പക്ഷം ചേരാത്ത ഭീരുക്കള്‍
Editorial
പക്ഷം ചേരാത്ത ഭീരുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th January 2012, 8:15 pm

police-leaking-muslim-mailഎഡിറ്റോ- റിയല്‍ / ബാബുഭരദ്വാജ്

കേരളത്തിലെ പത്രങ്ങളെല്ലാം ഇതുപോലെ കാഴ്ചക്കാരായി നില്‍ക്കുന്ന ഒരനുഭവം മലയാള പത്രപ്രവര്‍ത്തക ചരിത്രത്തില്‍ ഇതാദ്യമായിരിക്കണം. വ്യക്തികളിലെ സ്വകാര്യതകളിലേക്ക് അതിഭീകരമായും ഭീഷണമായും കടന്നുകയറാന്‍ ഒരു ഭരണകൂടം മുതിരുമ്പോള്‍ അതിനെതിരെ നിലപാടെടുത്ത മാധ്യമം എന്ന പത്രത്തിന്റെ ധീരമായ നിലപാടിനെ ചോദ്യം ചെയ്യലും ചെയ്യാതിരിക്കലും ഓരോ പത്രത്തിന്റെയും സ്വന്തം കാര്യമായിരിക്കാം. ഈ പത്രങ്ങളില്‍ പലതും ചിരകാലത്തും എല്ലാകാലത്തും ഭരിക്കുന്നവരുടെ ചൊല്‍പ്പടിയ്ക്കായതുകൊണ്ട് ഞങ്ങള്‍ക്കതില്‍ അതിശയം തോന്നുന്നുമില്ല.

എന്നാല്‍ ഈ പ്രശ്‌നത്തോട് നിസ്സംഗമായ നിഷ്പക്ഷ നിലപാടെടുക്കുന്നതിനെ ചോദ്യം ചെയ്യാതിരിക്കാനാകില്ല. ഇതൊക്കെ എല്ലാകാലത്തും ഉണ്ടായിരിക്കുമെന്നും  ഉണ്ടായിരിക്കണമെന്നുള്ള വാദത്തെ ഒരു തരത്തിലും പിന്തുടരാനും പ്രോത്സാഹിപ്പിക്കാനുമാവില്ല. ഇക്കാര്യത്തില്‍ പക്ഷം ചേരാതിരിക്കുന്നതിലെ ഭീരുത്വം കാണാതിരിക്കാനുമാവില്ല.

രാജ്യ സുരക്ഷയെ കരുതി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിലളിതമായ ചില പ്രതിരോധ പരിപാടികളെ കൊണ്ട് 268 പേരുടെ ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന് വിചാരിക്കാനും ഞങ്ങള്‍ക്കാവില്ല. 268 പേരില്‍ 258 പേരും ഒരു ന്യൂനപക്ഷ സമുദായമായത് തികച്ചും യാദൃശ്ചികമാണെന്നും ഞങ്ങള്‍ കരുതുന്നില്ല. വെറുതെ ഇ-മെയില്‍ ഐ ഡി അറിഞ്ഞിരിക്കല്‍ മാത്രമാണ് സര്‍ക്കാരിന്റെ “”സദുദ്ദേശം” എന്നും വിചാരിക്കാനാവില്ല. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറ്റിയ ചില്ലറ കൈപ്പിഴവാണെന്ന മുഖ്യമന്ത്രിയുടെ നിസ്സാരവത്ക്കരണം ഞങ്ങള്‍ക്ക് സ്വീകാര്യവുമല്ല.

സര്‍ക്കാരിന് പറയാനുള്ള ഞൊണ്ടി ന്യായങ്ങള്‍ വെണ്ടക്ക അക്ഷരത്തില്‍ നിരത്തുന്ന പത്രങ്ങള്‍ ഈ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയവരുടെ ന്യായീകരണങ്ങള്‍ എന്തുകൊണ്ട് അവഗണിക്കുന്നു

ആരുടേയും പാസ് വേഡ് സര്‍ക്കാര്‍ അന്വേഷിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. “”ലോഗ് ഇന്‍”വിവരങ്ങള്‍ എന്നതിന്റെ ഏറ്റവും ലളിതവും സാധാരണവുമായ അര്‍ത്ഥം പാസ് വേഡ് എന്നു തന്നെയാണ്. ഏതു ഇ-മെയില്‍ ഐഡിയിലേക്കും കടന്നുകയറണമെങ്കില്‍ അല്ലെങ്കില്‍ ലോഗ് ഇന്‍ ചെയ്യണമെങ്കില്‍ പാസ് വേഡ് വേണമെന്നത് ഏതു കൊച്ചുകുട്ടിയ്ക്കും ഇന്നറിയാം. അങ്ങിനെയിരിക്കെ പാസ് വേഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും ആ പാസ് വേഡ് ഉപയോഗിച്ച് 268 പേരുടെ സ്വകാര്യതകളിലേക്ക് പോലീസ് കടന്നുകയറിയിട്ടില്ലെന്നും പറയുന്നത് എന്തര്‍ത്ഥത്തിലാണ്. അങ്ങിനെയെന്തെങ്കിലുമാണ് സര്‍ക്കാര്‍ “”മനസാ വാചാ കര്‍മ്മണ” ഉദ്ദേശിച്ചിട്ടില്ലെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രി ഇതൊക്കെ പറയുന്നത്?

ഇത്തരം ഒരവസ്ഥയില്‍ പോലും പത്രങ്ങള്‍ക്ക് പക്ഷം പിടിക്കാന്‍ കഴിയുന്നില്ലെന്നാണ് നമ്മുടെ “”പത്രധര്‍മ്മം” എന്ന മനോഹരമായ ആശയത്തെ വ്യദിചരിക്കലാണ്. സര്‍ക്കാരിന്റെ നെറികെട്ട നടപടികളേക്കാള്‍ ഞങ്ങളെ വിഷാദിപ്പിക്കുന്നത് പത്രങ്ങളുടെ ഈ ഭീരുത്വമാണ്. സര്‍ക്കാരിന് പറയാനുള്ള ഞൊണ്ടി ന്യായങ്ങള്‍ വെണ്ടക്ക അക്ഷരത്തില്‍ നിരത്തുന്ന പത്രങ്ങള്‍ ഈ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയവരുടെ ന്യായീകരണങ്ങള്‍ എന്തുകൊണ്ട് അവഗണിക്കുന്നു. അടിയന്തരാവസ്ഥയുടെ പനിപ്പേടിയിലാണോ നമ്മുടെ മാധ്യമങ്ങള്‍.

ഭിന്ന സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധ ഉണ്ടാക്കാനുള്ള ശ്രമമാണ് “മാധ്യമം” നടത്തിയതെന്ന പ്രചരണത്തോടും ഞങ്ങള്‍ക്ക് യോജിക്കാനാവില്ല. യഥാര്‍ത്ഥത്തില്‍ സമുദായങ്ങളെ ഭിന്നിപ്പിക്കാനും അവര്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കാനും ശ്രമിച്ചത് കേരളത്തിലെ ആഭ്യന്തര വകുപ്പും പോലീസുമല്ലേ? ആ ശ്രമം പുറത്തുകൊണ്ടു വരേണ്ടത് മാധ്യമങ്ങളുടെ ധര്‍മ്മമല്ലേ? ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ സംഘപരിവാറും സര്‍ക്കാറും കൈകോര്‍ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. അത്തരം ഒരു ഐക്യത്തിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത് സര്‍ക്കാരും കേരള മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തര വകുപ്പുമാണ്. മാധ്യമം വിശദീകരിക്കണമെന്നും മാപ്പുപറയണമെന്നുമൊക്കെയാണ് ആവശ്യപ്പെടുന്നത്. മാധ്യമം മാത്രമല്ല പ്രതിപക്ഷ നേതാവും മാപ്പു പറയണമേ്രത ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി?

മുസ്‌ലീം ലീഗിന്റെ തോളില്‍ കയ്യിട്ടാണ് മുസ്‌ലീം ജനസാമാന്യത്തിനെതിരെ മുഖ്യമന്ത്രി ഈ വേല ഒപ്പിക്കുന്നത്. മുഖ്യമന്ത്രി തോളില്‍കയ്യിട്ട് പോക്കറ്റടിക്കുന്ന വിരുതനായ പോക്കറ്റടിക്കാരനാവുകയാണ്.

ഈ അവസ്ഥയില്‍ ആര്‍ക്കും നിഷ്പക്ഷരാകാനാവില്ല- പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്ക്.