എന്നെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ പറ്റാത്തതില്‍ ലോകേഷിന് നല്ല കുറ്റബോധമുണ്ട്: ബാബു ആന്റണി
Entertainment
എന്നെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ പറ്റാത്തതില്‍ ലോകേഷിന് നല്ല കുറ്റബോധമുണ്ട്: ബാബു ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd June 2024, 7:05 pm

മലയാളസിനിമയില്‍ ഒരു കാലത്തെ ആക്ഷന്‍ ഹീറോയായിരുന്ന നടനാണ് ബാബു ആന്റണി. 90കളിലെ താരത്തിന്റെ ആക്ഷന്‍ സിനിമകള്‍ക്ക് ഇന്നും ആരാധകരുണ്ട്. ഇടവേളക്ക് ശേഷം ബാബു ആന്റണി വീണ്ടും സിനിമയില് സജീവമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ വന്‍ വിജയമായ ആര്‍.ഡി.എക്‌സ്, ലിയോ എന്നീ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. ആര്‍.ഡി.എക്‌സിലെ ഫൈറ്റ് സീന്‍ കണ്ടിട്ടാണ് താരത്തിനെ ലിയോയിലേക്ക് ലോകേഷ് കാസ്റ്റ് ചെയ്തത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന വില്ലനായ സഞ്ജയ് ദത്തിന്റെ സഹായിയായാ ശേഖര്‍ എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിച്ചത്. ടീസറും ട്രെയ്‌ലറും കണ്ടപ്പോള്‍ ബാബു ആന്റണിയും പ്രധാന കഥാപാത്രമാണെന്ന് പലരും വിചാരിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത കഥാപാത്രമല്ലായിരുന്നു താരത്തിന് ലഭിച്ചത്.

തന്നെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ ലോകേഷിന് കഴിഞ്ഞില്ലെന്നും ആ കാര്യത്തില്‍ കുറ്റബോധമുണ്ടെന്ന് ലോകേഷ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബാബു ആന്റണി പറഞ്ഞു. അടുത്ത സിനിമയില്‍ നല്ലൊരു വേഷം തനിക്ക് വേണ്ടി തയാറാക്കാമെന്ന് ലോകേഷ് ഉറപ്പ് തന്നിട്ടുണ്ടെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഡി.എന്‍.എയുടെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ആര്‍.ഡി.എക്‌സിലെ ക്ലൈമാക്‌സ് സീനിലെ ഫൈറ്റ് സീന്‍ കണ്ടിട്ടാണ് ലോകേഷ് എന്നെ ലിയോയിലേക്ക് വിളിച്ചത്. ടീസറും ട്രെയ്‌ലറും കണ്ടപ്പോള്‍ സ്‌ട്രോങ് ആയിട്ടുള്ള കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നതെന്ന് പലരും വിചാരിച്ചു. വില്ലന്‍ വേഷമാണെന്ന് അറിഞ്ഞതോടെ ആ പ്രതീക്ഷ കൂടി. ആ സമയത്ത് സിനിമയെപ്പറ്റി എവിടെയും പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

സിനിമ ഇറങ്ങിയപ്പോള്‍ വെറും സാധാരണ വില്ലനാണെന്ന് അറിഞ്ഞ് പലര്‍ക്കും നിരാശയായി. ഇക്കാര്യം ലോകേഷും അറിഞ്ഞു. പുള്ളിക്ക് ആ കാര്യത്തില്‍ നല്ല കുറ്റബോധമുണ്ട്. ലിയോ റിലീസിന് ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടപ്പോള്‍ ലോകേഷ് എന്നോട് ഇത് പറയുകയും ചെയ്തു. അടുത്ത സിനിമയിലോ അല്ലെങ്കില്‍ അത് കഴിഞ്ഞിട്ടുള്ള സിനിമയിലോ നല്ലൊരു റോള്‍ എനിക്ക് തരാമെന്ന് ലോകേഷ് ഉറപ്പ് തന്നിട്ടുണ്ട്,’ ബാബു ആന്റണി പറഞ്ഞു.

Content Highlight: Babu Antony saying that Lokesh felt guilt about his character in Leo