| Tuesday, 10th September 2024, 9:18 pm

ആദ്യ വില്ലന്‍ വേഷം സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തില്‍; ഞാനൊരു വില്ലനാണെന്ന ചിന്ത അദ്ദേഹത്തിന് ഇല്ലായിരുന്നു: ബാബു ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭരതന്‍ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചിലമ്പ്. ശോഭന – റഹ്‌മാന്‍ ജോടിയില്‍ എത്തിയ ഈ സിനിമയില്‍ തിലകന്‍, നെടുമുടി വേണു, അശോകന്‍, ശാന്തകുമാരി തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്. അമ്മയെയും മുത്തച്ഛനെയും വീട്ടില്‍ നിന്ന് പുറത്താക്കി തന്റെ കുടുംബ സ്വത്ത് തട്ടിയെടുത്ത അമ്മാവനോടുള്ള ഒരു യുവാവിന്റെ പ്രതികാരമായിരുന്നു ഈ സിനിമയിലൂടെ പറഞ്ഞത്.

ചിലമ്പില്‍ വില്ലനായി എത്തിയത് ബാബു ആന്റണിയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു ചിലമ്പ്. ഇപ്പോള്‍ റഹ്‌മാനെ കുറിച്ചും ഈ സിനിമയെ കുറിച്ചും പറയുകയാണ് ബാബു ആന്റണി. വണ്‍ റ്റു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചിലമ്പ് എന്ന സിനിമ എനിക്ക് വലിയ ഒരു സര്‍പ്രൈസായിരുന്നു. എന്റെ ആദ്യ സിനിമയായിരുന്നു അത്. അന്ന് ഞാന്‍ അവസരം ചോദിച്ച് ഭരതേട്ടന്റെ അടുത്തേക്ക് ചെല്ലുകയായിരുന്നു. അന്ന് അദ്ദേഹം ചിലമ്പെന്ന സിനിമ ചെയ്യുന്നുണ്ടെന്നും റഹ്‌മാനാണ് ഹീറോയെന്നും പറഞ്ഞു.

ഞാന്‍ റഹ്‌മാന്റെ വലിയ ഒരു ഫാനായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ ഫാന്‍ തന്നെയാണ്. അന്ന് എന്ത് വേഷമായിരിക്കും എനിക്ക് ലഭിക്കുകയെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ചെറിയ എന്തെങ്കിലുമാകും കിട്ടുന്നതില്‍ അഭിനയിക്കാമെന്നും ഞാന്‍ ചിന്തിച്ചു.

പിന്നെയാണ് വില്ലന്റെ വേഷമാണെന്ന് ഞാന്‍ അറിയുന്നത്. ഞാന്‍ കരാട്ടെയും റഹ്‌മാന്‍ കളരിയുമാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ കഥയൊക്കെ പറഞ്ഞു തന്നതോടെ ഞാന്‍ വളരെ എക്‌സൈറ്റഡായി. റഹ്‌മാന്‍ അന്നും ഇന്നും സൂപ്പര്‍ സ്റ്റാര്‍ ആണ്. അദ്ദേഹം അന്ന് വലിയ നിലയിലുള്ള ഒരു സ്റ്റാറായിരുന്നു.

ശോഭനയാണെങ്കിലും സൂപ്പര്‍ സ്റ്റാറാണ്. പക്ഷെ ഞാനൊരു വില്ലനാണെന്നോ തുടക്കകാരനാണെന്നോയുള്ള ചിന്ത റഹ്‌മാന് ഉണ്ടായിരുന്നില്ല. എന്നോട് അദ്ദേഹത്തിന് വലിയ സ്‌നേഹമായിരുന്നു. വണ്ടിയില്‍ പോകുമ്പോള്‍ എന്നെയും കേറ്റിയിരുത്തുമായിരുന്നു. അന്നൊക്കെ ഹീറോയുടെ വണ്ടിയില്‍ പോകുന്നത് വലിയ സംഭവമായിരുന്നു,’ ബാബു ആന്റണി പറഞ്ഞു.


Content Highlight: Babu Antony Talks About Rahman And Chilambu Movie

Latest Stories

We use cookies to give you the best possible experience. Learn more