ബാബു ആന്റണിയുടെ തീപ്പൊരി മാസ്; ചര്‍ച്ചയായി ആര്‍.ഡി.എക്സ്
Entertainment news
ബാബു ആന്റണിയുടെ തീപ്പൊരി മാസ്; ചര്‍ച്ചയായി ആര്‍.ഡി.എക്സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th August 2023, 8:59 pm

നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ നീരജ് മാധവ്, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ആര്‍.ഡി.എക്‌സ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധ്യാനം നല്‍കി കഥപറയുന്ന ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ആദ്യ ദിനം ലഭിച്ചത്. ഏറെ കാലങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ കണ്ട കിടിലന്‍ ആക്ഷന്‍ സിനിമയെന്നാണ് ചിത്രത്തെ പറ്റി നിരവധി പേര്‍ പറഞ്ഞത്.

സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ ബാബു ആന്റണിയും അഭിനയിച്ചിട്ടുണ്ട്. 90ഈസ് കിഡ്‌സിന്റെ ഫേവറിറ്റ് ആയ ബാബു ആന്റണിയെ ആര്‍.ഡി.എക്‌സില്‍ കിടിലന്‍ മാസ് റോളില്‍ കണ്ട ആവേശത്തിലാണ് നിരവധി പേര്‍.

ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ് ബാബു ആന്റണി ചെയ്തിരിക്കുന്നത്. ക്ലൈമാക്‌സില്‍ ഉള്‍പ്പടെ പ്രധാന്യമുള്ള അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വലിയ കയ്യടികളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. സിനിമയുടെ അവസാനത്തോട് അടുക്കുമ്പോഴുള്ളബാബു ആന്റണിയുടെ പ്രകടനം എക്കാലത്തും ഓര്‍ത്തിരിക്കുന്നതാവുമെന്നും നിരവധി പേര്‍ പറയുന്നു.

90കളിലെ സൂപ്പര്‍ മാസ് ബാബു ആന്റണിയെ മലയാളത്തില്‍ വീണ്ടും കാണാനായി എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. വളരെ മികച്ച രീതിയില്‍ തന്നെ ബാബു ആന്റണിയെ പ്രെസന്റ് ചെയ്ത സംവിധായകന്‍ നഹാസ് ഹിദായത്തിനും സോഷ്യല്‍ മീഡിയ കയ്യടിക്കുന്നുണ്ട്.

 

അതേസമയം രോമാഞ്ചം തരുന്ന നിരവധി രംഗങ്ങളാണ് സിനിമയില്‍ ഉള്ളതെന്നാണ് സിനിമ ആദ്യ ദിനം കണ്ടവര്‍ പറഞ്ഞത്. ചിത്രം ആദ്യ ദിനം കേരളത്തില്‍ നിന്ന് നേടിയ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടും ഇന്ന് പുറത്തുവന്നിരുന്നു.. സിനിമ ട്രാക്കിങ് പേജുകളുടെ റിപ്പോര്‍ട്ട് പ്രകാരം ആര്‍.ഡി.എക്‌സിന്റെ കേരളത്തിലെ ആദ്യ ദിന കളക്ഷന്‍ 1.30കോടി രൂപയാണ്.

മറ്റ് ഓണ ചിത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തിയേറ്ററുകളില്‍ റിലീസ് ചെയ്തിട്ടും ഇത്രയും രൂപ ആദ്യ ദിനം കളക്ഷനായി ലഭിച്ചതിനെ ശുഭസൂചനയായിട്ടാണ് ട്രാക്കര്‍മാര്‍ കാണുന്നത്. വരും ദിവസങ്ങളില്‍ ഇനിയും കളക്ഷന്‍ കൂടുമെന്നും അവര്‍ പറയുന്നു.

ജനപ്രീതി കണക്കിലെടുത്ത് വലിയ തിയേറ്ററുകളും കൂടുതല്‍ സ്‌ക്രീനുകളും സിനിമക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ആര്‍.ഡി.എക്‌സ് നിര്‍മിക്കുന്നത്.

ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എഡിറ്റര്‍ – ചമന്‍ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ. പുളിക്കല്‍, സംഗീതസംവിധാനം – സാം സി. എസ്, വരികള്‍ മനു മന്‍ജിത്, കോസ്റ്റംസ് – ധനു ബാലകൃഷ്ണന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ – ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – ബണ്‍ സി. സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്.

Content Highlight: Babu Antony gets apprecation for the perfomance in rdx movie