ഒരുമിച്ച് അഭിനയിച്ചപ്പോൾ ആന്റണി വർഗീസ് പെപ്പെ, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവർക്കൊക്കെ തന്നോട് വളരെ ബഹുമാനം ആയിരുന്നെന്ന് നടൻ ബാബു ആന്റണി. തന്നോട് നല്ല സ്നേഹം ആയിരുന്നെന്നും പിൽക്കാലത്ത് കുറ്റാരോപിതർ ആയിരുന്നെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ബാബു ആന്റണി പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
യുവ തലമുറയിലെ നടന്മാരിൽ ആരുടെ കൂടെ അഭിനയിക്കാനാണ് കൂടുതൽ താൽപര്യം എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബാബു ആന്റണി.
‘എനിക്ക് എല്ലാവരുടെയും കൂടെ അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ട്. ഈ അടുത്തിടെ ഞാൻ ചെയ്ത പടത്തിൽ പെപ്പെ, നീരജ്, ഷെയ്ൻ നിഗം ഒക്കെ ഉണ്ടായിരുന്നു. ബാബു ചേട്ടാ എന്നൊക്കെ വിളിച്ച് എന്നോട് നല്ല സ്നേഹം ആയിരുന്നു ആ പിള്ളേർക്ക്. ഞാൻ ഇരുന്നാൽ അവർ ഇരിക്കില്ല, അത്രക്ക് ബഹുമാനം ആയിരുന്നു. അവരൊക്കെ വളരെ നല്ല പിള്ളേരായിട്ടാണ് എനിക്ക് തോന്നുന്നത്. കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല.
എന്റെ അറിവിൽ അവർ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി തോന്നുന്നില്ല. എന്തെങ്കിലും ചെറിയ കാര്യങ്ങൾ ഉണ്ടായിക്കാണും, അത് മീഡിയയിൽ വരുമ്പോൾ വലിയ കാര്യമാകുന്നതല്ലേ.
ഞാൻ ഉള്ളപ്പോഴൊക്കെ അവർ കറക്ട് സമയത്താണ് വന്നിരുന്നത്. ഞാൻ ചെല്ലുമ്പോൾ ഈ ആർട്ടിസ്റ്റുകൾ ഒക്കെ റെഡിയാണ്,’ ബാബു ആന്റണി പറഞ്ഞു.
അഭിമുഖത്തിൽ സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ഷൂട്ടിങ് സെറ്റുകളിൽ ലഹരി ഉപയോഗിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും ഉപയോഗിക്കുകയാണെങ്കിൽ തന്നെ അത് ജോലിയെ ബാധിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഷൂട്ടിംഗ് സെറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാവരും പറഞ്ഞ് കേൾക്കുന്നുണ്ട്. പക്ഷെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അങ്ങനെയൊക്കെ ചിലപ്പോൾ ഉണ്ടായിരിക്കും, അതൊക്കെ എല്ലാവരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. ഇതൊക്കെ ജോലിയെ ബാധിക്കുമ്പോഴാണ് വലിയ പ്രശ്നങ്ങൾ ആകുന്നത്. പല ഇടങ്ങളിലും ഇത് ജോലിയെ ബാധിക്കുന്നുണ്ടെന്ന് പറയുന്നുണ്ട്. അത് ശരിയല്ല. കാരണം കുറെ ആളുകൾ പണി എടുക്കുന്ന സ്ഥലത്ത് അതൊരു വലിയ പ്രശ്നം ആയി വരുമ്പോൾ വാർത്ത പുറം ലോകം അറിയും. എന്തായാലും ഞാൻ അഭിനയിച്ചിട്ടുള്ള സെറ്റുകളിൽ അത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല,’ ബാബു ആന്റണി പറഞ്ഞു.
Content Highlights: Babu Antony on Shane Nigam, Antony Varghese Pepe and Neeraj Madhav