ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ഡ്രൈവര്‍ മുകേഷ് സിങ് ഇപ്പോല്‍ ജയിലിലാണോ പുറത്താണോ എന്നെനിക്കറിയില്ല. വധശിക്ഷ വിധിക്കപ്പെട്ട പ്രതികള്‍ക്ക് യഥേഷ്ടം ജാമ്യം കിട്ടുമോ എന്നും എനിക്കറിയില്ല. ഇന്ത്യയായതുകൊണ്ട് എന്നും സംഭവിക്കാം. എന്ന വിപരീതചിന്തയില്‍ ഞാന്‍ മുഴുകുന്നു.
വധിശക്ഷയ്ക്ക് വിധിക്കപ്പെട്ട് കണ്ടംഡ് സെല്ലില്‍ കിടക്കുന്നവര്‍ക്ക് പുറം ലോകവുമായി യഥേഷ്ടം ഇടപെടാമോ? അതും എനിക്കറിയില്ല. അവര്‍ക്ക് ഇന്ത്യന്‍ മാധ്യമങ്ങളും ലോകമാധ്യമങ്ങളുമായി സംസാരിക്കാനും അഭിമുഖം നല്‍കാനും കഴിയുമോ? കഴിയില്ലെന്നാണ് ഇതുവരെ ഞാന്‍ ധരിച്ചത്. അത് തെറ്റിയിരിക്കുന്നു. ലോകത്തോട് അവര്‍ക്കെന്തും വിളിച്ചു പറയാം.
വേറൊരു ശിക്ഷയ്ക്ക് ഇനി വകുപ്പില്ലാത്തതിനാല്‍ എന്ത് നികൃഷ്ടകൃത്യവും അവര്‍ക്ക് ചെയ്യാം. ആരേയും രണ്ടുതവണ തൂക്കിക്കൊല്ലാന്‍ പറ്റില്ലല്ലോ? ഒരു സാധാരണ മനുഷ്യന്‍ ഇങ്ങനെയൊക്കെയായിരിക്കും വേവലാതിപ്പെടുക. ബി.ബി.സി മുകേഷ് സിങ്ങുമായ ഒരു ഇന്റര്‍വ്യൂ നടത്തിയതിന്റെ ഞെട്ടലിലാണ് ഇങ്ങനെയൊക്കെ പറയേണ്ടിവരുന്നത്. മുകേഷ് സിങ് പറഞ്ഞ ചില കാര്യങ്ങളാണ് എന്നെ പ്രകോപിപ്പിച്ചത്.
ദല്‍ഹിയിലെ പെണ്‍കുട്ടിയുടെ മരണത്തിനുത്തരവാദി പെണ്‍കുട്ടി തന്നെയാണെന്നാണ് മുകേഷ് പറയുന്നത്. അവര്‍ എതിര്‍ത്തില്ലായിരുന്നെങ്കില്‍ അവളെ കൊല്ലേണ്ടി വരില്ലായിരുന്നുവത്രേ. എതിര്‍ക്കാതെ പെണ്‍കുട്ടികള്‍ കീഴടങ്ങിക്കൊള്ളണമെന്നതാണ് മുകേഷ് ഇരകള്‍ക്കും ലോകത്തിനും നല്‍കുന്ന സന്ദേശം.
വധശിക്ഷയ്ക്കുപോലും അവരെ അത്തരം ചിന്തകളില്‍ നിന്നു പിന്‍തിരിപ്പിക്കാനാവില്ല. ഒരു പക്ഷെ നീതിപാലകരുടെ ചിന്താഗതിയും ഇതുതന്നെയായിരിക്കുമെന്ന് തോന്നുന്നു. ഒരു ജീവിത രീതിയുടെ മനോഗതിയാണത്. ഒരു ജനാധിപത്യ സംവിധാനത്തിനും ഇവരെ ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കാനാവില്ല.
ബലാത്സംഗം ആണിന്റെ അവകാശമാണെന്ന ധ്വനികൂടി അതിലുണ്ട്. ബലാത്സംഗത്തിനിടയില്‍ ഒരു പെണ്‍കുട്ടി മരിച്ചാല്‍ കുറ്റവാളി അവള്‍ തന്നെയായിരിക്കും. ഒരുപക്ഷെ, ഈ വലിയ വിഭാഗം വേട്ടക്കാരും ആലോചിക്കുന്നത് ഇങ്ങനെതന്നെയായിരിക്കും.
വധശിക്ഷയ്ക്കുപോലും അവരെ അത്തരം ചിന്തകളില്‍ നിന്നു പിന്‍തിരിപ്പിക്കാനാവില്ല. ഒരു പക്ഷെ നീതിപാലകരുടെ ചിന്താഗതിയും ഇതുതന്നെയായിരിക്കുമെന്ന് തോന്നുന്നു. ഒരു ജീവിത രീതിയുടെ മനോഗതിയാണത്. ഒരു ജനാധിപത്യ സംവിധാനത്തിനും ഇവരെ ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കാനാവില്ല.
ബി.ബി.സിയില്‍ ഇങ്ങനെ വിടുവായത്തം പറയാന്‍ മുകേഷിനെ ജയിലധികൃതര്‍ സമ്മതിച്ചതുതന്നെ അവരുടെ ചിന്തയും ഇതുമായി ഒത്തുപോകുന്നതുകൊണ്ടായിരിക്കാം. എന്തെങ്കിലും നല്ലകാര്യങ്ങള്‍ പറയുന്നതിനോടായിരിക്കും അവര്‍ക്കെതിര്‍പ്പ്.
“ഒരുകാര്യം കൂടി മുകേഷ് പറഞ്ഞു. കുലീനയായ പെണ്‍കുട്ടികള്‍ 9 മണി കഴിഞ്ഞാല്‍ പുറത്തിങ്ങാറില്ല.” ഈ ചിന്താധാരകള്‍ ഭരണവര്‍ഗത്തിന്റേത് കൂടിയാണ്. അതുകൊണ്ടീ സുഭാഷിതകങ്ങള്‍ വേട്ടക്കാരുടെ മാനിഫെസ്റ്റോയാണ്. അതൊരു സാര്‍വദേശീയ മാനിഫെസ്റ്റോ ആണ്. മതേതര മാനിഫെസ്റ്റോ ആണ്. മതവും ജാതിയുമില്ലാത്ത മതപക്ഷമില്ലാത്ത നിരപേക്ഷ മാനിഫെസ്റ്റോ ആണ്.
ഹിന്ദു തീവ്രവാദികളും മുസ്‌ലിം തീവ്രവാദികളും ഇതിലൊന്നും പെടാത്തവരും പ്രചരിപ്പിക്കുന്ന സുവിശേഷം. ജയില്‍ പുള്ളികള്‍ക്കും കൊലയാളികള്‍ക്കും മനുഷ്യാവകാശങ്ങള്‍ ഇല്ലെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. കൊലക്കയറിനു മുന്‍പിലും കഴുമരത്തില്‍ കിടക്കുമ്പോഴും ലോകത്തോട് തന്റെ അഭിപ്രായം വിളിച്ചു പറയാന്‍ മനുഷ്യര്‍ക്കെല്ലാം അവകാശമുണ്ട്. അതംഗീകരിക്കപ്പെടുക തന്നെ വേണം. അതുകൊണ്ട് ഞാന്‍ മുകേഷിന്റെ അവകാശത്തെ അംഗീകരിക്കുന്നു. എന്നാല്‍ അയാള്‍ പറയുന്നത് അസംബന്ധവും നീചവും നിന്ദ്യവും ആണെന്ന് വിളിച്ചു പറയുകയും ചെയ്യുന്നു. ഭരണകൂടം അതിന് തയ്യാറാവുന്നില്ലെന്നതാണെന്റെ പരാതി.