|

മോഹന്‍ലാല്‍ എന്നെയെടുത്ത് ഗ്ലാസ് ടേബിളില്‍ അടിച്ചു; ആ സീനില്‍ കയ്യിലും കാലിലും പരിക്കുകളായി: ബാബു ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആക്ഷന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് ബാബു ആന്റണി. മലയാളത്തിലെ ‘എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ’യാണ് അദ്ദേഹം. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ ബാബു ആന്റണി ചെറിയ വേഷങ്ങളായിരുന്നു ചെയ്തുകൊണ്ടിരുന്നത്.

പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ചിത്രത്തിലെ വില്ലന്‍ വേഷം ബാബു ആന്റണിയുടെ കരിയറിലെ നാഴികക്കല്ലുകളിലൊന്നായി മാറുകയായിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എസ്.എന്‍. സ്വാമി തിരക്കഥയൊരുക്കി 1988ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ മൂന്നാം മുറയിലും ബാബു ആന്റണി ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ഇപ്പോള്‍ മൂന്നാം മുറ ചിത്രത്തിന് ഇടയില്‍ തനിക്ക് പരിക്ക് പറ്റിയതിനെ കുറിച്ച് പറയുകയാണ് ബാബു ആന്റണി. സിനിമയില്‍ മോഹന്‍ലാല്‍ തന്നെയെടുത്ത് ഗ്ലാസ് ടേബിളില്‍ അടിക്കുന്ന സീന്‍ ഉണ്ടായിരുന്നെന്നും അന്ന് കയ്യും കാലുമൊക്കെ ഒരുപാട് മുറിഞ്ഞുവെന്നുമാണ് അദ്ദേഹം പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാബു ആന്റണി.

‘ഫൈറ്റിന്റെ ഇടയില്‍ എന്നെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, എനിക്ക് ഇഷ്ടം പോലെ സംഭവിച്ചിട്ടുണ്ട്. അന്നൊക്കെ ഡ്യൂപ്പില്ലാതെ തന്നെ ഒരുപാട് സീനുകളും സിനിമകളും ചെയ്യുമായിരുന്നു.

മരണ കിണറില്‍ ബൈക്ക് ഓടിച്ചിട്ടുണ്ട്, മുകളില്‍ നിന്നും ചാടിയിട്ടുണ്ട്. മൂന്നാം മുറ എന്ന സിനിമയില്‍ ലാല്‍ എന്നെയെടുത്ത് ഗ്ലാസ് ടേബിളില്‍ അടിച്ചിരുന്നു. അന്ന് കയ്യും കാലുമൊക്കെ ഒരുപാട് മുറിഞ്ഞിരുന്നു.

എനിക്ക് പണ്ടൊക്കെ ഒരുപാട് അപകടങ്ങള്‍ സംഭവിച്ചിരുന്നു. എനിക്ക് ഡ്യൂപ്പ് ഇടാനും പറ്റില്ലല്ലോ. എനിക്ക് ഡ്യൂപ്പിട്ടാല്‍ ജനങ്ങള്‍ക്ക് അത് മനസിലാകും,’ ബാബു ആന്റണി പറയുന്നു.


Content Highlight: Babu Antony Talks About Mohanlal’s Moonnam Mura Movie

Latest Stories