മലയാളസിനിമയിലെ എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ എന്ന വിശേഷണത്തിന് അര്‍ഹനാണ് ബാബു ആന്റണി. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ബാബു ആന്റണി ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചിത്രത്തിലെ വില്ലന്‍ വേഷം കരിയറിലെ നാഴികക്കല്ലുകളിലൊന്നായി മാറി.
ആദ്യചിത്രമായ ചിലമ്പിലേക്ക് താന്‍ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ബാബു ആന്റണി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമാറ്റോഗ്രാഫി പഠിക്കാനായിരുന്നു ആഗ്രഹമെന്നും എന്നാല്‍ തന്റെ ക്വാളിഫിക്കേഷന്‍ വെച്ച് അതിന് ചേരാന്‍ സാധിച്ചില്ലെന്നും ബാബു ആന്റണി പറഞ്ഞു. ആ സമയത്ത് തന്റ സുഹൃത്തുക്കള്‍ പറഞ്ഞിട്ടാണ് ആക്ടിങ് കോഴ്‌സിന് ചേര്‍ന്നതെന്നും അക്കാലത്ത് തനിക്ക് കൊമേഷ്‌സ്യല്‍ സിനിമകളോട് വിമുഖതയായിരുന്നെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.
കോഴ്‌സിന് ശേഷം മുടിയും നീട്ടി കീറിയ ജീന്‍സും ധരിച്ചായിരുന്നു നടപ്പെന്നും നല്ല ഉയരമുള്ളതുകൊണ്ട് സാധാരണ മലയാളസിനിമകളില്‍ ചാന്‍സ് കിട്ടാന്‍ സാധ്യതയില്ലായിരുന്നെന്നും ബാബു ആന്റണി പറഞ്ഞു. അന്നത്തെ ആ കോലത്തില്‍ ഭരതനെപ്പോലുള്ള സംവിധായകരല്ലാതെ വേറെയാരും തനിക്ക് ചാന്‍സ് തരില്ലായിരുന്നെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.
മദ്രാസില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ചാന്‍സ് ചോദിച്ചെന്നും തന്നെക്കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചെന്നും ബാബു ആന്റണി പറഞ്ഞു. പത്ത് ദിവസം കഴിഞ്ഞ് ചെല്ലാന്‍ തന്നോട് പറഞ്ഞെന്നും ആ പത്ത് ദിവസം തനിക്ക് പത്ത് വര്‍ഷം പോലെയായിരുന്നെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു. പത്ത് ദിവസം കഴിഞ്ഞ് ചെന്നപ്പോള്‍ ചിലമ്പിന്റെ കഥ തന്നോട് പറഞ്ഞെന്നും ആ സിനിമയിലെ വില്ലനായി തനിക്ക് അവസരം തന്നെന്നും ബാബു ആന്റണി പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ബാബു ആന്റണി.
‘ഞാന്‍ പൂനെയിലായിരുന്നു എം.ബി.എ ചെയ്തത്. അതിന്റെ അടുത്തായിരുന്നു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. അവിടെ പഠിക്കണമെന്ന ആഗ്രഹം എനിക്ക് ആദ്യമേ ഉണ്ടായിരുന്നു. സിനിമാറ്റോഗ്രഫി പഠിക്കാനായിരുന്നു ആദ്യം ആഗ്രഹിച്ചത്. പക്ഷേ എന്റെ ക്വാളിഫിക്കേഷന്‍ വെച്ച് ആ കോഴ്‌സിന് ചേരാന്‍ സാധിച്ചില്ല. അപ്പോള്‍ എന്റെ സുഹൃത്തുക്കളാണ് ആക്ടിങ് ട്രൈ ചെയ്യാന്‍ പറഞ്ഞത്. അന്നത്തെ മലയാളസിനിമക്ക് എന്റെ കോലം ഒട്ടും ചേരില്ലായിരുന്നു. മാത്രമല്ല, കൊമേഷ്‌സ്യല്‍ സിനിമകളോട് എനിക്ക് വിമുഖതയായിരുന്നു.
കോഴ്‌സ് കഴിഞ്ഞ് ഞാന്‍ ഭരതേട്ടന്റെയടുത്ത് ചാന്‍സ് ചോദിച്ച് ചെന്നു. കാരണം അന്നത്തെ എന്റെ കോലം കണ്ടാല്‍ ഭരതേട്ടനെപ്പോലുള്ള സംവിധായകര്‍ മാത്രമേ അവസരം തരുമായിരുന്നുള്ളൂ. നല്ല പൊക്കവും നീണ്ട മുടിയും, കാതില്‍ കമ്മലും, കീറിയ ജീന്‍സുമൊക്കെയായിരുന്നു എന്റെ ഗെറ്റപ്പ്. മദ്രാസില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടു.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചതാണെന്നും മലയാളിയാണെന്നും പറഞ്ഞു. എന്നെ അടിമുടി ഒന്ന് നോക്കിയിട്ട് പത്ത് ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു. ആ പത്ത് ദിവസം എനിക്ക് പത്ത് വര്‍ഷം പോലെയായിരുന്നു. പത്ത് ദിവസം കഴിഞ്ഞ് ചെന്നപ്പോള്‍ ചിലമ്പ് എന്ന സിനിമയുടെ കഥ എന്നോട് പറഞ്ഞു. അതിലെ വില്ലന്‍ വേഷം എനിക്കാണെന്നും അദ്ദേഹം പറഞ്ഞു 2500 രൂപയും തന്നു,’ ബാബു ആന്റണി പറയുന്നു.
Content Highlight: Babu Antony about Director Bharathan and Chilambu movie