ലോകത്തിലെ ഏറ്റവും വലിയ ജയിലാണ് ഗസ. പതിനേഴ് ലക്ഷം ജനങ്ങള്‍ പുഴുക്കളെ പോലെ ഇഴഞ്ഞിഴഞ്ഞ് ഒടുങ്ങുന്ന ഒരിടം. നാടപോലെയുള്ള ഒരു ചെറിയ നാട്.
നാല്പ്പത്തിയൊന്ന് കിലോ മീറ്റര്‍ നീളവും ആറ് മുതല്‍ പന്ത്രണ്ട് വരെ കിലോ മീറ്റര്‍ വീതിയുമുള്ള ഈ സ്ഥലം മധ്യധരണ്യാഴിയുടെ കിഴക്കേ തീരത്തെ ഏറ്റവും ഫല ഭൂയിഷ്ടവും സമ്പന്നവും ശാന്തവുമായ ഒരു ഇടമാകേണ്ടതായിരുന്നു.
കൃഷിക്കനുയോജ്യമായ ഉര്‍വരതയുള്ള മണ്ണ്. മധ്യധരണ്യാഴിയിലെ സമൃധമായ മീന്‍പെയ്ത്ത്, മനോഹരമായ കടല്‍ത്തീരങ്ങള്‍. മണ്ണിനടിയിലേയും കടലിനടിയിലേയും പ്രകൃതിവാതക സാന്നിധ്യം.
ഗസയിലെ ജനങ്ങള്‍ക്ക് വേണ്ടതെല്ലാം ഗസയുടെ ആകാശത്തിന് കീഴില്‍ ഉണ്ടായിരുന്നു. ആ ആകാശം ഫലസ്തീനികള്‍ക്ക് അന്യമാണ്. ആകാശത്തിന് കീഴിലെ മണ്ണും.
ഇന്ന് ഗസ മനുഷ്യവംശ ചരിത്രത്തിലേക്ക് തുറന്ന് വെച്ച ഒരു വലിയ മുറി വായയാണ്. ചോരയും ചലവും ഒലിക്കുന്ന ഒരു മുറി വായ. എല്ലാ ജനാധിപത്യ വാദികളും അമേരിക്കന്‍ ഇസ്രഈല്‍ നെറികേടിനെതിരെ ശബ്ദമുയര്‍ത്താനാവാതെ കുഴങ്ങുന്നു. എല്ലാ മനുഷ്യസ്‌നേഹികളും ഫലസ്തീന്‍ ജനത സ്വന്തം വാളാലെ വെട്ടിയുണ്ടാക്കിയ മുറിവാണ് ഗസ എന്ന് വിലപിക്കുന്നു.
ഗസയ്ക്ക് നേരെ ഇസ്രഈല്‍-അമേരിക്കന്‍ അച്യുതണ്ട് നടത്തുന്ന ക്രൂരവും നിഷ്ഠൂരവും നികൃഷ്ടവുമായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അറബ് രാജ്യങ്ങള്‍ പോലും പൂര്‍ണമായി തയ്യാറല്ല എന്നതാണ് ദാരുണവും നിന്ദ്യവുമായ വിരോധാഭാസം.
365 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഗസയില്‍ പതിനേഴ് ലക്ഷം ജനങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ജനസാന്ദ്രതയിലും ജനസംഖ്യാവളര്‍ച്ചയിലും ലോകത്ത് ഏഴാം സ്ഥാനമാണ് ഗസയ്ക്കുള്ളത്.
“പതിറ്റാണ്ടുകളായി ഇസ്രഈല്‍ ഫലസ്തീനികളെ തടികുറയ്ക്കാനായി പട്ടിണിയ്ക്കിടുകയാണ്. അവര്‍ പട്ടിണി കൊണ്ട് മരിക്കാനും പാടില്ല” . ഇത് പറഞ്ഞത് ഇസ്രഈല്‍ മുന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവാണ്.
വെറുതെയുള്ള പറച്ചിലല്ല. ഒരുപാട് ഗവേഷണം നടത്തി ജനങ്ങള്‍ക്ക് പോഷകാഹാരക്കുറവില്ലാതിരിക്കാന്‍ ആവശ്യമായ കുറഞ്ഞ അളവ് കലോറി തിട്ടപ്പെടുത്തി അതിന്റെ പകുതിയില്‍ താഴെ നല്‍കുക എന്നതാണ് ഇസ്രഈലിന്റെ രാജ്യതന്ത്രം. ഇത് പോലും മഹാമനസ്‌കതയായിട്ടാണ് വാഴ്ത്തപ്പെടുന്നത്.
വയറിന്റെ വിശപ്പ് ഉറക്കം കെടുത്തുമ്പോള്‍ ശരീരത്തിന്റെ വിശപ്പ് തീവ്രമാകും. രതിയുടെ സാന്ത്വനത്തില്‍ മനുഷ്യര്‍ മുഴുകും. അതിനാലായിരിക്കണം ലോകത്തെങ്ങും അടിമകള്‍ പെറ്റ് പെരുകുന്നതും ഉടമകള്‍ എണ്ണത്തില്‍ കൂടാതെ വണ്ണം വെയ്ക്കുന്നതും. അതുകൊണ്ട് തന്നെ ഗസയിലെ ജനങ്ങള്‍ പെറ്റ് കൂട്ടിക്കൊണ്ടിരിക്കുന്നു.
ഗസ എന്നും ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ രീതിയിലുള്ള ഗസ 1949 ഫിബ്രവരി 24 നാണ് ചരിത്രത്തിലേക്ക് കടന്നുവരുന്നത്. ആ ദിവസമാണ് ഇസ്രഈല്‍- ഈജിപ്ത് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലാവുന്നത്. ഈജിപ്തിന്റെ അധിനിവേശ പ്രവിശ്യയായി ഗസ മാറി.
ഗസയിലെ ജനങ്ങളില്‍ ഒരു വലിയ വിഭാഗം ഇസ്രഈലില്‍ നിന്ന് തുരുത്തപ്പെട്ട ഫലസ്തീന്‍ അറബികളായിരുന്നു. 1948 സെപ്റ്റംബറില്‍ അറബ് ലീഗ് സംസ്ഥാപിച്ച അഖില ഫലസ്തീന്‍ സര്‍ക്കാരാണ് ഗസ ഭരിച്ചിരുന്നത്. കരാര്‍ വഴി അതോടെ അഖില ഫലസ്തീന്‍ സര്‍ക്കാര്‍ ഈജിപ്ഷ്യന്‍ ഗവര്‍ണറുടെ കീഴിലായി.
1959 ല്‍ അഖില ഫലസ്തീന്‍ സര്‍ക്കാര്‍ പിരിച്ചുവിടുകപ്പെടുകയും 1967 വരെ ഗസ ഈജിപ്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാവുകയും ചെയ്തു. 1967 ലെ ആറ് ദിവസത്തെ യുദ്ധത്തില്‍ ഇസ്രായേല്‍ ഗസ പിടിച്ചെടുത്തു.
1993 വരെ ഗസ ഇസ്രഈലിന്റെ പൂര്‍ണ അധിനിവേശത്തിലായി. 1993 ല്‍ ഒപ്പുവെച്ച ഓസ്‌ലോ കരാര്‍ പ്രകാരം ഫലസ്തീന്‍ അതോറിറ്റിക്ക് പരിമിതമായ അവകാശം ലഭിച്ചു. ജനവാസകേന്ദ്രങ്ങളില്‍ അച്ചടക്കവും അതോടൊന്നിച്ച് അടിമത്തവും നിലനിര്‍ത്താനുള്ള അധികാരം മാത്രമായിരുന്നു അത്.
ഉടമ്പടി പ്രകാരം ആകാശം ഇസ്രഈലിന്റെ അധീനത്തിലാണ്. കടലും ഇസ്രഈലിനാണ്. ഗാസയ്ക്കും ഈജിപ്തിനുമിടയിലുള്ള പതിനൊന്ന് കിലോമീറ്റര്‍ അതിര്‍ത്തിയൊഴിച്ച് ബാക്കിയെല്ലാം ഇസ്രഈലിനുള്ളതാണ്. ഗസയ്ക്ക് 51 കിലോ മീറ്റര്‍ അതിര്‍ത്തിയാണ് ഇസ്രഈലുമായുള്ളത്.
2005 ല്‍ ഇസ്രഈല്‍ ഗസയില്‍ അവര്‍ കുടിയേറിയ ഇടങ്ങളില്‍ നിന്ന് പിന്‍മാറിയെങ്കിലും അധികാരങ്ങളൊന്നും കൈയ്യൊഴിഞ്ഞില്ല. ഗസയെ എല്ലാ അര്‍ത്ഥത്തിലും ഇസ്രഈല്‍ തടവറയാക്കി.
ഗസ എല്ലാ അര്‍ത്ഥത്തിലും ഒരു ജയിലാണ്. ജനങ്ങള്‍ പെറ്റുപെരുകുന്നുണ്ടെങ്കിലും അതൊരു തുറന്ന ജയിലല്ല. ഇസ്രഈല്‍-ഗസ അതിര്‍ത്തിയില്‍ കൂറ്റന്‍ മതിലുണ്ട്. ഈജിപ്ത്-ഗസ അതിര്‍ത്തിയില്‍ വേലിക്കെട്ടുണ്ട്. ആ വേലിക്കെട്ടിന്റെ കുറേ ഭാഗങ്ങള്‍ ജനങ്ങള്‍ പൊളിച്ചുകളഞ്ഞെങ്കിലും വേലിക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നു.
ഒരു ഭാഗത്ത് കടല്‍ മറുഭാഗത്ത് വന്‍മതിലുകള്‍. അതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന സഞ്ചാര സ്വാതന്ത്ര്യം. ഏറ്റവും പരിമിതമായ ഒരു പ്രദേശമാണത്. ആ തടവറയിലിട്ടാണ് ഇസ്രഈല്‍ ഫലസ്തീന്‍ ജനതയെ ചുട്ടുകൊല്ലുന്നത്.
ഈ ജയിലില്‍ നിന്ന് പുറത്ത് കടക്കണമെങ്കില്‍ ഇസ്രഈല്‍ നല്‍കിയ പാസ് വേണം. ഇസ്രഈലികള്‍ക്ക് ആവശ്യമായ വിറക് വെട്ട് കാരെയും വെള്ളംകോരികളേയും അതിര്‍ത്തികടത്തി കൊണ്ടുവരാനുള്ള ഒരു ലേബര്‍ പാസ് മാത്രമാണിത്.
ഈജിപ്ത് അതിര്‍ത്തിയിലുള്ള റഫ വഴി മാത്രമേ ഇങ്ങനെ പുറത്ത് കടക്കാകൂ. ഈജിപ്തില്‍ കടക്കാനും ഇസ്രഈലിന്റെ കാര്‍ഡ് വേണമെന്നത് ഈജിപ്ത് ഇസ്രഈലിന്റെ സാമന്ത രാജ്യമാകുന്നതിന് തുല്യമാണ്.
പ്രമുഖ വൈദ്യ ശാസ്ത്ര ജേണലായ ” ദി ലാന്‍സ്‌സെറ്റ് ” തുറന്ന് പറയുന്നത് പോലെ മനുഷ്യരുടെ ” അന്തസിന്റെ അഭാവം നിരീക്ഷിക്കാനുള്ള പരീക്ഷണ ശാലയാണ്” ഗസ.
ആകാശത്തിലൂടെയും കടലിലൂടെയും അതിര്‍ത്തികളിലൂടെയുമുള്ള നിരന്തര നിരീക്ഷണം. ഉപരോധത്തിലൂടെയും ഒറ്റപ്പെടുത്തലിലൂടെയുമുള്ള കൂട്ടായ ശിക്ഷാവിധികള്‍. വീടുകളിലേക്കും ആശയവിനിമയ സംവിധാനത്തിലേക്കുമുള്ള അതിക്രമിച്ചുകടക്കല്‍.
യാത്രയ്ക്കും വിവാഹങ്ങള്‍ക്കും തൊഴിലെടുക്കുന്നതിനുമുള്ള അത്യന്തം വിനാശകരവും മ്ലേച്ഛവുമായ നിയന്ത്രണം. ഇതൊക്കെ വഴി അന്തസുള്ള ജീവിതം ഇസ്രഈല്‍ ഫലസ്തീനികള്‍ക്ക് നിഷേധിച്ചിരിക്കുന്നു.
ശുദ്ധജലം കുടിക്കാനുള്ള അവകാശം കൂടി ഇസ്രഈല്‍ ഫലസ്തീനികള്‍ക്ക് നിഷേധിച്ചിരിക്കുകയാണ്. ഗസയിലെ കടല്‍വെള്ളത്തില്‍ നിന്ന് ശുദ്ധജലം ഉണ്ടാക്കുന്ന പ്ലാന്റുകള്‍ ഇസ്രഈല്‍ അടച്ചുപൂട്ടിയിരിക്കുകയാണ്.
ഭൂഗര്‍ഭജലത്തെ മാത്രം ആശ്രയിച്ചുകഴിയുന്ന ഗസയിലെ അഭയാര്‍ത്ഥികള്‍ 2020 ഓടെ വെള്ളംകിട്ടാതെ മരിക്കുന്ന അവസ്ഥയിലാണുള്ളത്. 2020 ല്‍ ഗസ ജീവിക്കാന്‍ കഴിയാത്ത ഇടമായി മാറുമെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്.
2006 ല്‍ ഗസയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഹമാസ് അധികാരത്തില്‍ കേറുന്നതോടെയാണ് ഇസ്രഈലിനും അന്താരാഷ്ട്ര സാമ്രാജ്യ ലോബിയ്ക്കും കലി കയറുന്നത്. അവര്‍ വിചാരിച്ചതുപോലെ അവരുടെ വൈതാളികരല്ല അധികാരത്തിലെത്തിയത്.
തിരഞ്ഞെടുക്കപ്പെട്ട ഫലസ്തീന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തയ്യാറായില്ല. മാത്രമല്ല ഫലസ്തീനിനുള്ള എല്ലാ സഹായങ്ങളും അവര്‍ നിര്‍ത്തലാക്കി.
അതിനിടയില്‍ ബദ്ധവൈരികളായി മാറിയ ഹമാസും അല്‍ ഫത്തെയും മാരകമായ ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ടു. ഫലസ്തീന്‍ ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായി. രണ്ട് പ്രസ്ഥാനങ്ങളും ഫലസ്തീനിന്റെ മോചനത്തിനായി നില്‍ക്കുന്ന സംഘടനകളാണ് എന്നതാണ് വിരോധാഭാസം.
ഇസ്രഈല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച പുതിയ ആക്രമണത്തെത്തുടര്‍ന്ന് താത്ക്കാലികമായി ഈ രണ്ട് സംഘടനകളും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒന്നിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് എത്രകാലത്തേക്ക് എന്ന് പറയാനാവില്ല.
അധിനിവേശ രാജ്യങ്ങളിലെ മനുഷ്യരെപ്പോലും അധികാരം മത്ത്പിടിപ്പിക്കും. ജന്മിയുടെ കൂലിക്കാരാണ് കാര്യസ്ഥര്‍. എന്നാല്‍ ജന്മിയേക്കാള്‍ അധികാരപ്രവണത കൂലിക്കാരനായ കാര്യസ്ഥനാണെന്നത് എല്ലാ ജനതയുടേയും അനുഭവപാഠമാണ്.
അറബ് രാജ്യങ്ങളുടെ ഫലസ്തീന്‍ പ്രണയം കള്ളത്തരം മറച്ച്പിടിക്കാനുള്ള ജാള്യത നിറഞ്ഞ ശ്രമമാണ്. 1949 ല്‍ അറബ് രാഷ്ട്രങ്ങളുടെ പ്രേരണകൊണ്ടാണ് ഫലസ്തീനികള്‍ മാതൃരാജ്യത്ത് നിന്ന് ഓടിപ്പോന്നതും ഗസയിലും ലോകത്തിന്റെ പലഭാഗങ്ങളിലും അഭയാര്‍ത്ഥികളായതും.
അവരെ നാട്ടില്‍ തിരിച്ചെത്തിക്കാമെന്നാണ് അറബ് രാഷ്ട്രങ്ങള്‍ നല്‍കിയ വാഗ്ദാനം അവര്‍ക്കിതുവരെ നടപ്പാക്കാനായില്ല. ഒരു കാലത്തും നടപ്പാക്കാനുമാവില്ല. അങ്ങനെ നടപ്പാക്കാമെന്ന് അറബ് രാഷ്ട്രങ്ങള്‍ ആഗ്രഹിക്കുന്നുമില്ല.
കാരണം ഒരു സ്വതന്ത്രവും ശക്തവുമായ ഫലസ്തീന്‍ രാഷ്ട്രത്തെ അവര്‍ പേടിക്കുന്നു. അയല്‍പ്പക്കത്ത് പോരാടിക്കൊണ്ടിരിക്കുന്ന ഒരു ജനതയെ സര്‍വാധികാരങ്ങളോടെയും കൂടെ കുടിയിരുത്താന്‍ അവര്‍ക്ക് താത്പര്യമില്ല.
ഫലസ്തീനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതും വോട്ടെടുപ്പിലൂടെ പരിമിതമായ അധികാരമെങ്കിലുമുള്ള ഒരു സര്‍ക്കാരുണ്ടാകുന്നതും അവരെ പേടിപ്പിക്കുന്നു. എല്ലാ തരത്തിലും സാമ്രാജ്യത്വ വാദികളും അടിമയുടമകളും രാജാധികാര വാദികളുമായ അറബ് രാഷ്ട്രങ്ങള്‍ ഫലസ്തീനികളുടെ പോരാട്ട വീര്യത്തേയും ജനാധിപത്യ ബോധത്തേയും ഭയത്തോടെയാണ് കാണുന്നത്.
ഫലസ്തീനിലെ ജനാധിപത്യം അറബ് രാഷ്ട്രങ്ങളുടെ ഭരണകൂടങ്ങള്‍ക്ക് ഭീഷണിയാണ്. അറബ് ജനതയെ നിരന്തരമായി ചൂഷണം ചെയ്യാനും മധ്യപൂര്‍വേഷ്യയിലെ എണ്ണ സമ്പത്ത് വിനിയോഗം ചെയ്യാനുമുള്ള അവകാശം നിലനിര്‍ത്താനും രാജ്യാധികാര പ്രദേശങ്ങളാണ് അനുയോജ്യമെന്ന് അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും നന്നായി അറിയാം. ചുരുക്കത്തില്‍ രോഗി ഇച്ഛിക്കുന്നതും വൈദ്യന്‍ കല്പിക്കുന്നതും ഫലസ്തീനികളെ കാലാകാലം തടങ്കലില്‍ പാര്‍പ്പിക്കാന്‍ തന്നെയാണ്.
അമേരിക്കന്‍ താത്പര്യങ്ങളും അറേബ്യയിലെ മൊണ്ടാര്‍ട്ടുകളും തമ്മിലുണ്ടാക്കിയ ഒരു രഹസ്യ ഉടമ്പടിയാണ് ഫലസ്തീന്‍ ജനതയുടെ ദുരന്തം. രാജാവ് നഗ്നാണെന്ന് തുറന്ന്പറയാന്‍ കഴിയുന്ന കാലത്തേ ഒരു ശ്വാശ്വത പരിഹാരത്തിന്റെ വിരല്‍ത്തുമ്പിലെങ്കിലും തൊടാന്‍ ഫലസ്തീന്‍ ജനതയ്ക്കാവൂ.
വീട്ടിലെ കള്ളനേയും അയല്‍പക്കത്തെ കള്ളനേയും അന്യ ദേശങ്ങളിലെ കള്ളന്‍മാരേയും തിരിച്ചറിയാനുള്ള ശ്രമമാണ് ഫലസ്തീനികള്‍ നടത്തേണ്ടത്. അതിന് ലോകത്തിന്റെ പൊതുബോധം ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. അമേരിക്കന്‍ ഇസ്രഈല്‍ അച്യുതണ്ടിനെ കുറിച്ച് പറയുന്നതോടൊപ്പം അറബ് രാഷ്ട്രങ്ങളുടെ നിര്‍ലജ്ജമായ ഇരട്ടത്താപ്പിനെ കുറിച്ചും പറയേണ്ടി വരും. ഇതാണ് ഞങ്ങളുടെ നിഗമനം. ഇതാണ് ഞങ്ങളുടെ നിലപാട്.
content highlights; Editorial by Babubharadwaj in DoolNews on Palestinian conflict