| Wednesday, 30th September 2020, 5:35 pm

ബാബ്‌റി മസ്ജിദ് വിധിയില്‍ കേന്ദ്ര സര്‍ക്കാരും യു.പി സര്‍ക്കാരും അപ്പീല്‍ പോകണമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതേവിട്ട സി.ബി.ഐ പ്രത്യേക കോടതിയുടെ വിധിക്കെതിരെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല.

വിധി നവംബര്‍ 9ലെ സുപ്രീം കോടതി വിധിക്കും ഭരണഘടനാമൂല്യങ്ങള്‍ക്കും എതിരാണെന്ന് സുര്‍ജേവാല പറഞ്ഞു. വിധിക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും അപ്പീല്‍ പോകണമെന്നും, പക്ഷപാതപരമായ സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയില്‍ വിശ്വാസമുള്ള, സാമുദായിക സൗഹൃദവും സാഹോദര്യവും പുലരണമെന്ന് ആഗ്രഹിക്കുന്ന ഓരോ പൗരനും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും അപ്പീല്‍ പോകണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു സുര്‍ജേവാല പറഞ്ഞത്.

നേരത്തെ തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട നവംബര്‍ 9ലെ വിധി പ്രസ്താവത്തിന്റെ സമയത്ത് ബാബറി മസ്ജിദ് പൊളിച്ച സമയത്ത് കൃത്യമായ നിയമലംഘനമാണ് നടന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്. എന്നാല്‍ പ്രത്യേക കോടതി സുപ്രീം കോടതിയുടെ പ്രസ്താവന കണക്കിലെടുക്കാതെ എങ്ങിനെയാണ് എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയത്. അദ്ദേഹം ചോദിച്ചു.

എന്തുവിലകൊടുത്തും അധികാരം പിടിച്ചെടുക്കാനും രാജ്യത്തിന്റെ സാമുദായിക സൗഹൃദവും സാഹോദര്യവും നശിപ്പിക്കാനുള്ള
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ആഴത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനയ്ക്കാണ് രാജ്യം സാക്ഷ്യംവഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഭരണഘടനമൂല്യങ്ങള്‍ക്കെതിരായുള്ള ഈ ഗൂഢാലോചനയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ സത്യവാങ്മൂലം ഉള്‍പ്പെടെ നല്‍കി സുപ്രീം കോടതിയെ തെറ്റിധരിപ്പിക്കാന്‍ പോലും ശ്രമം നടന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്നൗ പ്രത്യേക കോടതി എല്ലാ പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള വിധി ബുധാനാഴ്ച്ചയാണ് പ്രഖ്യാപിച്ചത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.

രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍,ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ നേരിട്ടിരുന്നത്.

പ്രതികളില്‍ 25 പേര്‍ക്കും വേണ്ടി ഹാജരായത് കെ.കെ. മിശ്രയാണ്. ലളിത് സിങ്ങാണ് സി.ബി.ഐക്ക് വേണ്ടി ഹാജരായത്.

രണ്ടായിരത്തിലധികം പേജുള്ളതായിരുന്നു വിധി. 32 പ്രതികളില്‍ 26 പ്രതികളാണ് കോടതിയില്‍ ഹാജരായത്. അദ്വാനിയും മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരായത്. ഉമാഭാരതി എയിംസില്‍ കൊവിഡ് ചികിത്സയിലാണ്.

48 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. 16 പ്രതികള്‍ മരണപ്പെട്ടു. ശിവസേനാ നേതാവ് ബാല്‍ താക്കറെ, വി.എച്ച്.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍, അശോക് സിംഘല്‍, മഹന്ത് അവൈദ്യനാഥ്, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ എന്നിവര്‍ മരണപ്പെട്ടിരുന്നു. ബാക്കി 32 പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

രണ്ട് എഫ്.ഐ.ആറുകളിലായി അന്വേഷണം തുടങ്ങിയ കേസ് പിന്നീട് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഒറ്റ കേസായി പരിഗണിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം രണ്ട് കേസുകളിലെയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കുമാറ്റി. രണ്ടുവര്‍ഷത്തിനകം വിചാരണപൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനല്‍കി.

കേന്ദ്രമന്ത്രിമാരായിരുന്ന എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യു.പി. മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാര്‍ (അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദിലെ മുന്‍ എം.പി.), സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, ധരം ദാസ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, മഹാമണ്ഡലേശ്വര്‍ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ, സതീഷ് ചന്ദ്ര നാഗര്‍ എന്നീ 15 പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റമാണ് സുപ്രീംകോടതി 2017 ഏപ്രില്‍ 19-ന് പുനഃസ്ഥാപിച്ചത്.

Content Highlight: Babri Masjid Demolition case: centre and up government must file appeal against special court verdict congress-

We use cookies to give you the best possible experience. Learn more