ന്യൂദല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഗുഢാലോചന കുറ്റം നീക്കാനാവില്ലെന്ന് സുപ്രീം കോടതി. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവര്‍ക്കെതിരെയുള്ള കുറ്റങ്ങളിലാണ് കോടതി നിലപാട്.
“സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്വാനിക്കും മറ്റുള്ളവര്‍ക്കുമെതിരെയുള്ള കുറ്റം ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല. ഗൂഢാലോചന കുറ്റങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് 13 വ്യക്തികള്‍ക്കെതിരെ മറ്റൊരു കുറ്റപത്രം കൂടി സമര്‍പ്പിക്കാന്‍ നിങ്ങളെ ഞങ്ങള്‍ അനുവദിക്കുന്നു. രണ്ടു കുറ്റപത്രങ്ങളിലും ഒരുമിച്ച് വിചാരണ നടത്താന്‍ വിചാരണ കോടതിയോട് ആവശ്യപ്പെടും.” എന്നാണ് സുപ്രീം കോടതി സി.ബി.ഐയോടു പറഞ്ഞത്.
ഇതുസംബന്ധിച്ച് മാര്‍ച്ച് 22ന് കോടതിയുടെ അന്തിമ തീരുമാനമുണ്ടാകുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.
അദ്വാനിക്കും മറ്റു ബി.ജെ.പി നേതാക്കന്മാര്‍ക്കുമെതിരെയുള്ള ഗൂഢാലോചന കുറ്റം നീക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
റാബിയബറേലി കോടതിയാണ് അദ്വാനിക്കും മറ്റ് ബി.ജെ.പി നേതാക്കള്‍ക്കുമെതിരായ ഗൂഢാലോചന കുറ്റം ഒഴിവാക്കാന്‍ ഉത്തരവിട്ടത്. 2010 മെയില്‍ അലഹബാദ് ഹൈക്കോടതി ഇതു ശരിവെക്കുകയായിരുന്നു. ഇതിനെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചത്.