| Wednesday, 28th June 2023, 11:56 pm

ചില കാര്യങ്ങൾ ഞാൻ ചെയ്തില്ലെങ്കിൽ എന്റെ കരിയർ നശിപ്പിക്കുമെന്ന് പറഞ്ഞു, ഒരു ത്രെട്ട് പോലെ ആയിരുന്നു: ബാബു ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിയറിൽ താൻ ഇടവേള എടുത്തത് ഒരു ഭീഷണിയെതുടർന്നാണെന്ന് നടൻ ബാബു ആന്റണി. ചില കാര്യങ്ങൾ ചെയ്തില്ലെങ്കിൽ തന്റെ കരിയർ നശിപ്പിക്കുമെന്നും അതൊരു ഭീഷണി പോലെ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ വേറെ ചോയ്സ് ഇല്ലാതെ വന്നപ്പോഴാണ് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്. അത് എനിക്കെതിരെയുള്ള വലിയൊരു അറ്റാക്ക് ആയിരുന്നു, ഒരു ത്രെട്ട് പോലെ. ചില കാര്യങ്ങൾ ഞാൻ ചെയ്തില്ലെങ്കിൽ എന്റെ കരിയർ നശിപ്പിക്കുമെന്ന് ഒരാൾ പറഞ്ഞു. കുഴപ്പമില്ല നശിപ്പിച്ചോ എന്ന് ഞാനും പറഞ്ഞു. പിന്നെ ഞാൻ അമേരിക്കക്ക് പോയി, വിവാഹവും കഴിഞ്ഞു,’ ബാബു ആന്റണി പറഞ്ഞു.

അഭിമുഖത്തിൽ താൻ ചെയ്ത വില്ലൻ കഥാപാത്രങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. താൻ ചെയ്തിരുന്നത് സാധാരണ വില്ലൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തതയുള്ളതായിരുന്നെന്നും ഏഴുവർഷം ഇന്ത്യയിലെ ഒട്ടുമിക്ക നടന്മാരുടെയും വില്ലനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ ചെയ്തിരുന്ന നെഗറ്റീവ് റോളുകൾ ശരിക്കും പറഞ്ഞാൽ സപ്പോർട്ടിങ് ക്യാരക്ടറുകൾ ആണ്. ഹീറോ എന്ന് പറയുന്നതും ഒരു കഥാപാത്രമാണ്. അല്ലാതെ ക്യാരക്ടർ റോൾ എന്ന് പറയുന്ന ഒരു സാധനം ഇല്ല. ഞാൻ ചെയ്തിരുന്നത് സാധാരണ വില്ലൻമാരിൽ നിന്നും വ്യത്യസ്തമായിട്ടുള്ളതാണ്. ഞാൻ കൺസെപ്റ്റ് ഒത്തിരി മാറ്റിയിരുന്നു. അട്ടഹസിക്കുന്ന, ഒരുപാട് സംസാരിക്കുന്ന, അല്ലെങ്കിൽ റേപ് ഒക്കെ ചെയ്യുന്ന വില്ലന്മാരെയാണ് അന്ന് കണ്ടിട്ടുള്ളു. ഇതൊക്കെ ഒന്ന് മാറ്റി പോളിഷ് ചെയ്ത വില്ലനിസമാണ് ഞാൻ കൊണ്ടുവന്നത്. പക്ഷെ എനിക്കറിയാമായിരുന്നു ഒരിക്കൽ ഹീറോ ആകുമെന്ന്. ഏഴ് വര്ഷം ഞാൻ ഇന്ത്യയിൽ ഓടിനടന്ന് എല്ലാ നായകന്മാരുടെയും അടി വാങ്ങി. അതിന് ശേഷം ബാക് ടു ബാക് ഹിറ്റുകൾ ആയിരുന്നു. ചന്ത, ഉപ്പുകണ്ടം ബ്രതേഴ്സ് എന്നീ സിനിമകൾ ഒക്കെ വന്നു,’ ബാബു ആന്റണി പറഞ്ഞു.

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’ ആണ് ബാബു ആന്റണിയുടെ വരാനിരിക്കുന്ന ചിത്രം. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. ഡി.ഒ.പി: മനോജ് പരമഹംസ, ആക്ഷന്‍: അന്‍പറിവ്, എഡിറ്റിങ്: ഫിലോമിന്‍ രാജ്, ആര്‍ട്ട്: എന്‍. സതീഷ് കുമാര്‍, കൊറിയോഗ്രാഫി: ദിനേഷ്, ഡയലോഗ്: ലോകേഷ് കനകരാജ്, രത്നകുമാര്‍, ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍. ഒക്ടോബര്‍ 19ന് ലിയോ ലോകമെമ്പാടുമുള്ള  തിയേറ്ററുകളില്‍ എത്തും. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlights: Babu Antony on threat against him

We use cookies to give you the best possible experience. Learn more