ജീവിയ്ക്കുന്ന ലോകത്തെ അറിയാത്ത ഇപ്പോഴത്തെ നേതാക്കള്‍ക്കെങ്ങിനെ അതിന്റെ സത്യങ്ങള്‍ മനസിലാവും. എത്രത്തോളം ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കാവുന്നുണ്ട്? ഇന്ത്യന്‍ സ്വത്വത്തോട് ഇന്ത്യന്‍ ജീവിതത്തിന്റെ ജാതിവ്യവസ്ഥകളോട്മതവൈജാത്യങ്ങളോട് ഉച്ഛനീചത്വങ്ങളോട് അങ്ങിനെ അനേകം വിചിത്രമായ സമസ്യകളോട്.
| ഫ്രം ദി ചീഫ് എഡിറ്റേഴ്‌സ് നോട്ട്പാഡ് | ബാബു ഭരദ്വാജ് |
സി.പി.ഐ.എമ്മിന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ വാര്‍ത്തകള്‍ കാണുമ്പോഴും വായിക്കുമ്പോഴും ഞാന്‍ ആവശ്യമില്ലാതെ അതിശയിക്കുന്നുണ്ടായിരുന്നു. ഈ ആസുരമായ കാലത്തുപോലും നിസ്സഹായത നിറഞ്ഞ നിര്‍മമത.
എത്രകാലം ഇനിയും ഈ തമാശ നാടകം കാണണം!
കാളയും കലപ്പയും ഉഴാന്‍ നിലവും ഉഴച്ചില്‍ക്കാരുമൊക്കെ നിരന്നുകഴിയുമ്പോഴും കാളയെ എങ്ങനെ കെട്ടണം കലപ്പ എവിടെ കെട്ടണം എന്നറിയാതെ നേതൃത്വം കുഴങ്ങുകയാണ്. ഇന്ത്യയില്‍ പ്രസ്ഥാനമെന്ന നിലയില്‍ ഇടതുപക്ഷം ഉണ്ടായിട്ട് നൂറുവര്‍ഷം തികയാന്‍ ഏതാനും വര്‍ഷങ്ങള്‍ മതി. ഏതൊക്കെയോ പരിഹാസങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മളതിനെ അന്‍പതായി ചുരുക്കുന്നു.
1964ലെ പാര്‍ട്ടി പിളര്‍പ്പിനു ശേഷമുള്ള അന്‍പതു കൊല്ലങ്ങള്‍. അതിനര്‍ത്ഥം സമരോത്സുകമായ ഒരു ഭൂതകാലത്തെ നമ്മള്‍ മറക്കണമെന്നും താരതമ്യേന അധികാരശീതളമായ കാലത്തെ വരിക്കണമെന്നുമാണ്. സമരം മറക്കാം അധികാരത്തിന്റെ സൂത്രവാക്യങ്ങള്‍ ഉണ്ടാക്കാം. ആറു ദിവസം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തതും അധികാരത്തിന്റെ സൂത്രവാക്യങ്ങള്‍ തന്നെയാണ്. അതിനാരെ കൂട്ടണം ആരെ ഒഴിവാക്കണം എന്നൊക്കെ. അതിന്റെ സൈദ്ധാന്തിക പരിസരങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല.
സര്‍ക്കസ്സില്‍ കൂമ്പന്‍ തൊപ്പികള്‍ മാറ്റിക്കളിച്ച് ആള്‍ക്കാരെ ചിരിപ്പിക്കുന്ന കോമാളി പാര്‍ട്ടിയായി ഇന്ത്യയിലെ ഈ പാര്‍ട്ടി മാറിക്കഴിഞ്ഞു. അതിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഈ പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ലെന്ന് എളുപ്പം പറഞ്ഞ് പാര്‍ട്ടി നേതാക്കള്‍ അരിശം തീര്‍ക്കും. ഫാസിസത്തിനെതിരായ ഐക്യമുന്നണിക്ക് പകരം അധികാരത്തിന്‍ പങ്കുപറ്റാതെയുള്ള തട്ടിക്കൂട്ടു മുന്നണികളെപ്പറ്റിയാണ് നമ്മള്‍ ആലോചിക്കുന്നത്.
ഇന്ത്യയില്‍ ഇത്രയേറെ പ്രാദേശിക പാര്‍ട്ടികളെ ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പാര്‍ട്ടിക്കൊരിക്കലും കൈകഴുകാന്‍ പറ്റില്ല. കോണ്‍ഗ്രസ്സിനെ എതിര്‍ക്കാന്‍ വ്യക്തികളേയും പ്രസ്സുകളേയും നമ്മള്‍ പാര്‍ട്ടികളാക്കി വളര്‍ത്തി. പാര്‍ട്ടികള്‍ തന്നെ വ്യവസായങ്ങളായി. ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന നനാതരം ഗുലാന്‍ പാര്‍ട്ടികളെ ഉണ്ടാക്കി ഇടതുപക്ഷം വെറും “ഇസ്‌പേഡ് ഏഴാാം കൂലികളായി ചിലപ്പോഴൊക്കെ അതിനൊരു തുറുപ്പ് ശീട്ടാകാന്‍ പറ്റിയേക്കും. ആണ്ടി നല്ല അടിക്കാരനാണെന്ന് പൊങ്ങച്ചം പറയുന്നതുപോലെയാണത്.
പ്രമേയം പാസ്സാക്കി മറന്നുകളയുക എന്ന പ്രത്യയശാസ്ത്ര ജാഡകള്‍ തുടരുമെന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. തെരഞ്ഞെടുപ്പില്ലാതെ തന്നെ ഏകകണ്ഠമായി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തിട്ടും പലരുടേയും വാക്കുകളില്‍ വിഷം തുളുമ്പുന്നത് ഒട്ടും സുഖകരമല്ലാത്തതും അടിച്ചേല്‍പ്പിക്കപ്പെട്ടതുമായ ഒരു തരം കുടിപ്പക പാര്‍ട്ടിയ്ക്കുള്ളില്‍ പുകയുന്നു എന്നതിന്റെ സൂചനയാണ്.
വിമര്‍ശന ഫലങ്ങളെ അവ എത്രമേല്‍ വേദനാകരമാണെങ്കിലും അഭിമുഖീകരിക്കുക തന്നെയാണ് വേണ്ടതെന്ന് പറഞ്ഞത് മാര്‍ക്‌സാണ്.
സമഗ്രാധിപത്യത്തിന്റെ ഗതികെട്ട മോഹങ്ങള്‍ മാധ്യമങ്ങളേയും ജനങ്ങളേയും വിത്തും ഭയന്നുകൊണ്ടിരിക്കുന്നു. അവര്‍ തങ്ങളുടെ ശത്രുക്കളാണെന്ന് നിരന്തരം വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും. സമഗ്രാധിപത്യത്തിന്റെ ഇത്തരം പ്രവണതകള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ഗുപ്താവസ്ഥയില്‍ കിടക്കുന്നു, ഉറങ്ങിക്കിടക്കുന്നു. മനുഷ്യശരീരത്തില്‍ പലതരം വിഷങ്ങള്‍ ഉറങ്ങിക്കിടക്കുന്നതുപോലെ അവസരം വരുമ്പോള്‍ ഉണര്‍ന്നാക്രമിക്കാനെന്ന് ആരെങ്കിലും കരുതിയാല്‍ കുറ്റപ്പെടുത്താനാവില്ല.
സമ്മേളനത്തില്‍ വാസ്തവത്തില്‍ എന്താണ് നടന്നതെന്ന് പറയുന്നതില്‍ പാര്‍ട്ടി ആരെയാണ് പേടിക്കുന്നത്? ജനങ്ങളെയാണോ?ഒരു തുറന്നുപറച്ചിലിനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുകവഴി പാര്‍ട്ടി ബഹുജനങ്ങളില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. വോട്ടുടെപ്പ് ജനാധിപത്യ പ്രക്രിയ ആണെന്നിരിക്കേ പാര്‍ട്ടി എന്തിനാണതിനെ ഭയപ്പെടുന്നത്. അതൊരുതരം “പുലപ്പേടി”യാണ്. ഇല്ലാത്ത ഒന്നിനെ പേടിക്കല്‍. മറ്റൊരു തരത്തില്‍ മാനംകാക്കല്‍ കൊല (Honour Killing) പോലെ മിഥ്യാഭിമാനത്തിന്റെ വൃത്തികെട്ട പരിസമാപ്തി.
ചില മഹത്‌വചനങ്ങള്‍ ഈ പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും ഓര്‍ക്കുന്നത് നല്ലതാണ്. മാര്‍ക്‌സിസം പറഞ്ഞുകളിയ്ക്കാന്‍ മാത്രമാണ് ഇതെടുത്തെഴുതുന്നത്.
ആദ്യവാചകം പ്രസിദ്ധ മാര്‍ക്‌സിസ്റ്റ് ചിന്തകനായ എറിക് ബാമിന്റേതാണ്. “താന്‍ ജീവിയ്ക്കുന്ന ലോകത്തിലെ സത്യങ്ങളില്‍ നിന്ന് രൂപപ്പെടുമ്പോള്‍ മാത്രമേ മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ സ്വാകാര്യവും ഫലപ്രദവുമാകുകയുള്ളൂ.”
ജീവിയ്ക്കുന്ന ലോകത്തെ അറിയാത്ത ഇപ്പോഴത്തെ നേതാക്കള്‍ക്കെങ്ങിനെ അതിന്റെ സത്യങ്ങള്‍ മനസിലാവും. എത്രത്തോളം ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കാവുന്നുണ്ട്? ഇന്ത്യന്‍ സ്വത്വത്തോട് ഇന്ത്യന്‍ ജീവിതത്തിന്റെ ജാതിവ്യവസ്ഥകളോട്മതവൈജാത്യങ്ങളോട് ഉച്ഛനീചത്വങ്ങളോട് അങ്ങിനെ അനേകം വിചിത്രമായ സമസ്യകളോട്.
സമഗ്രാധിപത്യത്തിന്റെ ഗതികെട്ട മോഹങ്ങള്‍ മാധ്യമങ്ങളേയും ജനങ്ങളേയും വിത്തും ഭയന്നുകൊണ്ടിരിക്കുന്നു. അവര്‍ തങ്ങളുടെ ശത്രുക്കളാണെന്ന് നിരന്തരം വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും. സമഗ്രാധിപത്യത്തിന്റെ ഇത്തരം പ്രവണതകള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ഗുപ്താവസ്ഥയില്‍ കിടക്കുന്നു, ഉറങ്ങിക്കിടക്കുന്നു.
“വിമര്‍ശന ഫലങ്ങളെ അവ എത്രമേല്‍ വേദനാകരമാണെങ്കിലും അഭിമുഖീകരിക്കുക തന്നെയാണ് വേണ്ടതെന്ന് പറഞ്ഞത് മാര്‍ക്‌സാണ്.
“വസ്തുതകളെ മൂടിവെയ്ക്കുകയെന്നത് മാര്‍ക്‌സിസമോ യഥാര്‍ഥ രാഷ്ട്രീയമോ അല്ല.” പറഞ്ഞത് എറിക് ബാം തന്നെയാണ്. “നമ്മള്‍ പശ്ചാത്താപരഹിതരാവുന്നതുകൊണ്ടാണ് ഇങ്ങിനെ വസ്തുതകളെ മൂടിവെയ്ക്കുന്നതെന്നും “എറിക്ബാം തുടര്‍ന്നു പറയുന്നു.
മാറിവരുന്ന ലോകപരിതസ്ഥിതികളില്‍ മധ്യവര്‍ഗത്തിന്റെ എണ്ണം വര്‍ധിയ്ക്കുമെന്നും പണിയെടുക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ എണ്ണം ആനുപാതികമായി കുറയുമെന്നും മാര്‍ക്‌സ് 125 വര്‍ഷം മുമ്പ് പറഞ്ഞിട്ടുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് മാറണമെന്നുമാത്രമാണ് എനിക്കെഴുതാനുള്ളത്. അടിസ്ഥാന പ്രമാണങ്ങളെ നിരാകരിക്കണമെന്നല്ല അതിനര്‍ഥം.
ധീരമായ ഒരു തുറന്നു പറച്ചിലിന് പാര്‍ട്ടി തയ്യാറാവേണ്ടതല്ലേ?