മലയാളത്തിന്റെ ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. ആക്ഷൻ രംഗങ്ങളിലെ മെയ്‌വഴക്കത്തിലൂടെ വലിയ ശ്രദ്ധ നേടാൻ ബാബു ആന്റണിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇറങ്ങിയ ആർ.ഡി.എക്സ് ചിത്രത്തിലൂടെ നിമിഷനേരം കൊണ്ട് താരം അത് തെളിയിച്ചതാണ്.
ഈയിടെ പൊന്നിയിൻ സെൽവൻ, ലിയോ എന്നീ ചിത്രങ്ങളിലൂടെ തമിഴിലും സജീവമായി നിൽക്കുന്നുണ്ട് ബാബു ആന്റണി. ഈ ഓണത്തിന് തിയേറ്ററിൽ എത്തിയ ബാഡ് ബോയ്സ് ആയിരുന്നു ബാബു ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം.
തിയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ വലിയ സന്തോഷം തോന്നിയ ചിത്രമാണ് ബാഡ് ബോയ്‌സെന്നും നാല് തവണ ചിത്രം താൻ തിയേറ്ററിൽ നിന്ന് കണ്ടിട്ടുണ്ടെന്നും ബാബു ആന്റണി പറഞ്ഞു. മുമ്പ് തന്റെ കുടുംബത്തിനൊരു തിയേറ്റർ ഉണ്ടായിരുന്നുവെന്നും അന്ന് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മണ്ടൻമാർ ലണ്ടനിൽ എന്ന ചിത്രം നാല്പത് വട്ടം കണ്ടിട്ടുണ്ടെന്നും ബാബു ആന്റണി പറഞ്ഞു.
‘ഓണക്കാലത്ത് തിയേറ്ററിലെത്തിയ ഫെസ്റ്റിവൽ മൂഡുള്ള രസകരമായ ചിത്രമായിരുന്നു ബാഡ് ബോയ്‌സ്. ചിരിയും കൈയടിയും മാലപ്പടക്കംപോലെ തിയേറ്ററിൽ ഉയരുന്നത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. കൊച്ചിയിലെയും പാലായിലെയും തിയേറ്ററിൽ പ്രേക്ഷകർക്കൊപ്പം ഇരുന്ന്, നാലുപ്രാവശ്യം ഞാൻ സിനിമ കണ്ടു.
എത്രകണ്ടാലും പ്രേക്ഷകരെ മടുപ്പിക്കാത്ത ഫൺ മൂവിയാണത്. പണ്ട് പൊൻകുന്നത്ത് ഞങ്ങൾക്കൊരു സിനിമാ തിയേറ്റർ ഉണ്ടായിരുന്നു. സത്യേട്ടൻ്റെ ‘മണ്ടന്മാർ ലണ്ടനിൽ’ എന്ന ചിത്രം അവിടെവെച്ച് 40 പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ വീണ്ടും വീണ്ടും കണ്ട്, ചിരിക്കാൻ കഴിയുന്ന ഒരു ചിത്രത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.
എം. മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനൊപ്പം ഞാനും പ്രധാന കഥാപാത്രമായി എത്തുന്നു. രസകരമായ കുടുംബ കഥ പറയുന്ന ചിത്രത്തിൽ എല്ലാതരത്തിലും വ്യത്യസ്‌തമായ കഥാപാത്രമാണ് എനിക്ക് കിട്ടിയത്. അതുപോലെ മമ്മുക്കയോടൊപ്പം ബസുക്ക എന്ന സിനിമയാണ് മറ്റൊരു പ്രതീക്ഷ. ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മരണമാസ് എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് നടക്കുന്നു,’ബാബു ആന്റണി പറയുന്നു.
Content Highlight: Babu Antony Talk About Bad Boys Movie