എസ്സേയ്‌സ്/ബാബു ഭരദ്വാജ്
പ്രധാനമന്ത്രി പറഞ്ഞത് കേരളത്തെ കരുത്തുറ്റ നിക്ഷേപകേന്ദ്രമാക്കുമെന്നാണ്. അതിനോട് വിയോജിക്കേണ്ട കാര്യമില്ല. എന്നാല്‍ അതെങ്ങിനെ എന്ന ചോദ്യം പ്രസക്തമാണ്. അതിനായി കേരളം അതിന്റെ സ്വാഭാവിക പരിസ്ഥിതിയെ വിറ്റുകലയ്‌ക്കേണ്ടി വരുമോ?
കേരളത്തിന് ഭക്ഷ്യസുരക്ഷ ആവശ്യമില്ലെന്നാണ് പ്ലാനിങ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആലുവാലിയ പറഞ്ഞു. നെല്‍കൃഷി ചെയ്യേണ്ട കാര്‍ഷിക ഭൂമിയില്‍ നെല്‍കൃഷി ചെയ്യേണ്ടതില്ല. അവിടെ വ്യവസായങ്ങള്‍ ഉണ്ടായാല്‍ അതാണ് നല്ലത്. ഇപ്പറഞ്ഞത് പണ്ടൊരു കേരളമന്ത്രി എളമരം കരീം തെങ്ങിന്റെ മണ്ടയില്‍ വ്യവസായം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിന്റെ വേറൊരു രൂപമാണ്. സസ്യപ്രകൃതിയില്ലാത്ത ഒരു കേരളമാണ് അവരുടെയൊക്കെ ഭാവനയിലുള്ളത്.
അവസാനത്തെ പച്ചത്തുരുത്തും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഇടത്- വലത് ഭേദമില്ലാതെ എല്ലാവരും ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. അതിനിടയില്‍ ഒരു പൊതുയോഗത്തില്‍ കേരളത്തിലെ കുന്നും മലകളും ഇല്ലാതാക്കുന്നതിനെക്കുറിച്ച്, കേരളത്തിലെ പച്ചപ്പ് നശിപ്പിക്കുന്നതിനെക്കുറിച്ച് കണ്ണൂരിലെ ഒരു ജയരാജന്‍ ആവേശഭരിതനാവുന്നതും കണ്ടു. അതും ഒരു ഫലിതം തന്നെയാണ്. അവരെന്താണ് ഇതുവരെ ചെയ്തുകൊണ്ടിരുന്നതതെന്ന് അവരറിയുന്നില്ലേ?
സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം ചെയ്തവര്‍ക്ക് ഒരുപക്ഷെ സ്വാശ്രയ കോളേജുകള്‍ ഉണ്ടാക്കാനും നിലനിര്‍ത്താനും കഴിഞ്ഞേക്കും. വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കെതിരെ സമരം നടത്തിയവര്‍ക്ക് വിദ്യാഭ്യാസ കച്ചവടം ഒരു ഹോബിയാക്കാം.
കേരളം കുത്തനെ വളരണമെന്നാണ് സാം പിട്രോഡ പറഞ്ഞത്. സ്ഥലക്ഷാമം പരിഹരിക്കാനുള്ള ചെപ്പടി വിദ്യാണത്. അത്രത്തോളം ഭൂമിയ്ക്ക് ക്ഷതമേല്പ്പിക്കുമെന്നും ഭൂചലന സാധ്യതകളെ ത്വരിതപ്പെടുത്തുമെന്നും ആലോചിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.
എമേര്‍ജിങ് കേരളയില്‍ കാനഡയിലെ ലാവ്‌ലില്‍ കമ്പനിക്കാരും എത്തിയിട്ടുണ്ടേ്രത! എന്ത് തട്ടിപ്പിനായിരിക്കും അവരെത്തിയിരിക്കുന്നത്? എന്തായാലും സംഗതികള്‍ ശുഭസൂചകമല്ല.
കേരളത്തെ വികസന പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കണമെങ്കില്‍ നാടിനേയും നാട്ടുരേയുമറിയുന്ന പ്രതിഭാശാലികള്‍ ഉണ്ടായിരിക്കണം. അവരെ ആരേയും അവിടെ കണ്ടില്ല. കച്ചവടക്കാരുടെ ആഗോളസംഗമമായി എമേര്‍ജിങ് കേരള മാറുമോ എന്ന് ആശങ്കിക്കാനേ ഈ അവസരത്തില്‍ കഴിയൂ.