മലയാളത്തിന്റെ ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. ആക്ഷൻ രംഗങ്ങളിലെ മെയ്‌വഴക്കത്തിലൂടെ വലിയ ശ്രദ്ധ നേടാൻ ബാബു ആന്റണിക്ക് കഴിഞ്ഞിട്ടുണ്ട്. ഈയിടെ ഇറങ്ങിയ ആർ.ഡി.എക്സ് ചിത്രത്തിലൂടെ നിമിഷനേരം കൊണ്ട് താരം അത് തെളിയിച്ചതാണ്.
ഈയിടെ പൊന്നിയിൻ സെൽവൻ, ലിയോ എന്നീ ചിത്രങ്ങളിലൂടെ തമിഴിലും സജീവമായി നിൽക്കുന്നുണ്ട് ബാബു ആന്റണി.
ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രമാണ് ലിയോ. സിനിമ തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് വന്നപ്പോൾ ആദ്യമായി സംവിധായകൻ ലോകേഷിനെ കണ്ട അനുഭവം പങ്കുവെക്കുകയാണ് ബാബു ആന്റണി.
ആദ്യം കണ്ടപ്പോൾ തന്റെ സിനിമകൾ ചെറുപ്പം മുതൽ കാണുന്ന ഒരു ഫാൻ ആണെന്നാണ് ലോകേഷ് പറഞ്ഞതെന്നും തന്റെ സിനിമയിലേക്ക് വന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ലോകേഷ് പറഞ്ഞെന്ന് ബാബു ആന്റണി പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘എനിക്കൊരു പരിചയവുമില്ലാത്ത വ്യക്തിയായിരുന്നു ലോകേഷ് കനകരാജ്. എനിക്ക് ഫോട്ടോ കണ്ടാൽ പോലും അത് ലോകേഷ് ആണെന്ന് തിരിച്ചറിയാൻ കഴിയില്ലായിരുന്നു. അങ്ങനെ ഞാൻ ആദ്യമായി ലിയോയുടെ ലൊക്കേഷനിൽ ചെന്നപ്പോൾ എന്നോട് ലോകേഷ് സാറിനെ ചെന്ന് മീറ്റ് ചെയ്യാൻ പറഞ്ഞു. പക്ഷെ എനിക്ക് കണ്ടാൽ അറിയില്ലല്ലോ.
പക്ഷെ കുറച്ച് കഴിഞ്ഞ് ലോകേഷ് വന്നു എന്നിട്ട് എന്നോട് പറഞ്ഞു, സാർ ഞാൻ ചെറുപ്പം തൊട്ട് സാറിന്റെ സിനിമകൾ കാണാറുണ്ട്. പൂവിഴി വാസലിലേ,സൂര്യൻ അതെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമുള്ള സാറിന്റെ സിനിമകളാണ്. സാർ ഞങ്ങളുടെ സിനിമ അംഗീകരിച്ച് ഇവിടെ വന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്ന്.
അത് കേട്ടപ്പോൾ ഞാൻ പറഞ്ഞത്, സാറിനെ പോലൊരു സംവിധായകനോടൊപ്പം വർക്ക് ചെയ്യാൻ കഴിയുന്നത് വലിയൊരു ഭാഗ്യമല്ലേയെന്ന്. അപ്പോൾ ലോകേഷ് പറഞ്ഞത്, അല്ല സാർ ഞാൻ നിങ്ങളുടെ ഫാൻ ആണെന്നാണ്.
എന്നെ സംബന്ധിച്ച് ഒരു നാഷണൽ അവാർഡ് കിട്ടുന്നതിനേക്കാൾ സന്തോഷമുള്ള കാര്യമായിരുന്നു അത്. വിജയ് ആണെങ്കിലും എന്നോട് അങ്ങനെ തന്നെ പറഞ്ഞു. ഞാൻ അഭിനയിച്ച സിനിമകളെല്ലാം അവർ ഇങ്ങോട്ട് പറയുകയാണ്.
ഇതെല്ലാം നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് ഞാൻ ചോദിക്കുമ്പോൾ അവർ പറയുന്നത്, എന്താണ് സാർ ഞാൻ നിങ്ങളുടെ ഫാൻ ആണെന്നാണ്. പൊന്നിയിൻ സെൽവനിൽ അഭിനയിക്കുമ്പോൾ കാർത്തിയും എന്നോട് അങ്ങനെ പറഞ്ഞിരുന്നു,’ബാബു ആന്റണി പറയുന്നു.
നിലവിലെ കളക്ഷൻ റെക്കോഡുകൾ തിരുത്തിക്കൊണ്ട് ലിയോ ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. തൃഷ, അർജുൻ സർജ, സഞ്ജയ് ദത്ത് തുടങ്ങിയവരോടൊപ്പം ബാബു ആന്റണിക്ക് പുറമേ മലയാളത്തിൽ നിന്ന് മഡോണ സെബാസ്റ്റ്യൻ, മാത്യു തോമസ് എന്നിവരും അഭിനയിച്ചിരുന്നു.
Content Highlight: Babu Antony Talk About Lokesh Kanakaraj