ആയിരക്കണക്കിന് കർസേവകർ ചേർന്ന് ബാബറി മസ്ജിദ് തകർത്തിട്ട് ഇന്ന് 31 വർഷം തികയുന്നു. അടുത്ത വർഷം ജനുവരിയിൽ രാമജന്മക്ഷേത്രത്തിന്റെ ഉദ്ഘാടനമാണ്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ 6,000 ക്ഷണക്കത്ത് അയക്കുന്ന തിരക്കിലാണ് ക്ഷേത്ര ട്രസ്റ്റ്.
2024 ജനുവരി 22ന് രാമജന്മ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുമ്പോൾ ബി.ജെ.പിയുടെ ഒരു ദശാബ്ദം നീണ്ട തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് പൂർത്തിയാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ വെറും മാസങ്ങൾ മാത്രം ശേഷിക്കെയാണ് രാമജന്മ ക്ഷേത്രം തുറന്നുകൊടുക്കുന്നത് എന്നതും ചേർത്ത് വായിക്കണം.
ഹിന്ദു വിശ്വാസപ്രകാരം രാമൻ ജനിച്ചത് പള്ളി ഉണ്ടായിരുന്ന സ്ഥലത്താണ് എന്നതിൽ തർക്കമില്ല എന്നും അതിനാൽ തന്നെ രാമനാണ് പ്രതീകാത്മകമായി ഭൂമിയുടെ ഉടമ എന്നുകൂടി സുപ്രീം കോടതി 2019 അയോധ്യ വിധിയിൽ പറഞ്ഞിരുന്നു.
ഈ വർഷക്കാലമത്രയും ബാബറി മസ്ജിദിനെ കുറിച്ച് അധികാരികളാരും സംസാരിച്ചിരുന്നില്ല. രാമക്ഷേത്രം നിർമ്മിക്കുവാൻ തങ്ങളും കാരണക്കാരായി എന്ന അവകാശ വാദങ്ങളാണ് കോൺഗ്രസിൽ നിന്ന് പോലും ഉണ്ടായത്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് തേടിയിറങ്ങിയ കമൽ നാഥ് പറഞ്ഞത് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബി.ജെ.പിക്ക് അവകാശപ്പെടാൻ ഉള്ളതല്ല, തങ്ങളുടെ നേതാവായ രാജീവ് ഗാന്ധിയാണ് ബാബറി മസ്ജിദിന്റെ പൂട്ട് തുറന്നത് എന്നായിരുന്നു.
ചരിത്രം മറക്കരുത് എന്നും രാമ ക്ഷേത്രം ഏതെങ്കിലും പാർട്ടിയുടെതോ വ്യക്തിയുടേതോ അല്ല മറിച്ച് രാജ്യത്തിന്റെയും ഓരോ പൗരന്റെതുമാണെന്നുമായിരുന്നു കമൽ നാഥ് പറഞ്ഞത്. എന്നാൽ ബാബറി മസ്ജിദിന്റെ അവകാശവാദം ഉന്നയിക്കാൻ കമൽ നാഥിനും താല്പര്യമില്ലായിരുന്നു.
മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമെന്നാണ് ബാബറി മസ്ജിദ് തകർത്ത സംഭവത്തെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ വിശേഷിപ്പിച്ചിരുന്നത്.
ബാബരി മസ്ജിദ് തകർത്തത് ഒരു കുറ്റകൃത്യം ആണെന്നതിൽ ആർക്കും തർക്കമില്ലായിരുന്നു. എന്നിട്ടും വിചാരണ കോടതിക്ക് പ്രതികളെ ശിക്ഷിക്കാൻ സാധിച്ചില്ല.
രാമജന്മഭൂമി-ബാബറി മസ്ജിദ് വിഷയം ഒരിക്കലും ഒരു ഭൂമി തർക്കമായിരുന്നില്ല, ആയിരുന്നെങ്കിൽ പള്ളി പൊളിക്കുന്നതിനു മുൻപ് തന്നെ നഷ്ടപരിഹാരമായി പള്ളി പണിയാൻ മറ്റൊരു ഭൂമി മുസ്‌ലിങ്ങൾ സ്വീകരിക്കുമായിരുന്നു എന്നാണ് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഗസല വഹാബ് ഒരു ലേഖനത്തിൽ എഴുതിയത്.
നീതിക്കു പകരം ഭൂമി സ്വീകരിക്കാൻ തയ്യാറായ നിമിഷം നീതി ആവശ്യമില്ലാത്ത രണ്ടാം തരം സമുദായമായി മുസ്‌ലിങ്ങൾ മാറി എന്നും ഗസല പറയുന്നുണ്ട്.
പള്ളി ആയിരുന്നില്ല യഥാർത്ഥ പ്രശ്‌നമെന്ന് പിന്നീടുണ്ടായ സംഭവങ്ങളിൽ നമ്മൾ കണ്ടു.
ബാബറി മസ്ജിദ് വിധി കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുകയല്ല, ആരംഭിക്കുകയുമാണ് ഉണ്ടായത്. ഉത്തർ പ്രദേശിൽ മാത്രമല്ല, ഇത്തരം അയോധ്യകൾ ഇപ്പോൾ രാജ്യം മുഴുവൻ ഭീതി പടർത്തുന്നുവെന്ന് മാധ്യമപ്രവർത്തകനായ അശുതോഷ് ഭരദ്വാജ് പറയുന്നു.
അയോധ്യയിൽ നിന്ന് 1700 കി.മി അകലെ കർണാടകയിലെ ഹുബ്ബലിയിലെ ഈദ് ഗാഹ് മൈതാനിൽ ഗണേഷ് ചതുർഥി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും അയോധ്യ വിഷയത്തിന് സമാനമാണെന്ന് അശുതോഷ് പറയുന്നു. കർണാടകയിൽ ബി.ജെ.പിയുടെ വളർച്ചക്ക് കാരണമായതും ഹുബ്ബലിയിലെ തർക്കമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
മധുരയിലെ ഷാഹി ഈദ് മസ്ജിദ് സ്ഥിതിചെയ്യുന്നത് കൃഷ്ണ ജന്മഭൂമിയിലാണ് എന്നതും വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് പണിതത് ശിവ ക്ഷേത്രം പൊളിച്ചിട്ടാണെന്നും കോടതികളിൽ ഉന്നയിക്കപ്പെട്ടു.
2020ൽ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതും അടുത്തത് മധുരയിലെ കൃഷ്ണജന്മഭൂമിയാണ് എന്നായിരുന്നു.
ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്ന ആശയത്തിനു വേണ്ടി നിലകൊണ്ട വി.ഡി. സവർക്കറുടെ 140 ജന്മദിനത്തിൽ ആയിരുന്നു മതപരമായ പ്രാർത്ഥനകളോടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത് എന്നും ഇവിടെ ഓർമിപ്പിക്കുന്നു.
ഹിന്ദു രാഷ്ട്രം എന്ന ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇന്ത്യയിൽ ഇനി ബാക്കിയുള്ളത് എന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസറും നിയമജ്ഞനുമായ തരുണബ് ഖൈതാൻ പറയുന്നു.
2019ൽ മസ്ജിദിന്റെ ഉടമസ്ഥാവകാശ വാദം തള്ളിയ സുപ്രീം കോടതി അനുയോജ്യമായ അഞ്ച് ഏക്കർ ഭൂമി പള്ളി പണിയുന്നതിനായി സുന്നി സെൻട്രൽ വഖഫ് ബോർഡിന് കൈമാറുവാൻ ഉത്തരവിട്ടു.
അയോധ്യയിലെ 70 ഏക്കറിൽ രാമക്ഷേത്രം തുറക്കാനുള്ള തയ്യാറെടുപ്പുകൾ പൊടിപൊടിച്ചുകൊണ്ടിരിക്കുമ്പോൾ കിലോമീറ്ററുകൾ അപ്പുറത്ത് പള്ളി പണിയാൻ വേണ്ടി കണ്ടെത്തിയ അഞ്ചേക്കർ സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഉത്തർ പ്രദേശ് സർക്കാർ സുന്നി സെൻട്രൽ വഖഫ് ബോർഡിന് സ്ഥലം കൈമാറിയിരുന്നു. പള്ളി പണിയുവാൻ വഖഫ് ബോർഡ് ചുമതലപ്പെടുത്തിയ ഇൻഡോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ പറയുന്നത് പ്രോജക്ട് വികസിപ്പിക്കാനുള്ള പണം നൽകാൻ പോലും തങ്ങൾക്ക് കഴിയുന്നില്ല എന്നാണ്.
അതിനർത്ഥം തകർക്കപ്പെട്ട പള്ളിയുടെ സ്ഥാനത്ത് മുസ്‌ലിങ്ങൾക്ക് ഇനിയും ഒരു ആരാധനാ കേന്ദ്രം ഇല്ല.
ബാബറി മസ്ജിദ് തകർന്ന് വീണപ്പോൾ തകർന്നത് ഒരു കെട്ടിടം മാത്രമല്ല, വോട്ട് ബാങ്ക് രാഷ്ട്രീയം പറയുന്ന നേതാക്കളുടെ മുഖം മൂടി കൂടിയാണ്. സമുദായങ്ങൾ തമ്മിലുള്ള വിദ്വേഷം ഇന്ന് സ്വാഭാവികവത്കരിക്കപ്പെട്ടിരിക്കുന്നു. മുസ്‌ലിങ്ങൾ രണ്ടാം തരക്കാരായിരിക്കുന്നു.
രാമക്ഷേത്രം ഇന്ത്യയുടേതാകുമ്പോൾ ബാബറി മസ്ജിദ് ആരുടേതായിരുന്നു എന്ന ചോദ്യം ബാക്കിയാകുന്നു.
CONTENT HIGHLIGHT: Babri Masjid Demolition: 31 Years Later, Ram Temple Nears Completion