| Monday, 13th November 2023, 2:23 pm

വിജയ് ഡയലോഗ് എഴുതി പോക്കറ്റിൽ ഇട്ടിരിക്കുകയായിരുന്നു, ശരിക്കും എന്നെ അത്ഭുതപ്പെടുത്തി: ബാബു ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. തന്റെ ആക്ഷൻ രംഗങ്ങളാൽ വലിയ പ്രേക്ഷക ശ്രദ്ധ നേടാൻ ബാബു ആന്റണിക്ക് കഴിഞ്ഞിരുന്നു. ഈയിടെ ആർ.ഡി.എക്സ് ചിത്രത്തിൽ നിമിഷനേരം കൊണ്ട് മാത്രം ബാബു ആന്റണി ആറാടിയപ്പോൾ വീണ്ടും പ്രേക്ഷകർ താരത്തെ കുറിച്ച് വാഴ്ത്തിയിരുന്നു.

പിന്നീട് ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം ലിയോയിലും മലയാള സാന്നിധ്യമായി ബാബു ആന്റണി അഭിനയിച്ചു. ചിത്രം ബോക്സ്‌ ഓഫീസിൽ തകർത്തോടുമ്പോൾ നടൻ വിജയിയെ കുറിച്ച് സംസാരിക്കുകയാണ് ബാബു ആന്റണി.

വിജയിയെ കണ്ടപ്പോൾ തനിക്ക് അത്ഭുതം തോന്നിയെന്നാണ് ബാബു ആന്റണി പറയുന്നത്. ഓരോ സീനുകൾക്ക് ശേഷവും ലൊക്കേഷൻ വിട്ടു പോവാതെ അവിടെ തന്നെ നിന്ന് മറ്റുള്ളവർ അഭിനയിക്കുന്നത് ശ്രദ്ധയോടെ വിജയ് വീക്ഷിക്കാറുണ്ടെന്നും ഒരു സൂപ്പർ സ്റ്റാറാണ് താനെന്ന തോന്നൽ വിജയിക്ക് ഇല്ലെന്നും ബാബു ആന്റണി പറയുന്നു. സില്ലി മോങ്ക്സ് മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘വിജയ് വളരെ ഹംബിൾ ആയിട്ടുള്ളൊരു വ്യക്തിയാണ്. സിനിമയെ ഒരു പ്രൊഫഷനായി കാണുന്ന ആളാണ് വിജയ് എന്ന് തോന്നിയിട്ടുണ്ട്. ഷൂട്ടിങ് സെറ്റിൽ വർക്ക്‌ ചെയ്യുമ്പോൾ ആണെങ്കിലും വളരെ നിശബ്ദമായി അതിൽ മാത്രം ഫോക്കസ് ചെയ്ത് കൊണ്ടാണ് വിജയ് ഉണ്ടാവുക. ശരിക്കും ഞാൻ കണ്ടിട്ട് അത്ഭുതപെട്ടു പോയിട്ടുണ്ട്.

അദ്ദേഹത്തിന്റെ കൂടെയുള്ള പത്തിരുപതു ആൾക്കാരുണ്ട്, അവരോട് ആർക്ക് വേണമെങ്കിലും സംസാരിക്കാം. വിളിച്ചാൽ അടുത്തേക്ക് വരും. പക്ഷെ വിജയ് അങ്ങനെയല്ല
അദ്ദേഹം തനിക്കുള്ള ഡയലോഗ് എഴുതി പോക്കറ്റിൽ ഇട്ടിരിക്കുകയായിരുന്നു. അത് ഒരു അസിസ്റ്റന്റിന്റെ അടുത്തും കൊടുത്തിട്ടില്ല. പുള്ളീടെ ഷോട്ട് കഴിഞ്ഞാലും അവിടുന്ന് പോവാതെ ലൊക്കേഷനിൽ തന്നെ നിൽക്കും.

മറ്റുള്ളവർ അഭിനയിക്കുന്നത് ശ്രദ്ധയോടെ നോക്കും. ആ കാര്യത്തിൽ നല്ല ഫോക്കസ്ഡാണ്. താൻ ഒരു ഹീറോ ആണെന്നോ, അത്രയും ഉയരത്തിൽ നിൽക്കുന്ന നടനാണെന്നോ ഉള്ള തോന്നലൊന്നും അദ്ദേഹത്തിനില്ല. ആ ഷൂട്ടിങ് സെറ്റിൽ വിജയ് ഉണ്ടെന്ന് പോലും തോന്നില്ലായിരുന്നു,’ബാബു ആന്റണി പറയുന്നു.

നിലവിലെ കളക്ഷൻ റെക്കോഡുകൾ തിരുത്തിക്കൊണ്ട് ലിയോ ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. തൃഷ, അർജുൻ സർജ, സഞ്ജയ്‌ ദത്ത് തുടങ്ങിയവരോടൊപ്പം ബാബു ആന്റണിക്ക് പുറമേ മലയാളത്തിൽ നിന്ന് മഡോണ സെബാസ്റ്റ്യൻ, മാത്യു തോമസ് എന്നിവരും അഭിനയിച്ചിരുന്നു.

Content Highlight: Babu Antony Talk About Vijay

We use cookies to give you the best possible experience. Learn more