| Wednesday, 19th April 2017, 10:50 am

ബാബറി കേസ്: അദ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ ഗൂഢാലോചനയില്‍ ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. അദ്വാനി, ഉമാഭാരതി,

മുരളിമനോഹര്‍ ജോഷി തുടങ്ങിയ 13 പ്രതികള്‍ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

ജസ്റ്റിസുമാരായ പി.സി ഘോഷ് റോഹിന്റന്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയുമുള്‍പ്പെടെ 19 ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചന കുറ്റം നിലനിര്‍ത്തണം എന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം.

അദ്വാനിയുടെ പേരിലുണ്ടായിരുന്ന ഗൂഢാലോചന കുറ്റം പുനസ്ഥാപിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. റായ്ബറേലിയെ മജിസ്‌ട്രേറ്റ് കോടിതിയില്‍ വിചാരണ നടന്നിരുന്ന കേസ് ലക്‌നൗ കോടതിതിലേക്ക് മാറ്റി വിചാരണ നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

കല്യാണ്‍ സിങ്ങിനെതിരായ ഗുഡാലോചന കുറ്റവും പുനസ്ഥാപിച്ചു. അതേസമയം കല്യാണ്‍സിങ് ഗവര്‍ണര്‍ ആയതിനാല്‍ തന്നെ അദ്ദേഹത്തിന്റെ അതിന്റെ ചില ആനുകൂല്യങ്ങള്‍ ലഭിക്കും. ആ സാഹചര്യത്തില്‍ അദ്ദേഹം എന്നാണോ ആ പദവി ഉപേക്ഷിക്കുന്നത് ആ സമയത്ത് തന്നെ ഗൂഡാലോചന കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.

ലക്‌നൗവിലെ കോടതിയില്‍ ഇടവേളകളില്ലാതെ വിചാരണ നടത്തി തീര്‍പ്പുണ്ടാക്കണമെന്ന നിര്‍ദേശമാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. ലക്‌നൗവിലെ കേസാണ് ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട പ്രധാന കേസ്. എന്നാല്‍ റായ്ബറേലിയിലെ കേസ് ലക്‌നൗവിലെക്ക് മാറ്റി രണ്ട് കേസുകളിലും ഒരുമിച്ച് വിചാരണ നടത്തണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്.

അതേസമയം റായ്ബറേലിയിലേത് മജിസ്‌ട്രേറ്റ് കോടതിയാണെന്നും മറ്റേത് സി.ബി.ഐ കോടതിയാണെന്നും അതുകൊണ്ട് തന്നെ ഭരണഘടന നല്‍കുന്ന മൗലികാവശങ്ങളുടെ ലംഘനമാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഈ വാദം സുപ്രീം കോടതി തള്ളുകയായിരുന്നു.

വിചാരണ നേരിടാന്‍ തയ്യാറാണെന്ന് അദ്വാനി കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനയ്ക്ക് തെളിവ് കണ്ടെത്തിയാല്‍ വിചാരണ നേരിടാമെന്നാണ് അദ്വാനി അറിയിച്ചത്.

We use cookies to give you the best possible experience. Learn more