പെപ്പെ ആദ്യമായി എന്നെ കണ്ടപ്പോള്‍ കൈകൂപ്പി നില്‍ക്കുകയാണ്, ഞാന്‍ ചെന്ന് കെട്ടിപ്പിടിച്ചതോടെ കൂള്‍ ആയി: ബാബു ആന്റണി
Movie Day
പെപ്പെ ആദ്യമായി എന്നെ കണ്ടപ്പോള്‍ കൈകൂപ്പി നില്‍ക്കുകയാണ്, ഞാന്‍ ചെന്ന് കെട്ടിപ്പിടിച്ചതോടെ കൂള്‍ ആയി: ബാബു ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th August 2023, 12:27 pm

 

ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിന്റെ വിജയാഹ്ലാദത്തിലാണ് സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും. ഓണം റിലീസായി തിയേറ്ററിലത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

ആന്റണി വര്‍ഗീസിന്റേയും നീരജ് മാധവിന്റേയും ഷെയ്ന്‍ നിഗത്തിന്റേയും ബാബു ആന്റണിയുടേയുമെല്ലാം മാസ്-ക്ലാസ് പെര്‍ഫോമന്‍സാണ് ചിത്രത്തിലുടനീളമെന്നാണ് സിനിമ കണ്ടവര്‍ പറയുകയുന്നത്.

ഒരേ സമയം മാസ്സും അതേസമയം മികച്ചൊരു തിരക്കഥയുമാണ് സിനിമയെ ആസ്വാദ്യകരമാക്കിയത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബാബു ആന്റണിയുടെ മലയാളത്തിലെ മറ്റൊരു മികച്ച കഥാപാത്രമാണ് ആര്‍.ഡി.എക്‌സിലേത്.

ആദ്യമായി ആര്‍.ഡി.എക്‌സിന്റെ സെറ്റിലെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടന്‍ ബാബു ആന്റണി. പെപ്പെ ആയാലും ഷെയ്ന്‍ ആയാലും നീരജ് ആയാലും വലിയ ബഹുമാനത്തിലാണ് തന്നോട് പെരുമാറിയതെന്നും പലപ്പോഴും താന്‍ ഇരിക്കാതെ അവരാരും തന്റെ മുന്‍പില്‍ ഇരുന്നിട്ടില്ലെന്നും താരം പറയുന്നു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാബു ആന്റണി.

‘ മനോഹരമായ എക്‌സ്പീരിയന്‍സായിരുന്നു എന്നെ സംബന്ധിച്ച് ആര്‍.ഡി.എക്‌സ് പെപ്പെയെ ആദ്യം കണ്ടത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. എന്നെ കണ്ട് കൈകൂപ്പി ബഹുമാനത്തില്‍നില്‍ക്കുകയാണ് പെപ്പെ. ഞാന്‍ ചെന്ന് പെപ്പെയെ കെട്ടിപ്പിടിച്ചു. അപ്പോള്‍ അവന് സമാധാനമായി. ഇത് നമ്മുടെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റിയ ആളാണെന്ന് അവന് തോന്നിക്കാണും. ഷെയ്ന്‍ ആണെങ്കിലും ഭയങ്കര സ്‌നേഹമാണ്. ഞാന്‍ ഇരുന്നാലേ ഇവര്‍ ഇരിക്കൂ. നമ്മുടെ അടുത്ത തലമുറയിലെ അടിപൊളി ഇടിക്കാരാണ് എല്ലാവരും,’ ബാബു ആന്റണി പറഞ്ഞു.

ബാബു ചേട്ടന്‍ ഭയങ്കര സീരിയസ് ആണെന്നായിരുന്നു നമ്മള്‍ കരുതിയത്. അങ്ങനെയല്ല. സുഹൃത്തുക്കളോടെന്ന പോലെയാണ് ഞങ്ങളോട് പെരുമാറിയത്. പിന്നെ തങ്ങള്‍ക്ക് കിക്ക്‌സിന്റെ പോസ്ചറും ഹാന്‍ഡുമൊക്കെ കാണിച്ചു തന്നിരുന്നു. വളരെ നല്ലൊരു കെമിസ്ട്രി തങ്ങള്‍ക്കെല്ലാവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നെന്നും താരങ്ങള്‍ അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തിലെ അന്‍പറിവിന്റെ ആക്ഷന്‍ സീക്വന്‍സുകളെ കുറിച്ചും താരങ്ങള്‍ സംസാരിച്ചു. ‘ആര്‍.ഡി.എക്‌സിലെ ഫൈറ്റ് മാസ്‌റ്റേഴ്‌സ് ആയ അന്‍പ് അറിവ് അടിപൊളിയാണെന്ന് പറയാം. റിയലിസ്റ്റിക് ആക്ഷന്‍സാണ് അവരുടേത്. ഞാന്‍ നേരത്തേയും അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. പിന്നെ കെ.ജി.എഫ് ഒക്കെ അവരുടെ വര്‍ക്കാണല്ലോ. പിന്നെ പിള്ളേരൊക്കെ അടിച്ചുകസറിയിട്ടുണ്ട് സിനിമയില്‍,’ ബാബു ആന്റണി പറഞ്ഞു.

Content highlight: Babu Antony about Peppe and shane Nigam