| Tuesday, 3rd September 2019, 8:28 pm

ബാബരി മസ്ജിദ് കേസിലെ ഹരജിക്കാരന്‍ ഇഖ്ബാല്‍ അന്‍സാരിയെ വീട്ടില്‍ കയറി ആക്രമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ബാബരി മസ്ജിദ് കേസിലെ ഹരജിക്കാരനും ഹാഷിം അന്‍സാരിയുടെ മകനുമായ ഇഖ്ബാല്‍ അന്‍സാരിയ്ക്ക് നേരെ ആക്രമണം. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇഖ്ബാല്‍ പറഞ്ഞു. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെത്തിയാണ് ഇഖ്ബാലിനെ ആക്രമിച്ചത്.

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരാവുന്ന അഭിഭാഷകന്‍ രാജീവ് ധവാനെതിരെ ഭീഷണി ഉയര്‍ന്നതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ഇഖ്ബാല്‍ അന്‍സാരിയുടെ വീട്ടില്‍ കയറി അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആക്രമണമുണ്ടായത്. ഇന്റര്‍നാഷണവല്‍ ഷൂട്ടര്‍ ആണെന്ന് അവകാശപ്പെട്ട് കൊണ്ട് വര്‍ത്തിക സിങ് എന്ന സ്ത്രീയും ഒരു പുരുഷനുമാണ് ആക്രമിച്ചതെന്ന് ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.

വീട്ടിലേക്ക് പ്രവേശിച്ചയുടന്‍ മുത്തലാഖ്, രാമക്ഷേത്ര വിഷയങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങിയ വര്‍ത്തിക, രാമക്ഷേത്രം നിര്‍മ്മാണം വൈകാന്‍ കാരണം താനാണെന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നുവെന്ന് ഇഖ്ബാല്‍ പറഞ്ഞു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജീവനില്‍ ഭീഷണിയുള്ളതായി ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു. രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എന്‍. ഷണ്‍മുഖം, സഞ്ജയ് കലാല്‍ ബജ്‌റംഗി എന്നിവര്‍ക്കെതിരെ അദ്ദേഹം പരാതി നല്‍കിയിരുന്നു.

നിയമപോരാട്ടം നടത്തിയവരില്‍ പ്രധാനിയായ ഫൈസാബാദ് സ്വദേശി ഹാഷിം അന്‍സാരിയുടെ മകനാണ് ഇഖ്ബാല്‍ അന്‍സാരി. പിതാവിന്റെ മരണശേഷം ഇഖ്ബാലാണ് നിയമപോരാട്ടം നടത്തുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബാബരി വിഷയത്തില്‍ സമവായ ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ മുന്‍കൈ എടുക്കുന്നവര്‍ക്ക് രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യം എന്ന് ബാബരി മസ്ജിദിനായി നിയമ പോരാട്ടം നടത്തിയവരില്‍ പ്രമുഖനായ ഹാഷിം അന്‍സാരിയുടെ മകന്‍ ഇഖ്ബാല്‍ അന്‍സാരി.

യോഗീ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സുരക്ഷ വെട്ടിക്കുറച്ചതോടെ അയോധ്യക്ക് പുറത്തേക്ക് കടക്കാനാകാത്ത സ്ഥിതിയാണുള്ളതെന്ന് ഇഖ്ബാല്‍ നേരത്തെ പറഞ്ഞിരുന്നു. ഹാഷിം അന്‍സാരിയ്ക്ക് X കാറ്റഗറി സുരക്ഷയാണ് നല്‍കിയിരുന്നതെങ്കില്‍ പലതവണ പരാതി നല്‍കിയിട്ടും ഇഖ്ബാലിന് മതിയായ സുരക്ഷ നല്‍കാന്‍ യു.പി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

ബാബരി വിഷയത്തില്‍ ഇപ്പോള്‍ സമവായ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കുന്നവര്‍ക്ക് രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് നിലപാടുള്ളയാളാണ് ഇഖ്ബാല്‍ അന്‍സാരി.

We use cookies to give you the best possible experience. Learn more