“മേലാള ചരിത്രത്തിനൊപ്പം ഒരു കീഴാള ചരിത്രമുണ്ടെന്ന് എന്നെ പഠിപ്പിച്ചത് അവനാണ്. ആ കീഴാള ചരിത്രം കലാപവും മര്‍ദനവും സരള സ്വപ്‌നങ്ങളും ചേര്‍ന്നതാണ്.”” ഒരു വ്യാഴവട്ടക്കാലം മുമ്പ് ബാബു ഭരദ്വാജ് കുറിച്ചിട്ട വാക്കുകളാണിത്. “കലാപങ്ങള്‍ക്കൊരു ഗൃഹപാഠം” എന്ന തന്റെ ശ്രദ്ധേയ നോവലില്‍.
കീഴാള ചരിത്രത്തോടും ജീവിതത്തോടും അഗാധമായ ബന്ധം കാത്തുസൂക്ഷിച്ച, ആ സൗന്ദര്യബോധം സ്വന്തം എഴുത്തിന്റെ ആധാരശിലയാക്കിയ വലിയ ഉണര്‍വിന്റെ ചുരുക്കപ്പേരായിരുന്നു ബാബു ഭരദ്വാജ്. കലാപവും മര്‍ദനവും സരളസ്വപ്‌നങ്ങളും ഏറ്റുവാങ്ങാന്‍ എപ്പോഴും സന്നദ്ധമായ ആ ഹൃദയത്തിലേക്ക്, മനുഷ്യാനുഭവങ്ങളുടെ സംഘര്‍ഷങ്ങളെ സംബന്ധിച്ചും സന്ദിഗ്ധതകളെ സംബന്ധിച്ചുമുള്ള ഗൃഹപാഠം ചെയ്യാന്‍ നമുക്ക് കയറിച്ചെല്ലാമായിരുന്നു.
അടഞ്ഞ ഒരു ലോകത്തോട് തുറസ്സിന്റെ രാഷ്ട്രീയം എഴുത്തുകൊണ്ടും ജീവിതംകൊണ്ടും അടയാളപ്പെടുത്തിയ ഈ മനുഷ്യന്‍ എന്നെ സ്‌നേഹോഷ്മളതകൊണ്ട് വിസ്മയിപ്പിച്ചു, എന്നും. “ബാബുവേട്ടാ” എന്ന്, ഏത് പാതിരാക്കും വിളിക്കാമായിരുന്ന, “പച്ചമനുഷ്യന്‍” എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാമായിരുന്ന ഈ എഴുത്തുകാരന്റെ അഭാവം ശരിക്കും വേദനാഭരിതമാണ്.
കേരളീയ സാംസ്‌കാരിക സന്ദര്‍ഭത്തില്‍ ബാബു ഭരദ്വാജ് എന്ന എഴുത്തുകാരന്‍ വരുത്താന്‍ ശ്രമിച്ച സൗന്ദര്യശാസ്ത്ര കലാപമെന്തായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട “കലാപങ്ങള്‍ക്കൊരു ഗൃഹപാഠം” എന്ന നോവലിന്റെ പശ്ചാത്തലത്തില്‍ നോക്കിക്കാണുകയാണ് ഈ ചെറുകുറിപ്പില്‍.
കടലൂര്‍ എന്ന ഗ്രാമം ഈ നോവലില്‍ സജീവമായ ഒരനുഭവരാശിയായി പടര്‍ന്നു കിടക്കുന്നു. പേരുകൊണ്ടുതന്നെ ദ്രവീഡിയന്‍ പ്രാക്തന സ്മൃതി സംസ്‌കാരം ഉണരുന്ന കടലൂര്‍ അദ്ദേഹത്തിന്റെ ജന്മദേശമല്ല. പക്ഷേ കുട്ടിക്കാലം കഴിച്ചുകൂട്ടിയ ഒരിടം. സ്വന്തമായി അവകാശപ്പെടാന്‍ ഒരു നാടില്ല എന്ന് ബയോഡാറ്റയില്‍ അദ്ദേഹം എഴുതുന്നു. അച്ഛനമ്മമാരുടെ അനന്തയാത്രക്കിടയില്‍ തൃശൂര്‍ ജില്ലയില്‍ മതലകത്ത് ജനിച്ചു. വളര്‍ന്നതും പഠിച്ചതും കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍.
കടലൂരിന്റെ മണ്ണുമരങ്ങും ആവാസവ്യവസ്ഥയും നോവലിന്റെ പശ്ചാത്തലഭംഗിയുള്ള കേവല വിവരണമല്ല, മറിച്ച് അതിന്റെ പ്രമേയത്തെയും ആഖ്യാനത്തെയും ഘടനയേയുമൊക്കെ നിര്‍ണായകമായി സ്വാധീനിച്ച സംഗതിയാണ്. പ്രാന്തവല്‍കൃതവും അവചവുമായ എല്ലാറ്റിനോടുമുള്ള ബാബുവേട്ടന്റെ പ്രതിപത്തിയും പ്രതിജ്ഞാബദ്ധതയുമാണ് ദേശജീവിതത്തിന്റെ നാട്ടിടവഴികളിലേക്കിറങ്ങാന്‍ എഴുത്തുകൊണ്ടും അനുഭവംകൊണ്ടും പ്രേരണയായതെന്ന് വേണം കരുതാന്‍. അരനൂറ്റാണ്ട് മുമ്പ് കേരളത്തിലെ ഒരു കുഗ്രാമത്തില്‍ സംഭവിച്ച കലാപത്തിന്റെ അനൗദ്യോഗികവും അതുകൊണ്ടുതന്നെ ജീവിതഗന്ധിയുമായ വിവരണം നാടറിഞ്ഞ ഒരാള്‍ക്കേ നല്‍കാന്‍ കഴിയൂ.
നിങ്ങളൊക്കെ ആരുടെ ചരിത്രമാണ് എന്ന് ചരിത്രത്തോട് ചോദിക്കാനുള്ള തന്റേടം അദ്ദേഹത്തിന് സവിശേഷമായിട്ടുണ്ടായിരുന്നു. പടയോട്ടങ്ങളും കീഴടക്കലും നിറഞ്ഞ അധികാര ധിക്കാരങ്ങളോട് ജൈവചരിത്രത്തെ തൊട്ടുകാണിച്ച്, മനുഷ്യാനുഭവങ്ങളുടെ ബഹുസ്വരതയെ നേര്‍ക്ക് നേരെ നിര്‍ത്തി അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ ഈ നോവലില്‍ വരച്ചിടുന്നത് തീര്‍ച്ചയായും അദ്ദേഹത്തിന്റെ രാഷ്ട്രീയബോധംകൊണ്ടുകൂടിയാണ്.
ആധികാരിക ചരിത്രത്തില്‍ വര്‍ണിക്കപ്പെടാത്ത, വിസ്മൃതിയിലാണ്ട ഒരു ദേശത്തിന്റെ ഹൃദയത്തുടിപ്പുകള്‍ ആഖ്യാനം ചെയ്യുന്ന നോവല്‍ ഒരു വ്യക്തിയിലും കേന്ദ്രീകരിക്കുന്നില്ല. ചരിത്രവും പ്രകൃതിയും സംസ്‌കാരവും രാഷ്ട്രീയവുമെല്ലാം കൂടിക്കുഴയുന്ന നോവല്‍ ബാബുഭരദ്വാജിന്റെ നിലപാടുകളുടെ സാധൂകരണം കൂടിയാണ്.
മാതൃഭാഷയും മാതൃസാഹിത്യവും ഒറ്റപ്പെട്ട വ്യക്തികളെ സൃഷ്ടിക്കാനുള്ളതല്ല, സമൂഹ സൃഷ്ടിയാണതിന്റെ ലക്ഷ്യം. ഏകാകികളുടെ അര്‍ത്ഥമില്ലാത്ത പായ്യാരം പറച്ചിലല്ല, മറിച്ച് മനുഷ്യക്കൂട്ടങ്ങളുടെ വേദനകളും വേവലാതികളുമാണ് എന്നും തന്റെ ചിന്തയിലും എഴുത്തിലും നിറഞ്ഞതെന്ന് ആറ് പതിറ്റാണ്ടുകാലത്തെ ജീവിതം കൊണ്ട് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനതയുടെ കീറിപ്പറിഞ്ഞുപോയ ജീവിതം ഒപ്പിയെടുക്കാനുള്ള തന്റെ ആഗ്രഹത്തിന്റെ സഫലീകരണമായാണ് ഈ നോവലിനെ അദ്ദേഹം കരുതുന്നത്.
വാമൊഴിയുടെ പ്രത്യേക ചാരുത ബാബുഭരദ്വാജിന്റെ ആകത്തുകയാണ്. എഴുത്തിലും പെരുമാറ്റത്തിലും ഇടപെടലിലും സംഭാഷത്തിലുമൊക്കെ വാമൊഴിച്ചന്തത്തിന്റെ സ്വാതന്ത്ര്യവും സ്വാച്ഛന്ദ്യവുമുണ്ടായിരുന്നു. “”വരമൊഴിയില്‍ സംസാരിക്കാന്‍ തുടങ്ങുന്നത് അപകടമാണ്. വാമൊഴിയെ മലിനമാക്കലാണത്. നേതാവും ജനങ്ങളും തമ്മില്‍ അതൊരു അകല്‍ച്ചയുണ്ടാക്കും”” എന്ന് നോവലില്‍ ഒരിടത്ത് അദ്ദേഹം എഴുതുന്നു. വരമൊഴിയുടെ ആധികാരികതയേയും അധികാര ധിക്കാരങ്ങളേയും ചെറുക്കാന്‍ വാമൊഴിയുടെ പ്രതിരോധ പ്രത്യയശാസ്ത്രത്തിന് കഴിയുമെന്നദ്ദേഹം വിശ്വസിച്ചു.
ഈ നോവലാകട്ടെ ശബ്ദമില്ലാത്തവരുടെ ശബ്ദത്തിനും നിശ്ശബ്ദമാക്കപ്പെട്ട ജീവിതങ്ങളുടെ അര്‍ത്ഥപൂര്‍ണമായ മൗനത്തിനും ഇടംകൊടുക്കുന്നു. അത് വരേണ്യവും “ആധികാരിക”വുമായ സകലതിനേയും ചോദ്യം ചെയ്യുന്നു. മാന്യ-അമാന്യങ്ങളുടെ അതിര്‍ വരമ്പ് മായ്ച്ചുകളയുന്നു. അമാന്യമെന്ന് തോന്നുന്ന ഒതുതരം (വി)കലാത്മകത നോവലിലുടനീളം ദൃശ്യമാണ്.
“”വാക്കുകള്‍ മനസ്സില്‍ നിന്ന് പൊട്ടിയൊലിക്കുമ്പോള്‍ ഏണും കോണും നഷ്ടപ്പെടുന്നു. അതുകൊണ്ട് വാമൊഴിക്ക് എപ്പോഴും വിശുദ്ധ വചനങ്ങളായി മാറാന്‍ കഴിയും.”” വ്യക്തിയല്ല സമൂഹമാണ് ഈ നോവലിലൂടെ സംസാരിക്കുന്നതും സ്വയം പ്രത്യക്ഷീകരിക്കപ്പെടുന്നതും. ഏണും കോണും നഷ്ടപ്പെട്ട് പൊട്ടിയൊലിച്ച ഈ ആഖ്യാനരൂപം സാധാരണ മനുഷ്യജീവിതങ്ങളെ എത്രമേല്‍ സത്യസന്ധമായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
അദ്ദേഹം അവസാനമായി രണ്ടാഴ്ച മുമ്പ് എന്നെ ഫോണില്‍ വിളിച്ചപ്പോള്‍ “കഥയാഴ”ത്തിന്റെ ചിത്രീകരണത്തെക്കുറിച്ച് സംസാരിച്ചു, കുറേനേരം. ഒടുവില്‍ പറഞ്ഞു: “”കഥയാഴത്തില്‍ ഇനി ധാരാളം ജീവജാലങ്ങളെക്കുറിച്ച് എഴുതണം. തുടക്കമെന്ന നിലയില്‍ പൂച്ചയെക്കുറിച്ചാവട്ടെ. ഈ ജീവജാതികളെ വരക്കാന്‍ നിനക്ക് പ്രത്യേക താല്‍പര്യമുണ്ടല്ലോ. ആ വഴിക്കാവട്ടെ കുറച്ചുകാലം കഥയാഴം.”” പൂച്ചകളെക്കുറിച്ചുള്ള കുറേ കുറിപ്പുകള്‍ക്ക് സ്വതന്ത്രമായി വരക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് ബാബുവേട്ടന്റെ മരണവാര്‍ത്തയറിയുന്നത്.
ഭൂമിയുടെ അവകാശികളായ അനേകം തിര്യക്കുകളെ കലാപങ്ങള്‍ക്ക് ഒരു ഗൃഹപാഠത്തില്‍ ഈ എഴുത്തുകാരന്‍ മുമ്പേ കണ്ടെടുത്തിട്ടുണ്ട്. ഏകാകിയായ മനുഷ്യന്റെ ചെറിയ ലോകത്തെയല്ല ജീവജാലങ്ങളുടെ ബഹുസ്വരതയാര്‍ന്നതും വൈവിധ്യപൂര്‍ണവുമായ വലിയ ലോകമാണ് ഇവിടെ ചാരുചിത്രപടം കണക്കെ നിവരുന്നത്.
കടലൂര്‍ എന്ന ഗ്രാമം ഭൂതകാലത്ത് അനുഭവിച്ച പരിക്കുകളുടെയും അതിജീവനത്തിന്റെയും ആഖ്യാനം നിര്‍വഹിക്കപ്പെടുമ്പോള്‍ അതില്‍ മനുഷ്യരുടെ പങ്കാളിത്തത്തോടൊപ്പം തന്നെ തിര്യക്കുകളും കടന്നുവരുന്നു. “”കലാപം എല്ലാ ജീവജാലങ്ങളും ഒന്നായി സ്വകാര്യം കൈമാറുന്ന ഒരനുഭവമായി പെട്ടെന്നെനിക്ക് തോന്നി. നിഷ്‌കാമകര്‍മിയായ ഈ പുഴയും അതിലെ അസംഖ്യം മീനുകളും ആ കലാപത്തിലുണ്ടാവാം. പുഴയും പൂക്കളും പുഴുക്കളും മീനുകളും കുന്നിന്‍ ചെരിവുകളും പൊന്തകളും മാമരങ്ങളും ഉറക്കമൊഴിക്കുന്ന കാലം. ഞാന്‍ നദിയും പുഴയും ചേരുന്ന ഈ വഴിയില്‍ കാലത്തിന്റെ കാല്‍പ്പെരുമാറ്റം കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു.””
ഓര്‍മയായി തെളിയുന്ന ജൈവസംസ്‌കൃതി ആധുനിക മനുഷ്യജീവിതത്തെക്കൂടി നിര്‍ണയിക്കുന്നതെങ്ങനെയെന്ന് നാം ഈ നോവലില്‍ നിന്ന് വായിച്ചെടുക്കുന്നു. നിരുന്‍മേഷം എന്ന് പൊതുബോധത്തിന് തോന്നുന്ന ഇരുണ്ടതും പ്രാക്തനവുമായ കേരളീയ പരിസരം എത്ര മധുരോദാരമായാണ് ബാബുഭരദ്വാജിന്റെ വാക്കുകളില്‍ തെളിഞ്ഞത്.
മരങ്ങള്‍ക്കും ചെടികള്‍ക്കും മണ്ണിനും മനുഷ്യരേക്കാള്‍ പ്രാധാന്യം കൈവരുന്നു. “”മീനും ജലവും രതിയുടെ ചിഹ്നവ്യവസ്ഥകളിലെ ഏറ്റവും തെളിഞ്ഞ അക്ഷരങ്ങളാണെന്ന് ഇന്നെനിക്കറിയാം”” എന്ന് നോവലിലെ ആഖ്യാതാവ് ഒരിടത്ത് (അധ്യായം 6) തുറന്നു പറയുന്നുണ്ട്. കാലത്തെയും ജീവിതത്തെയും ജീവജാലങ്ങളെയും അപാര ആത്മബന്ധത്തോടെ അക്ഷരങ്ങളില്‍ ആവാഹിച്ച വലിയ കലാകാരന് ആദരാഞ്ജലി.
കടപ്പാട്: ചന്ദ്രിക ആഴ്ച്ചപ്പതിപ്പ്