മലയാളസിനിമയിലെ എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ എന്ന വിശേഷണത്തിന് അര്‍ഹനാണ് ബാബു ആന്റണി. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ബാബു ആന്റണി ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചിത്രത്തിലെ വില്ലന്‍ വേഷം കരിയറിലെ നാഴികക്കല്ലുകളിലൊന്നായി മാറി. ഈ സിനിമയുടെ നാല് റീമേക്കിലും വില്ലനായി എത്തിയത് ബാബു ആന്റണിയായിരുന്നു.
കരിയറിന്റെ തുടക്കകാലത്ത് തന്നെ ഭരതന്‍, പദ്മരാജന്‍, ഫാസില്‍ എന്നീ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ബാബു ആന്റണി. പൂവിന് പുതിയ പൂന്തെന്നലിന് അഭിനയിച്ച സമയത്ത് ഉള്ളില്‍ വലിയ ടെന്‍ഷനായിരുന്നെന്നും അത് പുറത്തുകാണിക്കാതെയാണ് ആളുകളെ പേടിപ്പിച്ചതെന്നും ബാബു ആന്റണി പറഞ്ഞു. ഭരതന്റെ കൂടെ ആദ്യമായി ചെയ്ത ചിലമ്പ് എന്ന സിനിമയും കരിയറിലെ വലിയ ഭാഗ്യമായി കാണുന്നുവെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.
കളരിയറിയുന്ന നായകനും കരാട്ടേ അറിയുന്ന വില്ലനും എന്ന കഥയാണ് ചിലമ്പിന്റേതെന്നും ഭരതന്‍ എന്ന സംവിധായകന്റെ കരിയറിലെ ധീരമായ പരീക്ഷണമായിരുന്നു ആ സിനിമയെന്നും ബാബു ആന്റണി പറഞ്ഞു. ആ സിനിമയില്‍ തന്റെ മാര്‍ഷ്യല്‍ ആര്‍ട്‌സ് കണ്ടാണ് ഭരതന്‍ തന്നെ തെരഞ്ഞെടുത്തതെന്നും അതിലെ നായകന്‍ റഹ്‌മാനായിരുന്നെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു. ആ സിനമയില്‍ തുടങ്ങിയ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ബാബു ആന്റണി പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കരിയറിന്റെ തുടക്കിത്തല്‍ തന്നെ ഭരതന്‍ സാര്‍, ഫാസില്‍ സാര്‍ പോലുള്ള ലെജന്‍ഡറി ഡയറക്ടേഴ്‌സിന്റെ സിനിമകളാണ് കിട്ടിയത്. അന്ന് ഇതിന്റെ പ്രോസസ്സിനെക്കുറിച്ച് അധികം ധാരണയില്ല. പൂവിന് പുതിയ പൂന്തെന്നലില്‍ അഭിനയിക്കുന്ന സമയത്ത് നല്ല ടെന്‍ഷനുണ്ടായിരുന്നു. ആക്ഷന്‍ എന്ന് പറയുന്ന സമയത്ത് നമ്മുടെ നെഞ്ച് കിടന്ന് പെടക്കുകയായിരുന്നു. ആ ടെന്‍ഷന്‍ വെച്ചുകൊണ്ടാണ് ആളുകളെ പേടിപ്പിക്കുന്നത്. പിന്നീട് അതുമായി പൊരുത്തപ്പെട്ടു. അതിന് ശേഷമാണ് ഭരതന്‍ സാറിന്റെ സിനിമയിലേക്ക് വിളിക്കുന്നത്.
ഭരതന്‍ സാറിന്റെ കൂടെ ചിലമ്പിലും വൈശാലിയിലും വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ചിലമ്പ് അന്നത്തെ കാലത്ത് വളരെ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു. കളരിയറിയുന്ന നായകനും കരാട്ടെ അറിയുന്ന വില്ലനും. സത്യം പറഞ്ഞാല്‍ ആ സിനിമ ഭരതന്‍ സാറിന്റെ ധീരമായ പരീക്ഷണമായിരുന്നു. എന്റെ മാര്‍ഷ്യല്‍ ആര്‍ട്‌സ് കണ്ടിട്ടാണ് ആ സിനിമയിലേക്ക് തെരഞ്ഞെടുത്തത്. ആ സിനിമയിലെ നായകന്‍ റഹ്‌മാനായിരുന്നു. അന്ന് ഞങ്ങള്‍ തമ്മില്‍ തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നുണ്ട്,’ ബാബു ആന്റണി പറഞ്ഞു.
Content Highlight: Babu Antony about director Bharathan and Chilambu movie