| Wednesday, 30th September 2020, 6:36 pm

'സോമനാഥ് ക്ഷേത്രം രഥയാത്രയ്ക്ക് തെരഞ്ഞെടുത്തത് ബോധപൂര്‍വ്വം'; ബാബരി വിധിക്ക് പിന്നാലെ വീണ്ടും ചര്‍ച്ചയായി അദ്വാനിയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടതിന് പിന്നാലെ ചര്‍ച്ചയായി അദ്വാനിയുടെ ആത്മകഥയുടെ ഭാഗങ്ങള്‍.

അദ്വാനിയുടെ ‘എന്റെ രാജ്യം എന്റെ ജീവിതം’ എന്ന പുസ്തകത്തിലെ രഥയാത്രയുടെ തുടക്കത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. പുസ്തകത്തില്‍ അദ്വാനി പറയുന്നത് ഇങ്ങിനെ

”മുസ്‌ലിം സ്വേച്ഛാധിപതികള്‍ നടത്തിയ ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രതീകമെന്ന നിലയില്‍ സോമനാഥ ക്ഷേത്രത്തെ ഉയര്‍ത്തികാണിച്ചായിരുന്നു രഥയാത്ര അവിടെ നിന്നും ആരംഭിച്ചത്. അതുകൊണ്ട് തന്നെ സോമനാഥ ക്ഷേത്രത്തിന് രഥയാത്രയില്‍ ശക്തമായ പ്രതീകാത്മക മൂല്യമുണ്ടായിരുന്നു.

സോമനാഥ ക്ഷേത്രത്തോട് സാമ്യപ്പെടുത്തികൊണ്ട് അയോധ്യയ്ക്ക് മുസ്‌ലിം കടന്നുകയറ്റ ചരിത്രത്തില്‍ ഒരു സ്ഥാനം നല്‍കുന്നതിന് വേണ്ടിയായിരുന്നു ഇത്തരമൊരു നീക്കം. ഇതുവഴി രാം മന്ദിര്‍ പ്രസ്ഥാനത്തിന് സാധുത നല്‍കുകയായിരുന്നു ലക്ഷ്യം.

സോംനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തോട് അയോധ്യയിലെ രാം ക്ഷേത്ര നിര്‍മ്മാണത്തോട് പുനര്‍നിര്‍വചനപ്പെടുത്തുകയായിരുന്നു സംഘപരിവാര്‍”.

ബാബരി മസ്ജിദ് തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്വാനി തന്നെ തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയ വിവരങ്ങളാണ് വിധി പ്രസ്താവത്തിന് പിന്നാലെ ഒരിക്കല്‍ കൂടി ചര്‍ച്ചകളിലേക്കെത്തുന്നത്.

1980ല്‍ ബി.ജെ.പി രൂപീകരിച്ചതിന് പിന്നാലെ അദ്വാനി രാംജന്മഭൂമി പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. 1989ലാണ് ബി.ജെ.പി 400 വര്‍ഷമായി ബാബരി മസ്ജിദ് നിലനിന്നിടത്ത് രാമ ക്ഷേത്രം നിര്‍മ്മിക്കുക എന്നത് അവരുടെ രാഷ്ട്രീയ അജണ്ടയായി പ്രഖ്യാപിക്കുന്നത്.

തുടര്‍ന്ന് 1990ല്‍ അദ്വാനി സോമനാഥ ക്ഷേത്രത്തില്‍ നിന്ന് രഥയാത്ര ആരംഭിക്കുകയായിരുന്നു. 1950ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സോമനാഥ് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത്. എന്നാല്‍ ക്ഷേത്ര ഉദ്ഘാടനത്തിന് നെഹ്‌റുവിന് ക്ഷണം ലഭിച്ചില്ലെങ്കിലും ഇന്ത്യയുടെ മതേതര മൂല്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയമായതിനാല്‍ ഉദ്ഘാടനത്തിന് പങ്കെടുക്കില്ലെന്ന നിലപാടായിരുന്നു നെഹ്‌റു സ്വീകരിച്ചിരുന്നത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: L.K Advani’s autobiography tells why somanath temple selected for radhayathra

We use cookies to give you the best possible experience. Learn more