| Wednesday, 30th September 2020, 6:39 pm

ആ വലിയ പള്ളി അഞ്ച് മണിക്കൂറില്‍ തകര്‍ന്നുവീണതിന് പിന്നില്‍ ഒരു ആസൂത്രണവുമില്ലായിരുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയില്ല; നരസിംഹറാവുവിന്റെ ആഭ്യന്തര സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി നടപടി ഞെട്ടിപ്പിക്കുന്നതെന്ന് പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്തെ ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്ബോലെ. ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമായല്ലെന്നാണ് ബുധനാഴ്ച സി.ബി.ഐ കോടതി നിരീക്ഷിച്ചത്.

‘അത്രയും വലിയ ഒരു പള്ളി അഞ്ച് മണിക്കൂറില്‍ തകര്‍ന്നുവീണതിന് പിന്നില്‍ ഒരു ആസൂത്രണവുമില്ലായിരുന്നു എന്ന് വിശ്വസിക്കാന്‍ കഴിയുന്നതല്ല. വിധി ഭയപ്പെടുത്തുന്നതാണ്’, അദ്ദേഹം പറഞ്ഞു.

വിധിക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍ പോകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും രണ്ടിടങ്ങളിലും ഭരിക്കുന്നത് ബി.ജെ.പി ആയതിനാല്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. പള്ളി തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പള്ളി തകര്‍ത്തതില്‍ ആര്‍ക്കെതിരേയും തെളിവില്ലെന്ന് വിശ്വസിക്കാന്‍ വ്യക്തിപരമായി ബുദ്ധിമുട്ടാണെന്നും ഗോഡ്‌ബോലെ പറഞ്ഞു. വിധിയുടെ പൂര്‍ണ്ണരൂപം വായിച്ചിട്ട് കൂടുതല്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ പി.വി നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി.

ബുധനാഴ്ചയാണ് പ്രത്യേക സി.ബി.ഐ കോടതി കേസില്‍ വിധി പറഞ്ഞത്. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്. ഇതോടെ രാജ്യം ഉറ്റുനോക്കിയിരുന്ന 28 കൊല്ലം പഴക്കമുള്ള കേസിലാണ് ഇന്ന് വിധി ഉണ്ടായിരിക്കുന്നത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു.

351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു. രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ നേരിട്ടിരുന്നത്.

പ്രതികളില്‍ 25 പേര്‍ക്കും വേണ്ടി ഹാജരായത് കെ.കെ. മിശ്രയാണ്. ലളിത് സിങ്ങാണ് സി.ബി.ഐക്ക് വേണ്ടി ഹാജരായത്.

രണ്ടായിരത്തിലധികം പേജുള്ളതായിരുന്നു വിധി. 32 പ്രതികളില്‍ 26 പ്രതികളാണ് കോടതിയില്‍ ഹാജരായത്. അദ്വാനിയും മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരായത്. ഉമാഭാരതി എയിംസില്‍ കൊവിഡ് ചികിത്സയിലാണ്.

48 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. 16 പ്രതികള്‍ മരണപ്പെട്ടു. ശിവസേനാ നേതാവ് ബാല്‍ താക്കറെ, വി.എച്ച്.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍, അശോക് സിംഘല്‍, മഹന്ത് അവൈദ്യനാഥ്, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ എന്നിവര്‍ മരണപ്പെട്ടിരുന്നു. ബാക്കി 32 പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് എഫ്.ഐ.ആറുകളിലായി അന്വേഷണം തുടങ്ങിയ കേസ് പിന്നീട് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഒറ്റ കേസായി പരിഗണിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്‌നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം രണ്ട് കേസുകളിലെയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്‌നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കുമാറ്റി.

രണ്ടുവര്‍ഷത്തിനകം വിചാരണപൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനല്‍കി.

കേന്ദ്രമന്ത്രിമാരായിരുന്ന എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യു.പി. മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാര്‍ (അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദിലെ മുന്‍ എം.പി.), സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, ധരം ദാസ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, മഹാമണ്ഡലേശ്വര്‍ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ, സതീഷ് ചന്ദ്ര നാഗര്‍ എന്നീ 15 പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റമാണ് സുപ്രീംകോടതി 2017 ഏപ്രില്‍ 19-ന് പുനഃസ്ഥാപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Babri Verdict Has Left Me Aghast, Says Narasimha Rao’s Home Secretary

We use cookies to give you the best possible experience. Learn more