മലയാള സിനിമയിലെ മാറി വരുന്ന നായക-വില്ലന്‍ കഥാപാത്ര സങ്കല്‍പ്പങ്ങളെക്കുറിച്ച് പറയുകയാണ് നടന്‍ ബാബു ആന്റണി. ഒരുകാലത്ത് വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ താരം ഒരിടവേളക്ക് ശേഷം സിനിമയില്‍ സജീവമാവാനൊരുങ്ങുകയാണ്.
റിലീസിനൊരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് തന്റെ സിനിമ ജീവിതത്തെക്കുറിച്ചും ബാബു ആന്റണി മനസ് തുറന്നത്.
എന്തുകൊണ്ടാണ് ബാബു ആന്റണിക്ക് ശേഷം ശക്തമായ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കുന്ന നടന്‍മാര്‍ മലയാളത്തില്‍ ഇല്ലാതെ പോയതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എഡിറ്റോറിയല്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പൊക്കെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നെന്നാണ് ബാബു ആന്റണി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ആ കാലഘട്ടം തന്നെ മാറിയെന്നും സിനിമകള്‍ നായക കേന്ദ്രീകൃതമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പണ്ട് കാലത്ത് താന്‍ ചെയ്ത പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടന്‍മാര്‍ ഇപ്പോള്‍ ഇല്ലാത്തതും പ്രതിസന്ധിക്ക് കാരണമാവാം എന്നും അദ്ദേഹം പറഞ്ഞു.
‘പണ്ടൊക്കെ സിനിമകളില്‍ വില്ലന്‍മാര്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു സാഹചര്യം തന്നെ നിലനിന്നിരുന്നു. ഇപ്പോള്‍ പിന്നെ കാലഘട്ടമൊക്കെ മാറി നായകന്‍മാര്‍ക്ക് പ്രാധാന്യം കിട്ടുന്ന അവസ്ഥയിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. എല്ലാം ഹീറോ ചെയ്യുന്ന അവസ്ഥയിലേക്ക്, ഒരു മോണോ ആക്ട് പോലെയായി സിനിമകള്‍ മാറി.
മറ്റുള്ള കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കുറയുന്ന അവസ്ഥയിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. ഇനി ചിലപ്പോള്‍ പണ്ട് ഞാനൊക്കെ ചെയ്ത കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനൊക്കെ കഴിവുള്ള നടന്‍മാര്‍ ഇന്ന് ഇല്ലാത്തതും ഇപ്പോഴത്തെ അവസ്ഥക്ക് കാരണമായയിരിക്കാം. എന്തായാലും പ്രകടമായ വ്യത്യാസം സിനിമയില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്,’ ബാബു ആന്റണി പറഞ്ഞു.
Content Highlight: Babu antony talk about malayalam film industry