മലയാളസിനിമയിലെ എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ എന്ന വിശേഷണത്തിന് അര്‍ഹനാണ് ബാബു ആന്റണി. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ബാബു ആന്റണി ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചിത്രത്തിലെ വില്ലന്‍ വേഷം കരിയറിലെ നാഴികക്കല്ലുകളിലൊന്നായി മാറി. കഴിഞ്ഞ വർഷം ഇറങ്ങിയ ആർ.ഡി.എക്സ് ചിത്രത്തിലൂടെ നിമിഷനേരം കൊണ്ട് താരം അത് തെളിയിച്ചതാണ്.
ഈയിടെ പൊന്നിയിൻ സെൽവൻ, ലിയോ എന്നീ ചിത്രങ്ങളിലൂടെ തമിഴിലും സജീവമായി നിൽക്കുന്നുണ്ട് ബാബു ആന്റണി. ഈ ഓണത്തിന് തിയേറ്ററിൽ എത്തിയ ബാഡ് ബോയ്സ് ആയിരുന്നു ബാബു ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം.
38 വർഷമായി പല ഭാഷകളിൽ സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന തന്നെ വേണ്ട വിധത്തിൽ ഉപയോഗിക്കാത്തതിൽ ദുഃഖമുണ്ടെന്ന് ബാബു ആന്റണി പറയുന്നു. ഇപ്പോൾ കരിയറിൽ വലിയ മാറ്റങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ടെന്നും പുതിയ സംവിധായകരുടെ സിനിമകൾ തന്നെ തേടി വരുന്നുണ്ടെന്നും ബാബു ആന്റണി പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭരതേട്ടന്റെ ചിലമ്പിൽ തുടങ്ങി 38 വർഷം ആറുഭാഷകളിൽ പ്രതിനായകനായകനും നായകനുമായി അഭിനയിക്കാൻ കഴിയുക എന്നത് വലിയ ഭാഗ്യം തന്നെയാണ്. എന്നാലും ഒരു നടൻ എന്നനിലയിൽ മലയാളസിനിമാലോകം കാര്യമായി ഉപയോഗപ്പെടുത്തിയില്ലെന്നതിൽ വ്യക്തിപരമായ ദുഃഖമുണ്ട്.
ഇപ്പോൾ കരിയറിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇനിയുള്ള കാലം ആ സങ്കടങ്ങൾ തീർക്കാനുള്ളതായിരിക്കാം. ആർ.ഡി.എക്സ്, ബാഡ് ബോയ്‌സ് എന്നീ ചിത്രങ്ങൾക്കുശേഷം മലയാളത്തിൽ നിന്ന് നിരവധി അവസരങ്ങൾ വന്നിട്ടുണ്ട്. പുതുമകൾ ഉള്ള സിനിമകൾക്ക് മാത്രമേ കൈ കൊടുത്തിട്ടുള്ളൂ. ഇനി അല്പം ശ്രദ്ധയോടെ മുന്നോട്ടുപോകണം.
വ്യത്യസ്‌തമായ പ്രമേയത്തിൽ എന്നെ നായകനാക്കി രണ്ട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പുതിയ തലമുറയിലെ എഴുത്തുകാരും സംവിധായകരും എൻ്റെ സിനിമകൾ കണ്ടുവളർന്നവരാണ്. അങ്ങനെയാണ് ന്യൂജൻ സിനിമകളിൽ എന്നെ വിളിക്കുന്നത്. അവർക്ക് നമ്മളോട് പ്രത്യേക ബഹുമാനവും സ്നേഹവുമുണ്ട്,’ബാബു ആന്റണി പറയുന്നു.
Content Highlight: Babu Antony Talk About His Film Career In Malayalam