സിനിമക്കിടെയുണ്ടായ അപകടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബാബു ആന്റണി. ദൗത്യമെന്ന സിനിമയുടെ തെലുങ്കു വേര്‍ഷന്‍ ചെയ്യേണ്ടി വന്നപ്പോള്‍ 50 അടി പൊക്കത്തില്‍ നിന്നും ചാടേണ്ടി വന്നിട്ടുണ്ടെന്നും അപകടം സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാബു ആന്റണി.
‘ദൗത്യത്തിന്റെ തെലുങ്കു വേര്‍ഷന്‍ ചെയ്യേണ്ടി വന്നപ്പോള്‍ 50 അടി പൊക്കത്തില്‍ നിന്നും എനിക്ക് ചാടേണ്ടി വന്നിട്ടുണ്ട്. ഗണ്ണും പിടിച്ച് പാറയുടെ മുകളില്‍ നിന്നും ചാടണമായിരുന്നു. അന്ന് ഇന്നത്തെ പോലെ എയര്‍ ബാഗ് ഒന്നുമുണ്ടായിരുന്നില്ല. അന്ന് ചെറിയ ഒരു നെറ്റാണ് അവര്‍ വലിച്ച് പിടിച്ചിരുന്നത്. അത് ചാടിയ എന്നെ വേണം പറയാന്‍. ഞാന്‍ അതില്‍ നിന്നും തെറിച്ച് താഴെ വീണു. വല്ലാത്തൊരു അപകടമായിരുന്നു,’ ബാബു ആന്റണി പറഞ്ഞു.
മൂന്നാം മുറ എന്ന സിനിമയില്‍ ഉണ്ടായ അപകടത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. മോഹന്‍ ലാല്‍ തന്നെ ഗ്ലാസില്‍ എടുത്തടിക്കുന്ന സീന്‍ ഉണ്ടായിരുന്നെന്നും അതില്‍ ഗ്ലാസൊക്കെ പൊട്ടി അപകടം സംഭവിച്ചെന്നും ബാബു ആന്റണി പറഞ്ഞു.
‘മോഹന്‍ ലാല്‍ എന്നെ ഗ്ലാസില്‍ എടുത്തടിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു മൂന്നാം മുറയില്‍. അതില്‍ ഗ്ലാസൊക്കെ പൊട്ടി അപകടമുണ്ടായി. അന്നത്തെ ഗ്ലാസൊക്കെ എന്തൊരു ഗ്ലാസാണെന്ന് നമുക്ക് തന്നെയറിയില്ല. ഇപ്പോള്‍ ഒരുപാട് സുരക്ഷാ സംവിധാനങ്ങള്‍ വന്നു. എല്ലാ ആക്ഷനും അപകടകരമാണ്. ഡയലോഗ് തെറ്റിയാല്‍ നമുക്ക് മാറ്റിയെടുക്കാം. ആക്ഷന്‍ തെറ്റിയാല്‍ ഇടിയും കൊണ്ട് പല്ലൊക്കെ പോയി കഴിഞ്ഞാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. അപകടം നടന്നപ്പോള്‍ ലാലേട്ടന്‍ വന്ന് ബ്ലഡ് വരുന്നുണ്ടല്ലോയെന്നൊക്കെ പറഞ്ഞു. ഉടനെ തന്നെ ഞങ്ങള്‍ ഹോസ്പിറ്റലില്‍ പോയി.
അത് കഴിഞ്ഞ് വൈകിട്ട് തെലുങ്ക് പടത്തിന് വേണ്ടി പോയി ഞാന്‍. മോഹന്‍ ലാലിന്റെ ഇടി വാങ്ങിച്ചിട്ട് ചിരഞ്ജീവിയുടെ ഇടി വാങ്ങിക്കാന്‍ പോയി. അന്നത്തെ കാലത്ത് ഇന്നിപ്പോള്‍ കേരളത്തില്‍ ഷൂട്ട് കഴിഞ്ഞാല്‍ വൈകിട്ട് മദ്രാസില്‍ ഷൂട്ട് ചെയ്യും. പിറ്റേന്ന് ആന്ധ്രായിലേക്ക് പോകും. ഒരാഴ്ച നാല് അഞ്ച് സ്ഥലത്തൊക്കെ ഷൂട്ടിന് പോകും,’ ബാബു ആന്റണി പറഞ്ഞു.
Content Highlight: Babu antony talks about accidents in movies