നിയുക്തരായ മൂവര്‍ സംഘം
Discourse
നിയുക്തരായ മൂവര്‍ സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd December 2013, 4:59 pm

ആ പഴയ നാടകത്തിലെ നായക കഥാപാത്രം പോലെയാണ് ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി ടാക്‌സി വിളിക്കുന്ന തിരക്കിനിടയില്‍ പത്രക്കാര്‍ കോഴിക്കോട്ടെ ജയിലുകളില്‍ ആഭ്യന്തരവകുപ്പ് ടി.പി വധക്കേസിലെ പ്രതികളായ കൊടുംക്രൂരന്‍മാര്‍ക്കായി നടത്തിക്കൊണ്ടിരിക്കുന്ന ആനമയിലൊട്ടകം കാര്‍ണിവെല്ലിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് അതിനേക്കാള്‍ വലിയ കാര്യങ്ങള്‍ കക്ഷിക്ക് ആലോചിക്കാനുണ്ടെന്നാണ്.


edito

എഡിറ്റോ-റിയല്‍/ബാബു ഭരദ്വാജ്

ഒന്ന്

കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ടെന്നും ആ ശ്രീമാന്റെ പേര് ഉമ്മന്‍ ചാണ്ടിയെന്നാണെന്നും അദ്ദേഹത്തിന്റെ പ്രധാന ഹോബി ജനസമ്പര്‍ക്കമാണെന്നും അറിയാം. അതുകൊണ്ട് തന്നെ ഈ കാരുണ്യവാന് ഭരിക്കാന്‍ സമയം കിട്ടാറില്ലെന്നും വീണുകിട്ടുന്ന ഇത്തിരിസമയം ദല്‍ഹിക്ക് പോകാനും സരിത-സൗരോര്‍ജ്ജം തുടങ്ങിയ ചില അനാമത്ത് പരിപാടികള്‍ക്കായി വിനിയോഗിക്കാനുണ്ടെന്നും ഞങ്ങള്‍ക്കറിയാം.

സമയക്കുറവ് കാരണം ഔദ്യോഗിക വാഹനം വൈകിയാല്‍ ടാക്‌സി വിളിച്ച് അതില്‍ കയറി അദ്ദേഹം “അതിവേഗം ബഹുദൂരം” എന്ന വേഗമന്ത്രം ഉരുക്കഴിക്കുന്നു. “വേഗപ്പൂട്ട്” പോലുള്ള ഒരു കുന്ത്രാണ്ടമാണ് വേഗമന്ത്രവും.

പഴയ നാടകങ്ങളില്‍ ഒരു പ്രയോഗമുണ്ട്. “രഥവേഗം” നടിക്കുന്നു. പഴയ നാടകങ്ങളൊക്കെ രാജാക്കന്‍മാരെക്കുറിച്ചും യുദ്ധങ്ങളെക്കുറിച്ചുമൊക്കെ ആയതിനാല്‍ കഥാപാത്രങ്ങള്‍ മിക്കപ്പോഴും രഥത്തിലും കുതിരപ്പുറത്തുമൊക്കെയായിരിക്കും.

അതിനൊക്കെ ഓടാന്‍ സ്‌റ്റേജില്‍ സ്ഥലം കാണില്ല. അതുകൊണ്ട് നടന്‍മാര്‍ സ്‌റ്റേജില്‍ ഇരുന്ന് “വേഗത്തിലോടുന്ന കുതിരപ്പുറത്തിരിക്കന്നതായും രഥത്തിന് വേഗത കൂട്ടുന്നതായുമൊക്കെ അഭിനയിക്കാറാണ് പതിവ്.”

kirmani-manojആ പഴയ നാടകത്തിലെ നായക കഥാപാത്രം പോലെയാണ് ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി ടാക്‌സി വിളിക്കുന്ന തിരക്കിനിടയില്‍ പത്രക്കാര്‍ കോഴിക്കോട്ടെ ജയിലുകളില്‍ ആഭ്യന്തരവകുപ്പ് ടി.പി വധക്കേസിലെ പ്രതികളായ കൊടുംക്രൂരന്‍മാര്‍ക്കായി നടത്തിക്കൊണ്ടിരിക്കുന്ന “ആനമയിലൊട്ടകം” കാര്‍ണിവെല്ലിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് “അതിനേക്കാള്‍ വലിയ കാര്യങ്ങള്‍” കക്ഷിക്ക് ആലോചിക്കാനുണ്ടെന്നാണ്.

അതെന്താണാവോ? ഈ മനുഷ്യാവകാശ ധ്വംസനത്തേക്കാള്‍ ആ മനുഷ്യന്റെ ഭരണത്തിന്‍ കീഴില്‍ കേരളത്തിലെ ജയിലുകളില്‍ നടമാടുന്ന ഈ തമാശ നാടകങ്ങളേക്കാള്‍ കേരളത്തിന്റെ മനസാക്ഷിയെ വേട്ടയാടുന്ന ഇത്രയും ഭീകരവും അശാന്തവുമായ ഭയാശങ്കകളേക്കാള്‍ പ്രധാനപ്പെട്ട എന്ത് കാര്യമാണ് കേരളത്തിലെ ഭരണമുഖ്യന് ആലോചിക്കാനുള്ളത്.

പള്ളിയുടേയും പട്ടക്കാരുടേയും സഹ്യപര്‍വതത്തിലെ പാറമടകളെക്കുറിച്ചും അതിന്റെ സംരക്ഷണത്തെക്കുറിച്ചുമാണോ, അവരുടെ കൊട്ടാരംപോലുള്ള അരമനകളുടെ സംരക്ഷണത്തെക്കുറിച്ചാണോ, സഹ്യപര്‍വതം കിളച്ചുമാറ്റി അവിടെ പള്ളിയും പള്ളിയിലച്ഛന്‍മാരും കൂടി പള്ളിക്കൂടം പണിയുന്നതിനെ കുറിച്ചാണോ, കയ്യിലെ പള്ളിവാളും പള്ളിച്ചിലമ്പും സംരക്ഷിക്കുന്നതിന്റെ വേവലാതികളെ കുറിച്ചാണോ, സരിതമാരുടേയും കരിക്ക് ശാലുമാരുടേയും കാസറ്റ് രാധാകൃഷ്ണന്‍മാരുടേയും ജയിലിനകത്തും പുറത്തുമുള്ള സുഖസൗകര്യങ്ങളെ കുറിച്ചുമാണോ? വന്ന നാള്‍ തന്നെ തിരക്കൊഴിഞ്ഞ് നേരമില്ലാത്ത മുഖ്യമന്ത്രി ദല്‍ഹിക്ക് തിരിച്ചുകയറിയെന്നാണ് അറിയുന്നത്. ശരിക്കും രഥവേഗം.

രണ്ട്

കേരളത്തിനൊരു ആഭ്യന്തരമന്ത്രിയുണ്ടെന്നും ആ പൂമാന്റെ പേര് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്നാണെന്നും ഞങ്ങളറിയുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി കേരളത്തിന്റെ നഭോമണ്ഡലത്തില്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന പൂന്തിങ്കളാണ് കക്ഷി.

ആ പൂനിലാവില്‍ മലയാളത്തിന്റെ നീതിബോധം പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. കേരളത്തിലെ ഭീകരന്‍മാര്‍ അകത്തായാലും പുറത്തായാലും അവരുടെ ക്ഷേമാശൈ്വര്യങ്ങളില്‍ ആ മനുഷ്യനുള്ള ശുഷ്‌ക്കാന്തി എല്ലാവരും പാടിപ്പുകഴ്ത്താറുമുണ്ട്.

ചില സുധാകരന്‍മാരും മുല്ലപ്പള്ളിമാരും ഈ മനുഷ്യന്റെ രാധാകൃഷ്ണ നൃത്തത്തില്‍ ചില താളപ്പിഴകള്‍ കണ്ടെത്താറുണ്ടെങ്കിലും മുഖ്യമന്ത്രി അതൊക്കെ പാടിനീട്ടി താളപ്പിഴകള്‍ മാറ്റിക്കൊടുക്കുന്നത് കാരണം ശ്രീമാന്‍ സസുഖം വാണരുളുന്നു.

അടുത്ത പേജില്‍ തുടരുന്നു

 

സ്വന്തം കീശയില്‍ കിടക്കുന്ന മൊബൈല്‍ പുറത്ത് തപ്പിയാല്‍ കിട്ടില്ലല്ലോ. ഇതൊക്കെ കണ്ടെത്താന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡോഗ് സ്‌ക്വാഡിലെ റാങ്കുള്ള ഒരു കൂടിയ വിലപിടിപ്പുള്ള കക്ഷിയാണോ എന്നറിയില്ല.  ഇവരെ നമ്മളിനി എത്രകാലം സഹിക്കണം. ഇവരൊക്കെ ചേര്‍ന്ന് ടി.പി വധക്കേസ് അട്ടിമറിച്ചാലും പ്രതികളെ പുഷ്പം പോലെ പുറത്തിറക്കിയാലും ജനങ്ങളുടെ കോടതിയില്‍ അവരും ഇവരും കുറ്റവാളികളായിരിക്കും.

jail-fotosഇടയ്‌ക്കൊക്കെ ഇദ്ദേഹം മനസുകൊണ്ടും വാചകങ്ങള്‍ കൊണ്ടും മനപ്പായസം ഉണ്ണാറുണ്ടെന്ന കാര്യം അറിയാത്തവരുണ്ടാവില്ല. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ ഉണ്ണുന്ന മനപ്പായസത്തിന്റെ കൃത്യമായ കണക്ക് ഇദ്ദേഹത്തിന്റെ കയ്യിലുണ്ട്.

ഇല്ലാതെ പറ്റില്ലല്ലോ? കേരളത്തിന്റെ നീതിന്യായവ്യവസ്ഥ അഭംഗുരം ഇങ്ങിനെ തുടര്‍ന്നുപോകുന്നത് ഇയാള്‍ ഉള്ളതുകൊണ്ട് മാത്രമാണല്ലോ. കക്ഷി കോഴിക്കോട്ടേക്ക് അതിവേഗം പറന്നെത്തിയിരിക്കുന്നു. എന്തിന്? ജയിലില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ അനുഭവിക്കുന്ന ആഹ്ലാദത്തില്‍ പങ്കുചേരാനും അവരുടെ കൂടെ ബര്‍മുടയിട്ട് നിന്ന് ഫോട്ടോയെടുക്കാനുമാണോ?

അതല്ല ജയിലുകളെ ഭരിക്കുന്നവര്‍ രാത്രിയും പകലും തിരഞ്ഞിട്ടും കാണാത്ത മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനാണോ? സ്വന്തം കീശയില്‍ കിടക്കുന്ന മൊബൈല്‍ പുറത്ത് തപ്പിയാല്‍ കിട്ടില്ലല്ലോ. ഇതൊക്കെ കണ്ടെത്താന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡോഗ് സ്‌ക്വാഡിലെ റാങ്കുള്ള ഒരു കൂടിയ വിലപിടിപ്പുള്ള കക്ഷിയാണോ എന്നറിയില്ല.

മൂന്ന്

shafi2ജയില്‍ ഭരിക്കാന്‍ ഒരു ഡി.ജി.പിയുണ്ടത്രേ. അയാളുടെ പേര് പറയുന്നില്ല. അതിനുമാത്രം യോഗ്യതയൊന്നും അയാള്‍ക്കില്ല. മെല്‍വിന്‍ പാദുവയെ എല്ലാ നിയമങ്ങളും ലംഘിച്ച്, പള്ളിക്കും പാതിരിക്കും വേണ്ടി ജയിലില്‍ അടച്ചിട്ടിരിക്കുന്ന നീതിമാനാണയാള്‍.

അയാളുടെ ഒത്താശയോടുകൂടിയായിരിക്കണം കോഴിക്കോട് ജില്ലാ ജയിലില്‍ കൊടിസുനിമാര്‍ക്കും കൂട്ടര്‍ക്കും വേണ്ടി റിസോര്‍ട്ട് നടത്തുന്നത്. ലാഭവിഹിതം പണമായും അനുഗ്രഹമായും പ്രീതിയായും സ്ഥാനമാനങ്ങളായും അയാള്‍ക്ക് ലഭിക്കുന്നുണ്ടാവണം.

ഞങ്ങള്‍ സി.പി.ഐ.എം നേതൃത്വത്തെ കുറ്റംപറയുന്നില്ല. ജയിലിലായ അവരുടെ സഖാക്കളെ കണ്ണിലെ കൃഷ്ണമണിപോലെയോ സര്‍പ്പത്തലയിലെ മാണിക്യം പോലെയോ വരുതിയില്‍ നില്‍ക്കാന്‍ എന്നും തയ്യാറായിരിക്കുന്ന ഭൂതഗണങ്ങള്‍ പോലെയോ പാലക്കാട് തിരുത്തല്‍ സമ്മേളനം തീരുമാനിച്ച രക്ഷാസേനയുടെ കമാന്‍ഡര്‍മാരെപ്പോലെയോ സംരക്ഷിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട്.

അതവര്‍ സ്തുത്യര്‍ഹമായി നിര്‍വഹിക്കുന്നുവെന്നേ പറയാനുള്ളൂ. നമ്മള്‍ ഏത് രാജ്യത്തും ഏത് കാലത്തുമാണ് ജീവിക്കുന്നത്. തിരുപ്പിറവി ഉദ്‌ഘോഷിക്കാന്‍ പുല്‍ക്കൊടിയിലെത്തിയ മൂന്ന് ദിവ്യന്മാരെപ്പറ്റി വേദപുസ്തകം പറയുന്നുണ്ട്.

ഭാവിയിലെ രക്ഷകനെ വന്ദിക്കാനെത്തിയവരാണവര്‍. അതേപോലെ ഭാവിയിലെ മുഖ്യനെ വന്ദിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ദിവ്യന്‍മാരാണ് ഈ മൂന്ന് പേരുമെന്ന് കരുതേണ്ടിയിരിക്കുന്നു.

എന്തായാലും ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യരായവരാണ് ഈ മൂന്ന് പേരും. അവര്‍ക്കെതിരെ ജനം ചെരുപ്പഴിക്കേണ്ടിവരുന്ന ഒരു കാലത്തിലേക്കാണ് കേരളത്തിന്റെ വര്‍ത്തമാനകാല രാഷ്ട്രീയം നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഇവരെ നമ്മളിനി എത്രകാലം സഹിക്കണം. ഇവരൊക്കെ ചേര്‍ന്ന് ടി.പി വധക്കേസ് അട്ടിമറിച്ചാലും പ്രതികളെ പുഷ്പം പോലെ പുറത്തിറക്കിയാലും ജനങ്ങളുടെ കോടതിയില്‍ അവരും ഇവരും കുറ്റവാളികളായിരിക്കും. ചരിത്രമുള്ള കാലത്തോളം.