| Sunday, 5th November 2023, 8:36 am

'ഇതാ പഴയ സിനിമകളിലൊക്കെ ഉണ്ടായിരുന്ന സ്റ്റാറല്ലേ; ബാബു ആന്റണിയെ കണ്ടപ്പോള്‍ ലോകേഷ് കനകരാജ് ചോദിച്ചു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാബു ആന്റണി, മഡോണ, മാത്യു തോമസ് എന്നീ മലയാളി സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് ലിയോ. ക്യാമറക്ക് മുന്നിലല്ലാതെ ലിയോയുടെ അണിയറയിലും ഒരു മലയാളി സാന്നിധ്യം ഉണ്ടായിരുന്നു. ബാബു ആന്റണിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ രജീഷ് പൊതാവൂര്‍ ലിയോയിലേക്ക് എത്തിയത് എങ്ങനെയാണെന്ന് പറയുകയാണ്.

ആര്‍.ഡി.എക്‌സ് സിനിമയിലെ ഫൈറ്റ് രംഗങ്ങളുടെ എഡിറ്റ് ചെന്നൈയില്‍ വെച്ച് നടന്നപ്പോള്‍ സംവിധായകന്‍ ലോകേഷ് കനകരാജ് അത് അപ്രതീക്ഷിതമായി കാണുകയായിരുന്നുവെന്നും ബാബു ആന്റണിയെ ലിയോയിലേക്ക് വിളിക്കുകയായിരുന്നുവെന്നും രജീഷ് പറഞ്ഞു. ഒപ്പം സന്തതസഹചാരിയായ തന്നേയും ബാബു ആന്റണി കൂട്ടിയെന്നും രജീഷ് പറഞ്ഞു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പത്ത് പതിനാല് വര്‍ഷമായി ബാബു സാറിന്റെ കൂടെ തന്നെ വര്‍ക്ക് ചെയ്യുന്ന ആളാണ് ഞാന്‍. ആര്‍.ഡി.എക്‌സില്‍ അന്‍പ് അറിപറിവ് ഉണ്ടായിരുന്നല്ലോ. ചെന്നൈയില്‍ വെച്ച് ആര്‍.ഡി.എക്‌സ് ഫൈറ്റ് സീന്‍സ് എഡിറ്റ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ലോകേഷ് സാര്‍ അത് കാണാനിടയായി. ഇത് പഴയ സിനിമകളില്‍ അഭിനയിച്ച സ്റ്റാറല്ലേ എന്ന് അദ്ദേഹം ചോദിച്ചു. പിന്നെ ബാബു സാറിനെ ആ പടത്തിലേക്ക് വിളിച്ചു. കൂടെ സന്തതസഹചാരിയായ എന്നേയും സാര്‍ കൂട്ടി,’ രജീഷ് പറഞ്ഞു.

ലിയോ ഷൂട്ടിനിടയില്‍ വിജയ്‌ക്കൊപ്പമുണ്ടായ അനുഭവവും രജീഷ് പങ്കുവെച്ചു. ‘കശ്മീരില്‍ വെച്ച് വിജയ് സാറിനെ ആദ്യമായി കണ്ടത് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായിരുന്നു. സെറ്റിന് പുറത്ത് മുപ്പതോളം പട്ടാളക്കാര്‍ തോക്കുമായി നില്‍ക്കുകയാണ്. ഒരുപാട് ആളുകള്‍ ഷൂട്ടിങ് കാണാനായി പുറത്ത് നില്‍ക്കുന്നു.

അകത്തേക്ക് കയറാന്‍ നോക്കിയപ്പോള്‍ ഹിന്ദിക്കാരന്‍ സെക്യൂരിറ്റിക്കാരന്‍ വന്നു എന്താണെന്ന് ചോദിച്ചു. ബാബു ആന്റണി സാറിന്റെ പേര് പറഞ്ഞപ്പോള്‍ അകത്തേക്ക് കയറ്റിവിട്ടു. ഞാന്‍ സെറ്റിലെത്താന്‍ കഷ്ടപ്പെട്ടത് ചര്‍ച്ചയായിരുന്നു. അകത്തേക്ക് കയറിയപ്പോള്‍ വിജയ് സാറും സഞ്ജയ് ദത്ത് സാറും കൂടി സംസാരിക്കുകയാണ്. ബാബു ചേട്ടന്‍ അടുത്തിരിപ്പുണ്ട്. വിജയ് സാര്‍ എന്നെ നോക്കിയപ്പോള്‍ ഞാനൊന്നു തൊഴുതു. സാര്‍ കൈ പൊക്കി കാണിച്ചിട്ട് ചിരിച്ചു.

ബാബു സാറിന്റെ അടുത്ത് പോയപ്പോള്‍ നീ എത്തിയോ എന്ന് ചോദിച്ചു. മലയാളിയാണല്ലേ എന്ന് വിജയ് സാര്‍ എന്നോട് ചോദിച്ചു. ഞാന്‍ അതേ എന്ന് പറഞ്ഞു. അങ്ങനെ ചോദിച്ചപ്പോള്‍ എനിക്ക് ഒരു ധൈര്യമായി. അന്നു മുതല്‍ വിജയ് സാര്‍ രാവിലെ ബാബു സാറിന് ഗുഡ് മോണിങ് പറയുന്ന കൂട്ടത്തില്‍ എനിക്കും പറയും,’ രജീഷ് പറഞ്ഞു.

Content Highlight: Babu Antony’s make-up artist Rajish Pothavoor talks about how he got to Leo

We use cookies to give you the best possible experience. Learn more