|

ഇടി മാത്രമല്ല ഈണവും വഴങ്ങും; സുഖമോ ദേവിയുടെ കവര്‍ വേര്‍ഷനുമായി ബാബു ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘സുഖമോ ദേവി’ എന്ന ഹിറ്റ് പാട്ടിന്റെ കവര്‍ വേര്‍ഷനുമായി നടന്‍ ബാബു ആന്റണി. മൈക്കും കയ്യില്‍ പിടിച്ച് ലൈവ് പാടുന്നതിന്റെ വിഡിയോ ബാബു ആന്റണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

വേണു നാഗവള്ളിയുടെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ ‘സുഖമോ ദേവി’ എന്ന ചിത്രത്തിലെ ‘സുഖമോ ദേവീ’ എന്ന ഗാനമാണ് ബാബു ആന്റണി പാടുന്നത്.

സോഷ്യല്‍മീഡിയയില്‍ ഇതിനകം ബാബു ആന്റണിയുടെ ഗാനം വൈറലായിക്കഴിഞ്ഞു. അതിമനോഹരമായാണ് ബാബു ആന്റണി ഗാനം ആലപിച്ചിരിക്കുന്നത്. നിരവധി പേരാണ് ബാബു ആന്റണിയുടെ ഗാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

സ്‌ട്രോങ് മസിലുകള്‍ മാത്രമല്ല മധുരമായ ആലാപന ശൈലി കൂടി ഉണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത് എന്നാണ് ആരാധകര്‍ കുറിക്കുന്നത്.

രവീന്ദ്രന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന പാട്ട് കെ.ജെ. യേശുദാസ് ആണ് ആലപിച്ചത്. ഒ.എന്‍.വി കുറുപ്പിന്റേതാണു വരികള്‍. കാലമേറെ കഴിഞ്ഞിട്ടും പാട്ടിന് ഇന്നും ആരാധകരും ആസ്വാദകരും ഏറെയാണ്. പാട്ടിനു നിരവധി കവര്‍ പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്.

മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളില്‍  നിന്ന് ഒരു ആക്ഷന്‍ ഹീറോ ആയി മാറിയ താരമാണ് ബാബു ആന്റണി. ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും ആക്ഷന്‍ ഹീറോ എന്ന ആ സ്ഥാനം കയ്യേറാന്‍ മറ്റൊരു നടനും ഇതുവരെ സാധിച്ചിട്ടില്ല.

നായകനായും പ്രതിനായകനായും സഹനടനായും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബാബു ആന്റണിക്കായി.

കായംകുളം കൊച്ചുണ്ണിയിലാണ് മലയാളി പ്രേക്ഷകര്‍ അവസാനമായി ബാബു ആന്റണിയെന്ന ആക്ഷന്‍ ഹീറോയെ കണ്ടത്. കായംകുളം കൊച്ചുണ്ണിയുടെ കളരിപ്പയറ്റ് ആശാന്റെ വേഷത്തിലെത്തിയ ബാബു ആന്റണിയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ‘അടങ്ക മാറു’ എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാബു ആന്‍ണിയാണ്. കൊവിഡിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Video Stories