| Monday, 23rd December 2024, 12:36 pm

പ്രേമം എന്ന സിനിമയുടെ ത്രെഡ് ആ ഭരതന്‍ ചിത്രത്തില്‍ നിന്നാണെന്ന് പറയുന്നവരുണ്ട്: ബാബു ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ഭരതന്‍. കുറഞ്ഞ കാലയളവ് കൊണ്ട് അദ്ദേഹം ചെയ്തു വെച്ചതെല്ലാം ക്ലാസിക് സിനിമകളാണ്. അമരം, വൈശാലി, താഴ്വാരം തുടങ്ങിയ ഭരതന്‍ ചിത്രങ്ങള്‍ ഇന്നും മലയാളികളുടെ ചര്‍ച്ചയില്‍ ഇടം നേടുന്നവയാണ്.

1980ല്‍ ബാലകൃഷ്ണന്‍ മങ്ങാടിന്റെ കഥക്ക് ജോണ്‍പോള്‍ തിരക്കഥയും സംഭാഷണവും എഴുതി ഭരതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ചാമരം. നെടുമുടി വേണു, സറീന വഹാബ്, പ്രതാപ് പോത്തന്‍, രതീഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഭരതന്റെ പ്രയാണം, ചാമരം തുടങ്ങിയ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ബാബു ആന്റണി.

പ്രയാണം എന്ന ചിത്രം കാലത്തെ അതിജീവിക്കുന്ന ചിത്രമാണെന്ന് ബാബു ആന്റണി പറയുന്നു. ഇപ്പോഴും ആ ചിത്രത്തിന് പ്രസക്തിയുണ്ടെന്നും മുപ്പത് വര്‍ഷങ്ങള്‍ക്കും മുമ്പാണ് ഭരതന് അത്തരം ഒരു സിനിമ ചെയ്തതെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.

ചാമരം എന്ന സിനിമയില്‍ അധ്യാപികയെ പ്രണയിക്കുന്നത് കാണിക്കുന്നുണ്ടെന്നും ടീച്ചറുമായിട്ടുള്ള പ്രണയമെല്ലാം അന്ന് വലിയ സംഭവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രേമം എന്ന അല്‍ഫോസ് പുത്രന്‍ സിനിമയിറങ്ങിയപ്പോള്‍ ചാമരത്തില്‍ നിന്നാണ് പ്രേമത്തിന്റെ ത്രെഡ് വന്നതെന്ന് പലരും പറഞ്ഞിരുന്നെന്നും ബാബു ആന്റണി പറയുന്നു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രയാണം എന്ന ചിത്രത്തിന്റെ വിഷയങ്ങളെല്ലാം കാലത്തെ അതിജീവിക്കുന്നതായിരുന്നു. ഇപ്പോള്‍ കണ്ടാലും ആ സബ്ജക്ടിന് റെലവന്‌സുണ്ട്. ഡ്രഗ് അബ്യുസും കാര്യങ്ങളുമെല്ലാം ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. അതാണ് മുപ്പത് വര്‍ഷം മുമ്പ് അദ്ദേഹം ചെയ്തുവെച്ചിരിക്കുന്നത്.

അതുപോലെ ചാമരം എന്ന സിനിമ ടീച്ചറെ പ്രണയിക്കുന്നതാണ് കാണിക്കുന്നത്. ടീച്ചറുമായിട്ടുള്ള പ്രണയമെല്ലാം അന്ന് വലിയ സംഭവമാണ്. ഇന്നാണെങ്കില്‍ ഓക്കേ, എന്നിരുന്നാലും ഇന്നും അതൊന്നും അംഗീകരിക്കാത്തവരും ഉണ്ട്. പ്രേമം എന്ന സിനിമയിറങ്ങിയപ്പോള്‍ അന്ന് പലരും പറഞ്ഞിട്ടുണ്ടായിരുന്നു ആ ചിത്രത്തിന്റെ നൂല് എന്ന് പറയുന്നത് ചാമരം ആണെന്ന്,’ ബാബു ആന്റണി പറയുന്നു.

പ്രയാണം

പത്മരാജന്‍ എഴുതി ഭരതന്‍ സംവിധാനം ചെയ്ത് 1975ല്‍ പുറത്തിറങ്ങിയ ഫീച്ചര്‍ ഫിലിമാണ് പ്രയാണം. പത്മരാജന്റെയും ഭരതന്റെയും അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. പ്രയാണത്തില്‍ മോഹന്‍, കൊട്ടാരക്കര, മാസ്റ്റര്‍ രഘു, ലക്ഷ്മി, കവിയൂര്‍ പൊന്നമ്മ, നന്ദിതാ ബോസ് തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തിയതിയത്. പൂജാദികാര്യങ്ങളില്‍ മുഴുകിയ വൃദ്ധ ബ്രാഹ്‌മണന്‍ ഒരു യുവതിയെ വിവാഹം കഴിക്കുകയും അവള്‍ മറ്റൊരു യുവാവുമായി അടുക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Content Highlight: Babu Antony Talks  About Bharathan’s Films

We use cookies to give you the best possible experience. Learn more