| Saturday, 12th October 2024, 7:58 am

കഥ പോലും നോക്കാതെയാണ് ആ വിജയ് ചിത്രം ചെയ്തത്, പക്ഷെ ഇറങ്ങിയപ്പോൾ വിചാരിച്ചത്ര ഗുണം കിട്ടിയില്ല: ബാബു ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. ആക്ഷൻ രംഗങ്ങളിലെ മെയ്‌വഴക്കത്തിലൂടെ വലിയ ശ്രദ്ധ നേടാൻ ബാബു ആന്റണിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇറങ്ങിയ ആർ.ഡി.എക്സ് ചിത്രത്തിലൂടെ നിമിഷനേരം കൊണ്ട് താരം അത് തെളിയിച്ചതാണ്.

ഈയിടെ പൊന്നിയിൻ സെൽവൻ, ലിയോ എന്നീ ചിത്രങ്ങളിലൂടെ തമിഴിലും സജീവമായി നിൽക്കുന്നുണ്ട് ബാബു ആന്റണി. ഈ ഓണത്തിന് തിയേറ്ററിൽ എത്തിയ ബാഡ് ബോയ്സ് ആയിരുന്നു ബാബു ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം.

സംവിധായകൻ മണിരത്നവുമായുള്ള സൗഹൃദത്തെ കുറിച്ചും ലോകേഷ് കനകരാജിന്റെ ലിയോയിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് അദ്ദേഹം. അഞ്ജലി എന്ന സിനിമ തൊട്ട് മണിരത്നത്തെ അറിയാമെന്നും ആ പരിചയമാണ് പൊന്നിയൻ സെൽവനിലേക്ക് എത്തിച്ചതെന്നും ബാബു ആന്റണി പറയുന്നു. ആർ.ഡി.എക്സിലെ ഫൈറ്റ് കണ്ടിട്ടാണ് ലോകേഷ് തന്നെ ലിയോയിലേക്ക് വിളിക്കുന്നതെന്നും എന്നാൽ താൻ കരുതിയ പോലൊരു ശ്രദ്ധ നേടാൻ ആ ചിത്രത്തിലൂടെ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ബെംഗളൂരുവിൽ താമസിക്കുന്ന കാലത്താണ് അഞ്ജലിയിൽ അഭിനയിക്കാൻ മണിരത്നം സാർ വിളിച്ചത്. ചിത്രത്തിന്റെ കഥ പറഞ്ഞശേഷം എങ്ങനെയുണ്ടെന്ന് ചോദിച്ചു, ഞാൻ പറഞ്ഞു, കഥ സൂപ്പറാണ് പക്ഷേ, എന്റെ കഥാപാത്രത്തിൻ്റെ ആവശ്യം ഇല്ലായിരുന്നുവെന്ന്.

ആർട്ട് സിനിമകളെ സ്നേഹിച്ചിരുന്ന ഒരു കാലമായിരുന്നു അത്. എന്റെ അഭിപ്രായം കേട്ട് മണിരത്നം പൊട്ടിച്ചിരിച്ച് പറഞ്ഞു, ബാബു, ഇത് എന്റെമാത്രം സിനിമയല്ല. കൊമേഴ്ഷ്യൽ സിനിമ ചെയ്യുമ്പോൾ ഇങ്ങനെയൊക്കെയുള്ള ചേരുവകൾ വേണം എന്നായിരുന്നു.

അതെന്റെ സിനിമ സങ്കല്പ‌ങ്ങളെ തിരുത്തിക്കുറിച്ച കൂടിക്കാഴ്‌ചയായിരുന്നു. പിന്നീട്, ജനങ്ങളുടെ ഇഷ്ടം നോക്കുക എന്നത് മാത്രമാണ് ഞാൻ ചിന്തിച്ചത്. ആ സൗഹൃദമാണ് ‘പൊന്നിയിൻ സെൽവൻ’വരെ എത്തിച്ചത്. അതുപോലെ തികച്ചും യാദൃച്ഛികമായാണ് അടുത്തിടെ പുറത്തിറങ്ങിയ വിജയ്‌യുടെ ‘ലിയോ’യിലെത്തിയത്. ആർ.ഡി.എക്സ്. സിനിമയുടെ ഫൈറ്റ് മാസ്റ്റർ അൻപറിവാണ് ലിയോയ്ക്ക് ഫൈറ്റ് ഒരുക്കിയത്.

അതിൽ ഞാൻ ചെയ്‌ത ഫൈറ്റ് സീൻ ലിയോയുടെ സെറ്റിൽവെച്ചാണ് അവർ എഡിറ്റ് ചെയ്‌തത്. ഫൈറ്റ് സീൻ കണ്ട് ലിയോയുടെ സംവിധായകൻ ലോകേഷ് പറഞ്ഞു, ആൾ ഇപ്പോഴും നല്ല ഫോമിലാണല്ലോ. നമുക്ക് വിളിച്ചാലോയെന്ന്. കഥയൊന്നും നോക്കാതെയാണ് ഞാൻ അഭിനയിക്കാൻ പോയത്. ചിത്രം വന്നപ്പോൾ വിചാരിച്ചത്ര ഗുണം കിട്ടിയില്ല,’ബാബു ആന്റണി പറയുന്നു.

Content Highlight: Babu Antony Talk About Leo Movie

We use cookies to give you the best possible experience. Learn more