അണയാത്ത കല്പനാ നാളം
Opinion
അണയാത്ത കല്പനാ നാളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th April 2017, 4:19 pm

അച്ഛനൊപ്പമുള്ള പല യാത്രകളും ഞങ്ങള്‍ പരസ്പരം കെട്ടിപ്പൊക്കിയ മിഥ്യാധാരണകള്‍ ഉരിഞ്ഞുകളയുന്ന ഒരു കണ്ണുപൊത്തിക്കളി കൂടിയായിരുന്നു. അച്ഛന്റെ വിദേശവാസ സമയത്ത് ഞങ്ങള്‍ കത്തുകള്‍ക്കായി കണ്ണും നട്ടിരിക്കുമായിരുന്നു.

അച്ഛനെ പിരിഞ്ഞിരിക്കുന്ന മകളുടെ നൊമ്പരം മാത്രമാണോ ആ ആവേശപൂര്‍വമുള്ള കാത്തിരിപ്പിന് പിന്നില്‍ എന്നതു സംശയാസ്പദമാണ്. ഉള്ളിത്തൊലി പോലെ മിനുമിനുത്ത കുഞ്ഞിലകളും പൂക്കളും കൊണ്ടലങ്കരിച്ച കടലാസിനോടുള്ള അടക്കിനിര്‍ത്താനാവാത്ത ആകര്‍ഷണം തുല്യപരിഗണനയര്‍ഹിക്കുന്ന ഒരു ഘടകമാണ്. അമ്മ ഭദ്രമായി സൂക്ഷിച്ചുവെക്കുന്ന കടലാസുകള്‍ കൈവശപ്പെടുത്താന്‍ ഞാന്‍ സ്ഥിരമായി ശ്രമിക്കുമായിരുന്നു.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ “അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍” മനസില്‍ വെച്ചാവണം അച്ഛന്‍ ഞങ്ങള്‍ക്കു കത്തുകളെഴുതിയിരുന്നത്. ലോകചരിത്രവും ദാര്‍ശനികസമസ്യകളുമൊക്കെ നിറഞ്ഞ കത്തുകള്‍. കുറച്ചുകഴിഞ്ഞപ്പോള്‍ തുടക്കത്തിലെ ” പൊന്നുമോളേ” എന്ന അഭിസംബോധനയും ” ഒരായിരം ഉമ്മകള്‍” എന്ന ഉപസംഹാരവും വായിക്കുന്നതില്‍ ഒതുങ്ങി എന്റെ കത്തുവായന.

എന്റെ മറുപടി കത്തുകളില്‍ വേണ്ടത്ര ലോകചരിത്ര- ദാര്‍ശനിക പ്രശ്‌നങ്ങളൊന്നുമുന്നയിക്കപ്പെട്ടു കാണാത്തതിനാല്‍ അച്ഛന്‍ അമ്മയില്‍ നിന്നു റിപ്പോര്‍ട്ടു വാങ്ങിക്കാണും. എന്തായാലും കത്തുകളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വന്നു. ” ബട്ടര്‍കപ്പ് “എന്നൊരു നോവല്‍ ഓരോ മാസവും കത്തുകളുടെ രൂപത്തില്‍ ഞങ്ങളെ തേടിയെത്താന്‍ തുടങ്ങി.

വില്യം ഗോള്‍ഡ്മാന്റെ “ദി പ്രിന്‍സസ്സ് ബ്രൈഡ്” എന്ന നോവലാണ് തര്‍ജ്ജമ ചെയ്ത് ബട്ടര്‍കപ്പ് എന്ന പേരില്‍ അച്ഛന്‍ കുറേശ്ശെയായി ഞങ്ങള്‍ക്കയച്ചുതന്നത്. അതോടെ അച്ഛന്റെ കത്തുകള്‍ക്കായി കാത്തിരിക്കുകയും അടികൂടുകയും ചെയ്യുന്ന കുട്ടികളായി ഞങ്ങള്‍ മാറി. പില്‍ക്കാലത്തത് പുസ്തകരൂപത്തിലിറക്കാന്‍ ശ്രമിച്ചപ്പോള്‍ നീളം കൂടുതലാണെന്ന് പറഞ്ഞ് പ്രസാധകര്‍ മടക്കി. കഥാസരിത് സാഗരവും ഹാരിപോട്ടറും വായിച്ചാവേശം കൊള്ളുന്ന എനിക്കത് ഇപ്പോഴും ബോധ്യമായിട്ടില്ലാത്ത കാരണമാണ്. ഹാരിപോട്ടറേക്കാള്‍ വിഭ്രമജനകമായ നോവാലാണ് ബട്ടര്‍കപ്പ്.

അച്ഛന്റെ യാത്രകളും ബിസിനസ് സംവാദങ്ങളും നിമിത്തം ഞങ്ങളുടെ ജീവിതത്തില്‍ ഒരു കഥയിലെന്നപോലത്തെ തിരിവുകളും തകിടംമറിയലുകളുമുണ്ടായിക്കൊണ്ടിരുന്നു. വലിയ പെട്ടിയില്‍ സമ്മാനങ്ങളുമായി അവതരിപ്പിക്കുന്ന ഗള്‍ഫുകാരന്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എല്ലാം പങ്കുവെച്ച് കൊടുത്ത് തിരികെപ്പോകാനാവുമ്പോഴേക്കും പാപ്പരായിട്ടുണ്ടാവും. ഇടയ്ക്ക് ഞങ്ങള്‍ ഫിലിം പ്രൊഡ്യൂസറുടെ മക്കളായി ബോംബെയിലൊക്കെയുള്ള നക്ഷത്രഹോട്ടലുകളില്‍ പോയി താമസിക്കും. അധികം കഴിയും മുമ്പുതന്നെ വാടക കൊടുക്കാത്തതിനാല്‍ വീട്ടുടമസ്ഥനെ ഒളിച്ചുനടക്കുന്ന അച്ഛനമ്മമാര്‍ക്കൊപ്പം പതുങ്ങി നടക്കുകയും ചെയ്യും.

സ്വന്തം ശരീരത്തെക്കുറിച്ച് അഹംഭാവം കലര്‍ന്ന ഒരാത്മവിശ്വാസം എക്കാലത്തും അച്ഛനുണ്ടായിരുന്നു. കൊടും തണുപ്പുള്ള ഏതോ നാട്ടില്‍ വെറും ലുങ്കിയും ബനിയനുമിട്ട് കുഴപ്പമില്ലാതെ നടക്കുന്നതിനെ കുറിച്ച് പലപ്പോഴും വമ്പു പറയുന്നതു കേട്ടിട്ടുണ്ട്.

താനെന്താഗ്രഹിച്ചാലും ശരീരം അനുസരണയോടതു സാധിച്ചു തരുമെന്ന് അച്ഛന്‍ ഉറച്ചുവിശ്വസിച്ചു. കിഡ്‌നി തകരാറിലായി കിടപ്പിലായപ്പോഴാണ് മറ്റൊരു സ്വഭാവം ശരീരത്തിലച്ഛന്‍ കണ്ടത്. തന്റെ വരുതിക്കു നില്‍ക്കാതെ സ്വന്തമിഷ്ടത്തിനു തീരുമാനങ്ങളെടുത്തു നടപ്പാക്കുന്ന ഒരു ശരീരം. ഭക്ഷണത്തോടും മദ്യത്തോടും പുകവലിയോടുമുള്ള ആസക്തി അച്ഛന്‍ നിയന്ത്രിച്ചു. എന്നിട്ടും രോഗബാധിതമായ ശരീരത്തെ പ്രതിപക്ഷ ബഹുമാനത്തോടെ അംഗീകരിക്കാന്‍ അച്ഛനായില്ല.

രോഗിയും അയാളുടെ ശരീരവും തമ്മിലുള്ള ഇത്തരം പൊരുത്തക്കേടുകള്‍ പറഞ്ഞു തീര്‍ക്കാന്‍ ഒട്ടും സന്നദ്ധമല്ല നമ്മുടെ ചികിത്സാ രീതികള്‍. എന്തായാലും ശാഠ്യം പിടിച്ച് കട്ടിലില്‍ ചുരുണ്ടുകൂടി കിടക്കുന്ന അച്ഛനെ ഞാനാണ് നിര്‍ബന്ധിച്ച് ഡയാലിസിസിന് പറഞ്ഞുവിട്ടത്. ഇതിനിടയില്‍ തന്നെ രണ്ടുമൂന്ന് തവണ രോഗം മൂര്‍ച്ഛിച്ച് അച്ഛന്‍ ഐ.സി.യുവില്‍ ആയിക്കഴിഞ്ഞിരുന്നു. ഓരോ പ്രാവശ്യവും ഡോക്ടര്‍മാരുടെ അന്തിമവിധി പ്രവചനങ്ങളെ പരാജയപ്പെടുത്തി ഐ.സി.യുവില്‍ നിന്നും പുറത്തുവരുമ്പോള്‍ ഞങ്ങള്‍ ചിരിച്ചുകൊണ്ടു പ്രഖ്യാപിക്കും”” എതിരാളിക്കൊരു പോരാളി, അച്ഛന്‍!””

ആശുപത്രി യാത്രകള്‍ക്കിടയില്‍ ഉദാസീനനായിരിക്കുന്ന അച്ഛനെ ഉഷാറാക്കാനായി ഞാന്‍ പറയും”” യാത്രയാണല്ലോ അച്ഛനേറ്റവുമിഷ്ടം. ഇപ്പോള്‍ നോക്കൂ, യാത്രയോടു യാത്ര. കാര്‍ഡിയാക് ഐ.സി.യുവില്‍ നിന്നും ജനറല്‍ ഐ.സി.യുവിലേക്ക്; അവിടെ നിന്നും ഹോസ്പിറ്റല്‍ റൂമിലേക്ക്; പിന്നെ ഡയാലിസിസ് റൂമിലേക്ക്; സ്‌കാനിങ് റൂമിലേക്ക്; “”
ഐ.സി.യുവിലെ ദീര്‍ഘവാസത്തിനിടയ്ക്ക് അച്ഛന് എല്ലാവരേയും സംശയമായിത്തുടങ്ങി. ഐ.സി.യു സൈക്കോസിസ് എന്നു ഡോക്ടര്‍മാര്‍ വിളിക്കുന്ന അവസ്ഥ. എല്ലാ അടുപ്പക്കാരില്‍ നിന്നും രോഗിയെ അകറ്റി നിര്‍ത്തുന്ന ചികിത്സാ രീതിയോടുള്ള അവിശ്വാസം. സ്ഥിരമായി പറഞ്ഞിരുന്ന ഒരു പരാതി, രാത്രി മുഴുവന്‍ ഐ.സി.യുവില്‍ പാര്‍ട്ടി നടക്കുന്നു. പലതരം ഭക്ഷണപാനീയങ്ങള്‍ എല്ലാവര്‍ക്കും നിര്‍ലോഭമായി കൊടുക്കുന്നു. തനിക്ക് മാത്രം ഒന്നും കിട്ടുന്നില്ല എന്നതാണ്.

അതിന്റെ കാരണവും അച്ഛന്‍ ഭാവന ചെയ്തു. ഐ.സി.യുവില്‍ നടക്കുന്ന ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് അച്ഛന്‍ പത്രങ്ങളിലെഴുതുന്നുണ്ടോ എന്ന് ആശുപത്രി അധികൃതര്‍ക്ക് സംശയമുണ്ട്. അതുകൊണ്ടാണ് ഒഴിവാക്കല്‍.

“” ബ്രിംഗിങ് ആപ്പ് ഫാദര്‍”” രോഗിയായതോടെ ഒന്നുകൂടി മൂര്‍ച്ഛിച്ചു എന്നതാണ് അച്ഛന്റെ മറ്റൊരു പരാതി. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കള്‍ മുന്‍പ് അച്ഛന്‍ സുഹൃത്തിനോടിങ്ങനെ പറഞ്ഞു;”” രേശു നന്നായി നോക്കും. പക്ഷേ ചിലപ്പോ സംശയം തോന്നും അവളാണോ എന്റെ അച്ഛനെന്ന് ! തന്നെ നിയന്ത്രിക്കുന്നതിലുള്ള എതിര്‍പ്പു പറഞ്ഞ് ദിവസം മുഴുവന്‍ ഞങ്ങളോടു ശണ്ഠകൂടുമായിരുന്നു. ഇളയ അനിയത്തി താഷിയോടാണ് പ്രധാന യുദ്ധം.

മുമ്പാണെങ്കില്‍ ദേഷ്യം പിടിക്കാതെ, ഒരു കള്ളച്ചിരിയോടെ സ്വന്തമിഷ്ടപ്രകാരം എല്ലാം നടത്തിയെടുക്കുമായിരുന്നു. രോഗവും ഞങ്ങളുടെ കര്‍ക്കശമായ നിരീക്ഷണ വലയവും ചേര്‍ന്ന് അച്ഛനെ കീഴ്‌പ്പെടുത്തി. ആ വീര്‍പ്പുമുട്ടല്‍ കാരണം ശാഠ്യം വര്‍ദ്ധിച്ചു.

മുട്ട പുഴുങ്ങി തോടു പൊളിച്ചു കൊടുക്കുമ്പോള്‍ തോടിനോടൊപ്പം അല്‍പം മാംസം പെട്ടെന്നും അത് അച്ഛനെ മുട്ട തീറ്റിക്കാതിരിക്കാനുള്ള ഞങ്ങളുടെ കുതന്ത്രമാണെന്നും പറഞ്ഞ് ഒരിക്കല്‍ തോടുമുഴുവന്‍ വാരിത്തിന്നു കളഞ്ഞു.

നിസ്സഹായവസ്ഥയെ അതിജീവിക്കാനുള്ള തന്ത്രങ്ങളാവണം ശാഠ്യവും കല്പനാലോക ജീവിതവും. കല്പനാശേഷിയില്‍ അല്ലാതെ തന്നെ അനുഗ്രഹീതനാണല്ലോ അച്ഛന്‍. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഒരു ദിവസം തന്റെ നിസ്സഹായാവസ്ഥയെ കുറിച്ച് കണ്ട ഒരു അര്‍ദ്ധ സ്വപ്‌നം അച്ഛന്‍ ചിരിയോടെ വിവരിച്ചതിങ്ങനെ: ഒറ്റയ്ക്ക് കട്ടിലില്‍ കിടന്ന അച്ഛനെ ഒരു പെരുമ്പാമ്പ് വന്ന് വിഴുങ്ങാന്‍ തുടങ്ങി. അമ്മയും ഗര്‍ഭിണിയായ താഷിയും അടുത്ത മുറിയിലാണ് കിടക്കുന്നത്. അച്ഛനെ പെരുമ്പാമ്പ് വിഴുങ്ങുന്നതറിയാതെ ഞങ്ങളെല്ലാം സുഖനിദ്രയിലാണ്. ഉറക്കെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദമുയരുന്നില്ല. ഒരു പ്രതീക്ഷയുള്ളത് രാത്രി അച്ഛനുറങ്ങുകയാണോ എന്നു പരിശോധിക്കാന്‍ അമ്മ തപ്പിതപ്പി വരുമെന്നതാണ്.

കാഴ്ചശക്തി നഷ്ടപ്പെട്ട അമ്മ അങ്ങനെ ചെയ്യുമ്പോള്‍ എന്റെ ഉറക്കം കളഞ്ഞു എന്ന് വഴക്കുകൂടുന്നതിനാലാവാം അമ്മ വന്നില്ല. താഷി എണീറ്റു ടോയ്‌ലറ്റിലേക്ക് പോകുന്ന വഴിക്ക് അച്ഛനെ നോക്കി. “” ആഹാ, കള്ള അച്ഛന്‍, ഞങ്ങളൊന്നും കാണആതെ അടിപൊളി പുതപ്പും പുതച്ച് കിടക്കുകയാണല്ലേ! “എന്നൊരു കമന്റും പാസാക്കി അവളും പോയി. ഞെരിയാണി വരെ പാമ്പിന്റെ വായിലായ അച്ഛന്‍ ഞങ്ങളാരെങ്കിലും വന്ന് കാലില്‍ പിടിച്ച് വലിച്ച് പുറത്തെടുക്കുമെന്ന പ്രതീക്ഷിച്ചങ്ങനെ കിടക്കുകയാണ്.

നിസ്സഹായതകള്‍ക്കെല്ലാമിടയില്‍ കത്തിച്ചുവെച്ച വര്‍ണ്ണാഭമായ കല്പനാനാളം തന്നെ അച്ഛന്‍;ജീവിതത്തിലും ആവിഷ്‌കരണങ്ങളിലും.