ്ങള്‍” അനുഭവിച്ച് ബേബിയ്ക്ക് ഇനിയുള്ള കാലം കഴിച്ചുകൂടാം.

ഈ അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ആവേശം കാണിക്കുന്ന പിബി മെമ്പറും ബേബി തന്നെ. പുത്തനച്ചി നന്നായി പുരപ്പുറം തൂക്കുന്നുണ്ട്. പാര്‍ട്ടിയിലെ അമ്മായിയമ്മമാര്‍ ഇതൊക്കെ കണ്ടും കേട്ടും ഊറിച്ചിരിയ്ക്കുന്നുണ്ടാവണം. പുരപ്പുറം തൂത്ത് തൂത്ത് പുര ഇളക്കി മാറ്റാതിരുന്നാല്‍ മതി.

കൂടംകുളത്ത് പോകാന്‍ വി.എസ്സിന് വിലക്കില്ലെന്നാണ് മറ്റൊരു മൊഴിമുത്ത്. കൂടംകുളത്ത് ആണവനിലയം വേണമെന്ന കാര്യത്തില്‍ പാര്‍ട്ടി മന്‍മോഹന്‍സിംഗിന്റെയും ലോകത്തിലെ മുഴുവന്‍ ആണവമാഫിയയുടെയും കൂടെയാണെന്നും ബേബി അര്‍ഥശങ്കക്കിടയില്ലാത്തവിധം പറയുന്നുണ്ട്. കൂടംകുളത്തെ ആണവവിരുദ്ധ സമരത്തിന് പാര്‍ട്ടി എതിരുമാണ്.

അച്യുതാനന്ദന്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത് ഈ ആണവറിയാക്ടര്‍ വിരുദ്ധസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ്. അതിനെയാണ് പാര്‍ട്ടി തടഞ്ഞത്. അച്യുതാനന്ദന് കൂടംകുളത്ത് പോകാന്‍ വിലക്കില്ലെന്ന് പറയുന്നതിന്റെ പൊരുള്‍ എന്താണ്? അതും ഒരു തമാശയാണ്. ഇന്ത്യാ മഹാരാജ്യത്തിന്റെ ഒരു ഭാഗമായ കൂടംകുളത്ത് പോകുന്നതിനെ ആര്‍ക്കും എതിര്‍ക്കാനാവില്ല. അതിന്റെ പേരില്‍ ആരെയും തടയാനുമാവില്ല. ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. കടല്‍കാണാനും കടല്‍ക്കാറ്റ് കൊള്ളാനും വി.എസ്സിന് കൂടംകുളത്ത് പോകാം.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാവില്ലയെന്നതാണ് ബേബി പറഞ്ഞതിന്റെ പൊരുള്‍. “ബേബിയുടെ ബുദ്ധി എങ്ങിനെ? ” സി.പി.ഐ.എമ്മിന്റെ പിബിയില്‍ ബേബി അംഗമാവുന്നതിന്റെ യോഗ്യതയും യുക്തിയും ബേബിയുടെ മൊഴിയിലുണ്ട്. കുറേക്കാലമായി പി.ബി അംഗങ്ങള്‍ സംസാരിക്കുന്ന ഭാഷയാണിത്. ജനങ്ങളുടെ സമരമൊക്കെ കാണാം. ഒന്നിലും ഇടപെടാന്‍ പാടില്ലയെന്നാണ് അതിന്റെ ഉണ്മ. ഇങ്ങനെയുള്ള സര്‍വ്വസംഗപരിത്യാഗികള്‍ക്ക് വാനപ്രസ്ഥത്തിന് പറ്റിയ തപോവനമാണ് പിബി. ” ഈശ്വരോ രക്ഷത്”  ഈ പാര്‍ട്ടിയെ ഈശ്വരന്‍ രക്ഷിക്കട്ടെ.

We use cookies to give you the best possible experience. Learn more