വെള്ളിക്കൊലുസ് / ബാബുഭരദ്വാജ്
ചില യുദ്ധങ്ങളെ ” യുദ്ധങ്ങളുടെ മാതാവ് എന്നു വിശേഷിപ്പിക്കാറുള്ളതുപോലെ ” അഴിമതിയുടെ മാതാവ് ” ആയി ആരെങ്കിലുമുണ്ടാവാതിരിക്കില്ല. ഏതായാലും ഇന്ത്യയിലെ ഭരണം നടത്തുന്നതും നിയന്ത്രിക്കുന്നതുമൊക്കെ പ്രധാനമന്ത്രിയല്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. താനൊരു കുറ്റവും ചെയ്തില്ലെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നിലവിളിക്കുന്നതിന്റെ അര്‍ത്ഥവും അതുതന്നെയാണ്.
എന്തൊക്കെ കുറവുകളും കുറ്റങ്ങളുമുണ്ടായാലും സമരം ചെയ്ത രീതിക്കെതിരെ ആക്ഷേപങ്ങളുണ്ടായാലും സമരത്തിന് പിന്തുണ നല്‍കിയവരുടെ രാഷ്ട്രീയ ചായ് വുകളുടെ അടിവേര് എത്തുന്നസ്ഥലം എത്രത്തോളം ജനാധിപത്യപരമാണെന്ന് നിരൂപിച്ചാലും അതിനാലാക്ഷേപിക്കപ്പെട്ടാലും സമരത്തിന് പിന്തുണ നല്‍കിയ രാം ലീല മൈതാനിയില്‍ എത്തിയവരുടെ വര്‍ഗപരമായ കണക്കെടുപ്പില്‍ അവര്‍ രാഷ്ട്രീയത്തില്‍ ക്രിയാത്മകമായി ഇടപെടാത്ത മധ്യവര്‍ഗമാണെന്ന് കണ്ടെത്തിയാലും ഹസാരെയുടെ സമരം അരാഷ്ട്രീയമാണെന്ന് വ്യാഖ്യാനിച്ചാലും ജനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ അധിക്ഷേപിക്കുന്ന സമരാവേശമാണെന്ന് മുദ്രകുത്തിയാലും ഹസാരേയും സംഘവും നേടിയ വിജയത്തെ അവഗണിക്കാനാവില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന് അതുണ്ടാക്കിയ ഗുണപരമായ മാറ്റത്തെ കാണാനിരിക്കാനുമാവില്ല. അത് നമ്മുടെ രാഷ്ട്രീയത്തേയും രാഷ്ട്രീയ കക്ഷികളേയും നവീകരിക്കാതിരിക്കില്ല.
ആ നവീകരണത്തെ ഞങ്ങള്‍ ആകാംഷയോടെ നോക്കികാണുകയാണ്. അന്നാ ഹസാരെയും സമരം ഒരു ആത്മപരിശോധനയ്ക്ക് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളേയും രാഷ്ട്രീയ പാര്‍ട്ടികളേയും പ്രേരിപ്പിക്കാതിരിക്കില്ലെന്ന് ഞങ്ങള്‍ കരുതുന്നു. അവരുടെ കടുത്ത നിഷ്‌ക്രിയതയും ജനങ്ങളോടുള്ള പുച്ഛവുമാണ് രാഷ്ട്രീയ ഇടങ്ങളിലേക്ക് ഹസാരെയ്ക്കും സംഘത്തിനും അവസരം ഒരുക്കിയത്. നമ്മുടെ രാഷ്ട്രീയ പ്രക്രിയകളുടെ അര്‍ത്ഥ ശൂന്യതയും നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളുടെ നിഷ്‌ക്രിയത്വവും നമ്മുടെ ഭരണകൂടത്തിന്റെ പക്ഷപാതങ്ങളുമാണ് ഹസാരെയുടെ സമരം പൊരുജന മധ്യത്തില്‍ തുറന്നുകാട്ടിയത്. നമ്മുടെ ഭരണ നേതൃത്വം എത്ര ദുര്‍ബലമാണെന്നും എത്രമാത്രം ആലോചനാശീലമില്ലാത്തതാണെന്നും തുറന്നുകാണിക്കാന്‍ ഹസാരെയ്ക്ക് കഴിഞ്ഞു. മന്ദബുദ്ധികള്‍ മാത്രം നാടുവാഴുന്ന രാജ്യത്ത് ഇങ്ങനെയൊക്കെ സംഭവിക്കും. പാര്‍ലമെന്റിന് അതിന്റെ പരമാധികാരം നഷ്ടപ്പെടും. ഭരണാധികാരികള്‍ അപഹാസിതരാവും.
ശ്വാസം കഴിക്കാന്‍പോലും ഉദ്യോഗസ്ഥര്‍മാര്‍ക്ക് കൈമടങ്ങ് കൊടുക്കേണ്ടിവരുന്ന ജനത അധികകാലം അഴിമതി സഹിക്കാന്‍ കഴിയില്ലെന്ന് ഈ സമരം വഴി പ്രഖ്യാപിച്ചിരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം അഴഗിരിയും കനിമൊഴിയും ” അഴിമതി രാജ” കളാവുന്നതിനേക്കാള്‍ പ്രശ്‌നം വില്ലേജാഫീസര്‍ ” ഒരു ജനന സര്‍ട്ടിഫിക്കറ്റിനോ ജാതി സര്‍ട്ടിഫിക്കറ്റിനോ വേണ്ടി കൈനീട്ടുന്നത് തന്നെയാണ്. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെയടക്കം ജന്‍ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ഹസാരെയുടെ ശാഠ്യം ജനങ്ങളുടെ ശാഠ്യമായി മാറുന്നതിങ്ങനെയാണ്. ആരൊക്കെ അത് അപ്രായോഗികമാണെന്ന് പ്രവചിച്ചാലും രാഷ്ട്രീയ ഇച്ഛാശക്തിക്ക് എന്തും നേടാന്‍ കഴിയുമെന്ന് ഞങ്ങള്‍ ജനങ്ങളില്‍ വിശ്വസിക്കുന്നു, ജനശക്തിയില്‍ വിശ്വസിക്കുന്നു. ജനങ്ങളുടെ ഇച്ഛാശക്തിയില്‍ വിശ്വസിക്കുന്നു.
ഹസാരെ ആരെങ്കിലും ഉപയോഗപ്പെടുത്തില്ലാ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. യുക്തിഹീനമാണ്. അതിന് ഭരണപക്ഷത്തിന് പ്രതിപക്ഷത്തിനും അവകാശവുമില്ല. അതിനെ ഉപയോഗപ്പെടുത്താന്‍പ്പെടാന്‍ നിന്നു കൊടുത്തതിന്റെ ഉത്തരവാദിത്തം ഭരണകൂടത്തിനാലും, അത്തരമൊരു സരമം സ്വയം ഏറ്റെടുക്കാന്‍ കഴിയാതെ പോയ പ്രതിപക്ഷത്തിനാണ്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പാര്‍ലമെന്റിന്റെ പരമാധികാരം നഷ്ടപ്പെടുന്നതില്‍ ആശങ്കക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് തന്നെയാണ്. പാര്‍ലമെന്റിന്റെ അടിത്തറ ഇറക്കിയത് അവര്‍ തന്നെയാണ്.
ഭൂപ്രശ്‌നങ്ങള്‍ ആദിവാസി പ്രശ്‌നങ്ങള്‍ മണിപ്പൂരിലേയും കാശ്മീരിലേക്കും മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഇങ്ങനെ നൂറുകൂട്ടം പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കിടക്കുന്നു. പതിനൊന്നുവര്‍ഷമായി നിരാഹരം അനുഷ്ഠിക്കുന്ന ഇറോം ശര്‍മിളയ്ക്ക് സര്‍ക്കാരിന്റെ മനസിനെ മാറ്റാന് പറ്റിയില്ല. 11 ദിവസത്തെ നിരാഹാരം കൊണ്ട് ഹസാരെയ്ക്ക് കഴിഞ്ഞു. കാശ്മീരിനും ആദിവാസി സമരങ്ങള്‍ക്കും ഇറോം ശര്‍മ്മിളയ്ക്കും മാധ്യമശ്രദ്ധ വേണ്ടത്ര കിട്ടിയില്ല തുടങ്ങിയ ഒരുപാടു ആക്ഷേപങ്ങള്‍ സമൂഹമുന്നയിക്കാം. അതുകൊണ്ടു ഹസാരെയെ എഴുതിതള്ളുന്നത് ശരിയല്ല. നീറുന്ന ഇത്തരം നൂറുകണക്കിന് പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരികയാണ് വേണ്ടത്.
ആരെങ്കിലും സമരം നടത്തുമ്പോള്‍ അവര്‍ക്ക് ഹല്ലേലൂയ പാടുക എന്നതായിരിക്കരുത് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ദൗത്യമെന്ന് ഞങ്ങള്‍ കരുതുന്നു. സമരസജ്ജരാവുന്നതിന് പകരം സമരത്തിന്റെ ” ഉത്സാഹകമ്മിറ്റിക്കാരായി” ഇടതുപക്ഷം മാറുന്നതിനെ ഞങ്ങള്‍ സഹതാപത്തോടെയാണ് കാണുന്നത്. അവര്‍ക്ക് ഹസാരെയുടെ സമരത്തെ കോര്‍പ്പറേറ്റുകളുടെ സമരമെന്ന് വ്യാഖ്യാനിക്കാനവകാശമില്ല. സംഘപരിവാറിന്റെ സാന്നിധ്യത്തെ ചൊല്ലി അങ്കലാപ്പിലാവാന്‍ അവകാശവുമില്ല. ” ആരാണ് ഹസാരെ പുണ്യാവാളന്‍” എന്ന് ചോദിക്കാന്‍ അരുന്ധതി റോയിക്ക് അവകാശമില്ല. ഹസാരെ നിന്ദിക്കാന്‍ ഇറോം ശര്‍മ്മിളയെ പുകഴ്ത്തുമ്പോള്‍ അരുന്ധതിറോയിയുടെ നിറം വല്ലാതെ മങ്ങുന്നു. ” എന്തിനാണ് ഇറോം ശര്‍മിള ഇങ്ങനെ ഉണ്ണാവൃതം” എന്ന് പണ്ടൊരിക്കല്‍ അരുന്ധതി റോയ് പുലമ്പിയിരുന്നു. അവരത് മറന്നാലും ജനങ്ങള്‍ക്കത് മറക്കാനാവില്ല. വിപ്ലവകാലത്താണ് നേതാക്കളുടെ യഥാര്‍ത്ഥ രൂപം വെളിവാക്കപ്പെടുന്നത് എന്ന് മാര്‍ക്‌സിസ്റ്റ് ആചാര്യന്‍മാര്‍ പറഞ്ഞുവച്ചിട്ടുണ്ട്. അത്തരം വല്ലാത്ത കാലങ്ങളിലാണ് നേതാക്കളുടെ ” ഇല്ലാത്തരം” വ്യക്തമാകുന്നത്. രാജാവിന്റെ നഗ്‌നത ജനങ്ങള്‍ അറിയട്ടെ.
ഹസാരെ ഉയര്‍ത്തിയ ജനതയെ മുന്നോട്ടുനയിക്കാന്‍ യഥാര്‍ത്ഥ നായകര്‍ ഉണ്ടാവുമെന്നുതന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അഴിമതിക്കെതിരായി പെരുവഴിയിലിറങ്ങിയ ഈ ജനതയെ നയിക്കുന്ന യഥാര്‍ത്ഥ നായകര്‍ക്കായി കാലം കാത്തിരിക്കുന്നു.