ഓരോ കാലത്തും ഭരണവ്യവസ്ഥ കാലോചിതമായി മാറിക്കൊണ്ടിരിക്കും. മന്ത്രിയും പോലീസും കോടതിയും ഒക്കെ മാറ്റത്തിനു വിധേയമാണ്. ഭരണകൂടം ഇപ്പോള്‍ ഒരു ബ്രോക്കര്‍ കമ്പനിയായി മാറിക്കൊണ്ടിരിക്കുന്നു. കമ്മീഷന്‍ പറ്റി കഴിയുന്ന ഒരു തുക്കടാ കമ്പനി. കമ്പനി “തുക്കട”യാണെങ്കിലും തല്ലാനും കൊല്ലാനുമുള്ള അധികാരം ഇപ്പോഴുമുണ്ട്, ഉണ്ടെന്നുമാത്രമല്ല എല്ലാ കാലത്തേക്കാളും കൂടുതലാണത്.
നൂറുദിവസം കൊണ്ട് വിദേശബാങ്കുകളിലെ കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്നും ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് എക്കൗണ്ടില്‍ 15 ലക്ഷം രൂപവീതം നിക്ഷേപിക്കുമെന്നുമായിരുന്നു മോദിയുടെ വാഗ്ദാനം. കള്ള ആപ്പഊപ്പ സ്വാമിമാരോ മഹാരാജാക്കന്മാരോ ബി.ജെ.പിയിലെ ആള്‍ദൈവങ്ങളോ സംഘചാലകരോ ഒന്നുമല്ല ഈ വാഗ്ദാനം നല്‍കിയത്. സാക്ഷാല്‍ മോദിയാണ്. അതിനുവേണ്ടി യുദ്ധകാലാടിസ്ഥാനത്തില്‍ ആള്‍ക്കാരെക്കൊണ്ടൊക്കെ ബാങ്കുകളില്‍ എക്കൗണ്ടും എടുപ്പിച്ചു.
കള്ളപ്പണം കണ്ടുപിടിച്ചില്ല, കള്ളപ്പണക്കാരെയൊക്കെ ഇന്ത്യയിലെത്തിച്ചുമില്ല. പത്രക്കാര്‍ കഷ്ടപ്പെട്ട് പേരും എക്കൗണ്ട് നമ്പറുകളും തുകയുമൊക്കെ വെളിച്ചത്ത് കൊണ്ടുവന്നപ്പോള്‍ മോദിയുടെ മന്ത്രിപറയുന്നത് പേരുവേണ്ട തെളിവുമതിയെന്നാണ്. തെളിവില്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ലത്രേ. തെളിവുണ്ടാക്കിക്കൊടുക്കേണ്ട ചുമതല ഇപ്പോള്‍ ജനത്തിന്റെ പെരടിയ്ക്കാണ്.
എല്ലാ കുറ്റകൃത്യങ്ങള്‍ക്കും തെളിവ് ചോദിക്കുന്ന പോലീസും മന്ത്രിമാരും മാവോവാദികള്‍ എന്നു മുദ്രകുത്തി ചെറുപ്പക്കാരെ തുറുങ്കിലടയ്ക്കുമ്പോള്‍ തെളിവിന്റെ കാര്യം ആലോചിക്കാറേയില്ല.
തെളിവുണ്ടാക്കിക്കൊടുത്താല്‍ കള്ളപ്പണക്കാര്‍ ശിക്ഷിക്കപ്പെടുമെന്നോ കള്ളപ്പണം ഖജനാവിലേക്ക് മുതല്‍ കൂടുമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് വാണരുളുന്നത്. പേര് കിട്ടിയാല്‍ അതിനൊപ്പം തെളിവുകളും കിട്ടിയാല്‍ സംഗതി എളുപ്പമായി. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ കണ്ടുപിടിയ്ക്കാം. കമ്മീഷനും അടിയ്ക്കാം.
“തെളിവുണ്ടോ? തെളിവുണ്ടോ?” എന്ന് ചോദിച്ച് മന്ത്രിമാര്‍ ജനങ്ങള്‍ക്ക് പിന്നാലെ നടക്കുന്ന മറ്റൊരു കേസ്സാണ് ബാര്‍ക്കോഴക്കേസ്. ഏതുതരം തെളിവാണ് വേണ്ടതെന്ന് മാത്രം മനസ്സിലാവുന്നില്ല. കൈക്കൂലികൊടുക്കുന്നവനും വാങ്ങുന്നവനും ചെണ്ടകൊട്ടി ആള്‍ക്കാരെ വിളിച്ച് കൂട്ടിയിട്ടല്ലല്ലോ കൈക്കൂലി കൊടുക്കുന്നത്.
വിജിലന്‍സ് കേസ്സെടുത്ത് അഞ്ചാറുമാസം കഴിഞ്ഞിട്ടും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞിട്ടില്ല. കൊടുത്തപണം കണ്ടെത്താന്‍ റെയ്ഡ് നടത്തിയിട്ടില്ല, കുറ്റാരോപിതനായ പ്രതിയെ ചോദ്യം ചെയ്തിട്ടുപോലുമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും “തെളിവുണ്ടോ? തെളിവുണ്ടോ?” എന്നു ചോദിച്ചു നാടു ചുറ്റുന്നു. തെളിവുണ്ടാക്കേണ്ട ചുമതല അവര്‍ ജനങ്ങളെ എല്‍പ്പിച്ചിരിക്കുന്നു. തെളിവു കിട്ടിയാല്‍ അതെങ്ങിനെ ഇല്ലാതാക്കാമെന്ന കാര്യം അവരിപ്പോഴേ തീരുമിച്ചിട്ടുണ്ടാവണം.
ഇപ്പോള്‍ പോലീസിന്റെ പണി കള്ളനെ പിടിക്കലോ തൊണ്ടിമുതല്‍ കണ്ടുപിടിക്കലോ അല്ല. കള്ളനെ രക്ഷപ്പെടാന്‍ അനുവദിക്കലാണ്.
കോടതികളും ഇപ്പോള്‍ ആ വഴിക്കാണ് നീങ്ങുന്നത്. അതിനേറ്റവും വലിയ ഉദാഹരണം അഴിമതി കണ്ടുപിടിക്കാനായി മാത്രം നിയോഗിക്കപ്പെട്ട ലോകായുക്തയുടെ പൊട്ടിത്തെറിയാണ്.
പാറ്റൂര്‍ കേസില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അവിഹിതമായി ഇടപെട്ട് സര്‍ക്കാര്‍ സ്ഥലം ഭൂമാഫിയക്ക് സൗജന്യമായി കൈമാറിയ കേസില്‍ തെളിവുകള്‍ ഹാജരാക്കിയ എ.ഡി.ജി.പിയ്‌ക്കെതിരെയാണ് കുരച്ചുചാടിയത്. തന്നെ ആരും തെളിവ് ശേഖരിക്കാനായി നിയോഗിച്ചിട്ടില്ലല്ലോ എന്നാണ് കുപിതനായ ജഡ്ജിയുടെ ചോദ്യം, ഡി.ജി.പിയോട്. അത്യുന്നതങ്ങളില്‍ പിടിപാടുള്ളവര്‍ തന്നെ വകവരുത്തുമെന്നാണ് എ.ഡി.ജി.പി ഭയപ്പെടുന്നത്. ഭരണത്തിന്റെ എല്ലാ തലങ്ങളിലുമുള്ള അധികാരികള്‍ ജനങ്ങള്‍ക്കെതിരെ ഐക്യമുന്നണിയുണ്ടാക്കി കഴിഞ്ഞിരിക്കണം.
എല്ലാ കുറ്റകൃത്യങ്ങള്‍ക്കും തെളിവ് ചോദിക്കുന്ന പോലീസും മന്ത്രിമാരും മാവോവാദികള്‍ എന്നു മുദ്രകുത്തി ചെറുപ്പക്കാരെ തുറുങ്കിലടയ്ക്കുമ്പോള്‍ തെളിവിന്റെ കാര്യം ആലോചിക്കാറേയില്ല.