| Wednesday, 11th March 2015, 3:11 pm

തോറ്റ ജനത

ഡൂള്‍ന്യൂസ് ഡെസ്‌ക്

നമ്മളൊരു തോറ്റ ജനതയാണെന്ന് നമ്മളെ ഭരിക്കുന്നവര്‍ അനുനിമിഷം നമ്മളെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നമ്മളെ തോല്‍പ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാന കേന്ദ്രസര്‍ക്കാറുകള്‍ മത്സരത്തിലാണ്. ഞങ്ങളാണ് മുമ്പില്‍, ഞങ്ങളാണ് മുമ്പില്‍ എന്ന് ആരെയൊക്കയോ ബോധ്യപ്പെടുത്താനുള്ളതുപോലെയാണ് ഈ മത്സരം. ബോധ്യപ്പെടേണ്ടവര്‍ ലോകവ്യാപകമായി ആപല്‍ക്കരമായ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള വംശീയ വര്‍ഗീയ കക്ഷികളും കോര്‍പ്പറേറ്റുകളുമാണ്.

ഹിന്ദു മുസ്‌ലീം ക്രിസ്ത്യന്‍ വര്‍ഗീയതകളുടെ പ്രയോജകര്‍ കോര്‍പ്പറേറ്റുകളാണ്. പല രാജ്യങ്ങളില്‍ പല ബ്രാന്‍ഡുകളായിട്ടാണ് അവര്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഈ ശക്തികള്‍ ആധുനികമെന്ന് തോന്നിപ്പിക്കുന്ന പാകൃതമായ വ്യാപാര താല്‍പര്യങ്ങള്‍ക്കായി സന്ധിയിലേര്‍പ്പെട്ടിരിക്കുന്നവരാണ്. എന്തൊക്കെ പുതിയ വേഷത്തില്‍ വന്നാലും കഴുത്തറുപ്പന്‍ കച്ചവടം പുരാതന ഏര്‍പ്പാടാണ്. അതിന്റെ താല്‍പര്യങ്ങള്‍ അതിപ്രാചീനവും പ്രാകൃതവുമാണ്. എല്ലാ തരത്തിലുമുള്ള അധിനിവേശമാണ് അതിന്റെ വിശ്വാസധാര.

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ആഗോള വ്യാപകമായി നടന്ന കോളനിവല്‍ക്കരണം കച്ചവടത്തിന്റെ സൈനികവല്‍ക്കരണമാണ്. കോളനിവല്‍ക്കരണത്തിന്റെ കാലം കഴിഞ്ഞപ്പോള്‍ അധിനിവേശശക്തികള്‍ കോര്‍പ്പറേറ്റുകളായി. രാജ്യങ്ങളിലുള്ള കോര്‍പ്പറേറ്റുകളും രാജ്യത്തിന് പുറത്തുള്ളവരും അധിനിവേശകര്‍ തന്നെയാണ്.


“അടിമകളല്ല നമ്മള്‍, അടങ്ങുകില്ലിനി നമ്മള്‍” എന്ന് ഒന്നിച്ച് ഉച്ഛത്തില്‍ പറയാന്‍ ജനങ്ങള്‍ക്കാവുന്നുമില്ല. നമ്മള്‍ തോറ്റുകൊണ്ടിരിക്കുന്നു. ഇടതുപക്ഷ കക്ഷികള്‍ക്ക് പോലും ജനങ്ങളുടെ പ്രതിരോധനത്തിനും ഇച്ഛാശക്തിക്കും പോരാട്ടത്തിന്റെ ഊര്‍ജവും ആര്‍ജവവും നല്‍കാനാവുന്നില്ല.


ഈ കോര്‍പ്പറേറ്റുകള്‍ക്കൊപ്പമാണ് മോദി സര്‍ക്കാരും ഒട്ടും കുറയാത്ത ചാണ്ടി സര്‍ക്കാറും. അതുകൊണ്ട് അദാനിമാരും നേരത്തെ ഉണ്ടായിരുന്നുവെന്ന് രാജ്‌നാഥ് സിങ്ങിനും അരുണ്‍ ജെയ്റ്റ്‌ലിക്കുമൊക്കെ സാക്ഷ്യപ്പെടുത്തേണ്ടിവരുന്നത്. സര്‍ക്കാറുകള്‍ പണക്കാര്‍ക്കൊപ്പമാണെന്ന ലളിത സമവാക്യം കൊണ്ട് പ്രകടമാക്കാന്‍ കഴിയുന്നതല്ല ദാസ്യത്തോളമൊപ്പെത്തുന്ന ഈ അടിമത്തം.

“അടിമകളല്ല നമ്മള്‍, അടങ്ങുകില്ലിനി നമ്മള്‍” എന്ന് ഒന്നിച്ച് ഉച്ഛത്തില്‍ പറയാന്‍ ജനങ്ങള്‍ക്കാവുന്നുമില്ല. നമ്മള്‍ തോറ്റുകൊണ്ടിരിക്കുന്നു. ഇടതുപക്ഷ കക്ഷികള്‍ക്ക് പോലും ജനങ്ങളുടെ പ്രതിരോധനത്തിനും ഇച്ഛാശക്തിക്കും പോരാട്ടത്തിന്റെ ഊര്‍ജവും ആര്‍ജവവും നല്‍കാനാവുന്നില്ല. അവരൊക്കെ ഭരണപക്ഷത്ത് നിന്ന് ഒരു കക്ഷിയെ അടര്‍ത്തിയെടുത്താല്‍ ഭരണത്തിലെത്താമെന്ന വ്യാമോഹത്തിലാണ്. നമ്മള്‍ പ്രതീക്ഷയര്‍പ്പിച്ച പ്രസ്ഥാനങ്ങള്‍ നമ്മളെ തോല്‍പ്പിക്കുകയാണ്.

നമ്മളൊക്കെ തോറ്റജനതയാണെന്ന് കൃത്യമായി വെളിവാക്കുന്ന സംഭവമാണ് തൃശൂരിലെ നിഷാം എന്ന കാപാലികന്‍ ചന്ദ്രബോസെന്ന പാവപ്പെട്ട ഫ്‌ളാറ്റ് കാവല്‍ക്കാരനെ ചവിട്ടിയും കാറിടിച്ചും കൊലപ്പെടുത്തിയ സംഭവം. സര്‍ക്കാറും പോലീസ് വകുപ്പും മൊത്തമായും കലക്ട്രേറ്റും പരിവാരങ്ങളും ഒക്കെ ചേര്‍ന്ന് ആ മനുഷ്യദ്രോഹിക്ക് നല്‍കുന്ന സംരക്ഷണവും. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. അതൊക്കെ പലവട്ടം എല്ലാവരും പറഞ്ഞുകഴിഞ്ഞതാണ്. എന്നൊലൊരു കാര്യം പറയാതെവയ്യ. കൊലയാളിക്ക് ധൂര്‍ത്തടിക്കാനും കൊന്ന് കൊലവിളിക്കാനുമുള്ള പണത്തിന്റെ ഉറവിടം എന്താണെന്നും ഏതാണെന്നും അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു താല്‍പര്യവും കാണിക്കുന്നില്ല.


നിഷാം ഭരണത്തിലുള്ള ആരുടെ ബിനാമിയാണ്? നിഷാമിനെ താണുവണങ്ങി നില്‍ക്കുന്നവര്‍ പാവപ്പെട്ട ചെറുപ്പക്കാരെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി ജയിലിലടച്ച് രസിക്കുന്നു. അവര്‍ക്കെതിരെ കാപ്പ ചുമത്താനും ഭീകരവാദനിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുക്കാനും സംസ്ഥാന പോലീസിനു ഒരു നിയമോപദേശവും വേണ്ട.


നിഷാം ഭരണത്തിലുള്ള ആരുടെ ബിനാമിയാണ്? നിഷാമിനെ താണുവണങ്ങി നില്‍ക്കുന്നവര്‍ പാവപ്പെട്ട ചെറുപ്പക്കാരെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി ജയിലിലടച്ച് രസിക്കുന്നു. അവര്‍ക്കെതിരെ കാപ്പ ചുമത്താനും ഭീകരവാദനിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുക്കാനും സംസ്ഥാന പോലീസിനു ഒരു നിയമോപദേശവും വേണ്ട.

അവരൊന്നും നിഷാമിനെപ്പോലെ കൊലയാളികളല്ല. ചില രാഷ്ട്രീയാശയങ്ങളില്‍ ആകൃഷ്ടരായി എന്നതും മനുഷ്യമോചനം സ്വപ്‌നം കണ്ടുവെന്നതുമാണ് അവര്‍ ചെയ്ത കുറ്റം. അവര്‍ ചെയ്‌തെന്നു പറയുന്ന ഏകക്കുറ്റം കെ.എഫ്.സി എന്ന കോര്‍പ്പറേറ്റ് കോഴിക്കച്ചവടക്കാരുടെ തട്ടുകടയുടെ ചില്ല് പൊളിച്ചുവെന്നതാണ്. അതൊരു കുറ്റമാണെങ്കില്‍ അവരെ അക്കാര്യത്തില്‍ ആദരിക്കുകയാണ് വേണ്ടത്. ഈ കോഴിക്കച്ചവടം ഭാവിയില്‍ എന്തൊക്കെ രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു.

ബാര്‍ കോഴ വിവാദവും പാറ്റൂര്‍ ഭൂമി തട്ടിപ്പുകേസ്സും സോളാര്‍ തട്ടിപ്പും ഒന്നും ഞാന്‍ പറയുന്നില്ല. കേസ്സൊതുക്കാന്‍ വേണ്ടി മുടക്കുന്ന പണം എവിടെ നിന്നൊഴുകി വന്നു എന്ന കാര്യവും ഞാന്‍ അന്വേഷിക്കുന്നില്ല.

കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും സ്വര്‍ണവേട്ട നടത്തുന്നതില്‍ നിന്ന് റവന്യൂ ഇന്റലിജന്‍സുകാരെ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഏതു സ്വര്‍ണക്കടത്തുകാര്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഒരു മാധ്യമപ്രവര്‍ത്തകനും അന്വേഷിക്കുന്നില്ല. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് വഴി നമ്മുടെ തീരക്കടല്‍ വിദേശ കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് തീറ് കൊടുക്കുന്നതിനെക്കുറിച്ചും ഞാനിപ്പോള്‍ പറയുന്നില്ല.

ഉള്‍നാടന്‍ മത്സ്യക്കൃഷിക്കാരെ ഒഴിവാക്കുന്ന തരത്തില്‍ നിബന്ധനകള്‍ ഉണ്ടാക്കിയ കേരള സര്‍ക്കാറിന്റെ മത്സ്യവികസന വകുപ്പ് ആരെയാണ് വികസിപ്പിക്കുന്നതെന്നും ഇപ്പോള്‍ പറയുന്നില്ല. കടല്‍മീനായാലും കായല്‍ മീനായാലും പുഴമീനായാലും കടപ്പുറത്തെ സാധാരണ മനുഷ്യര്‍ കുത്തകകളുടെ മാളുകളെ ആശ്രയിക്കേണ്ടിവരും.

നമ്മളെന്ത് കഴിക്കണമെന്നും ഏതു വസ്ത്രം ധരിക്കണമെന്നും ഇനി സംഘപരിവാര്‍ തീരുമാനിക്കും. തോല്‍വി സമ്മതിച്ച് നമ്മള്‍ ബീഫ് ഉപേക്ഷിക്കുന്നു.

ഇന്ത്യ ഗുജറാത്താകുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. ഗുജറാത്ത് എന്നതിനര്‍ത്ഥം വംശീയ പീഡനത്താല്‍ കീഴ്‌പ്പെടുന്ന ഒരു ജനതയെന്നതാണ്.

നിശബ്ദത സമാധാനമാണെന്ന് കരുതുന്നതിനേക്കാള്‍ വലിയൊരു മൗഢ്യം വേറെയില്ല. പ്രതിരോധ ശബ്ദങ്ങളെയും വിമര്‍ശനങ്ങളെയും വിപരീതമാനങ്ങളേയും അടിച്ചമര്‍ത്തലും നിശബ്ദമാക്കലും ജനാധിപത്യമല്ല.

തോല്‍വി സമ്മതിച്ച് കീഴടങ്ങുന്ന ജനതയ്ക്ക് അവരര്‍ഹിക്കുന്ന ഭരണമായിരിക്കും കിട്ടുക. അതാണിപ്പോള്‍ സംഭവിച്ചതും. ഇനി സംഭവിക്കാന്‍ പോകുന്നതും.

We use cookies to give you the best possible experience. Learn more