ന്യൂദല്‍ഹി: 1992 ല്‍ ബാബ്‌റി മസ്ജിദ് പൊളിക്കുന്നത് തടയാന്‍ കോണ്‍ഗ്രസിന് സാധിക്കുമായിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ അതിന് വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്നുമുള്ള വിമര്‍ശനുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്.
ബാബ്‌റി മസ്ജിദുമായി ബന്ധപ്പെട്ട് നടക്കുന്ന ഉള്‍കഥകളൊന്നും തനിക്ക് അറിയില്ലായിരുന്നെന്നും പള്ളി പൊളിച്ചത് തങ്ങളല്ലെന്ന് പറഞ്ഞുകൊണ്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംസ റാവു വിശ്വാസത്തിലെടുത്തെന്നും ദിഗ് വിജയ്‌സിങ് പറഞ്ഞു.
പ്രതിരോധ നടപടികള്‍ കൈക്കൊണ്ടിരുന്നെങ്കില്‍ തീര്‍ച്ചയായും കോണ്‍ഗ്രസിന് ബാബ്‌റി മസ്ജിദ് പൊളിക്കുന്നത് തടയാന്‍ സാധിക്കുമായിരുന്നു. സൈന്യത്തെയും കേന്ദ്ര സേനയെയും നിയോഗിച്ച് ബാബ്‌റി മസ്ജിദ് സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അത് ചെയ്തില്ല.
ബാബ്‌റി മസ്ജിദ് പൊളിച്ചതില്‍ തനിക്ക് വ്യക്തിപരമായി കുറ്റബോധമുണ്ടെന്ന് പറഞ്ഞ സിങ് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് അതിന് വഴിയൊരുക്കിയതെന്നും പറഞ്ഞു.
അക്കാലത്ത് താന്‍ ഭോപ്പാലിലായിരുന്നുവെന്നും 1992 ല്‍ റാവുവിന്റെ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍ സിംഗ് ബാബ്‌റി മസ്ജിദ് പൊളിച്ച് മാറ്റിയതിന് പിന്നാലെ രാജിക്കൊരുങ്ങിയെങ്കിലും പിന്നീട് കോണ്‍ഗ്രസ് തീരുമാനപ്രകാരം സ്ഥാനത്ത് തുടരുകയായിരുന്നെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.
1992 ല്‍ പി.വി നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കവേയായിരുന്നു ആയിരത്തോളം വരുന്ന കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തത്.