|

ബിന്ദുവിന്റെയും ജഗദീഷിന്റെയും നിരയില്‍ നന്‍ പകലിലെ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെത്തിയ നന്‍ പകല്‍ നേരത്ത് മയക്കം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരു ഉച്ചയുറക്കത്തിന് ശേഷം സുന്ദരമായി മാറുന്ന ജെയിംസിനെ ചുറ്റിപറ്റിയാണ് കഥ നടക്കുന്നത്.

Spoiler Alert

മൂവാറ്റുപുഴയില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടന യാത്രക്ക് പോകുന്ന ജെയിംസിന്റെ തേതൃത്വത്തിലുള്ള സംഘത്തിലാണ് കഥ തുടങ്ങുന്നത്. തിരികെയുള്ള യാത്രക്കിടയില്‍ ഉറക്കത്തില്‍ നിന്നും ഉണരുന്ന ജെയിംസ് പുറത്ത് കാണുന്ന ചോളപ്പാടത്തില്‍ വണ്ടി നിര്‍ത്തിക്കുന്നു. ബസില്‍ നിന്നുമിറങ്ങിയ ജെയിംസ് ചോളപ്പാടത്തിനപ്പുറമുള്ള തമിഴ് ഗ്രാമത്തിലേക്ക് നടന്നുപോകുന്നു. പിന്നീട് ഇദ്ദേഹത്തെ അവിടെ നിന്നും പറഞ്ഞുവിടാന്‍ നാട്ടുകാരും തിരികെ കൊണ്ടുപോകാന്‍ ഒപ്പം വരുന്ന സംഘത്തിന്റെയും ശ്രമങ്ങളിലൂടൊണ് കഥ മുന്നേറുന്നത്.

രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളായുള്ള മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നെടുംതൂണ്‍. ജെയിംസിനെയോ സുന്ദരത്തെയോ പോലെ തന്നെ മറ്റ് ചില കഥാപാത്രങ്ങളും പ്രേക്ഷക മനസില്‍ തങ്ങിനില്‍ക്കും. പലപ്പോഴും ഇവിടുത്തെ പരിസരങ്ങളിലൊക്കെ കണ്ടിട്ടുള്ള ആളുകളെ തന്നെയായിരിക്കും ജെയിംസിനൊപ്പം കാണുന്നത്. അതിലൊന്നാണ് അശോകന്‍ അവതരിപ്പിച്ച ബാബൂട്ടി.

സിനിമ തുടങ്ങുന്നത് ബാബൂട്ടിയില്‍ നിന്നുമാണ്. വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനത്തിന് പോയ സംഘത്തില്‍ ജെയിംസ് കഴിഞ്ഞാല്‍ ഒരു മേല്‍ക്കൈ ഉള്ളത് ബാബൂട്ടിക്കാണ്. നാട്ടിലുള്ള തന്റെ റേഷന്‍ കടയെ പറ്റിയാണ് ബാബൂട്ടിയുടെ ചിന്ത മുഴുവന്‍. അപ്പന്‍ ചത്താല്‍ പോലും ബാബൂട്ടിക്ക് റേഷന്‍ കട തുറക്കണം. അതുകൊണ്ട് നാട്ടിലേക്ക് എത്താന്‍ ഏറ്റവുമധികം തിടുക്കം കാണിക്കുന്നതും ബാബൂട്ടിയാണ്.

എന്നാല്‍ ഇതേ ബാബൂട്ടി തന്നെയാണ് സുന്ദരമായി മാറിയ ജെയിംസിനെ ഒപ്പം കൊണ്ടുപോകാനായി പേര് പോലുമറിയാത്ത തമിഴ് ഗ്രാമത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്നത്. ഒരുവസരം കിട്ടിയപ്പോള്‍ അപ്രതീക്ഷിതമായി ജെയിംസിന്റെ സ്വന്തക്കാരന്‍ പോലും അദ്ദേഹത്തെ വിട്ടുപോകുമ്പോള്‍ മുന്നില്‍ നിന്ന് കാര്യങ്ങള്‍ക്കൊക്കെ ഒരു തീര്‍പ്പുണ്ടാക്കാന്‍ ബാബൂട്ടി ശ്രമിക്കുന്നുണ്ട്.

ഒരു ഇടവേളക്ക് ശേഷം പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന അശോകന്റെ കഥാപാത്രം കൂടിയാണ് നന്‍ പകലിലെ ബാബൂട്ടി. അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലെല്ലാം ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നതിന് ശേഷം മങ്ങിപ്പോയ താരങ്ങളെ മികച്ച കഥാപാത്രങ്ങളിലൂടെ പ്ലേസ് ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ റോഷാക്കില്‍ ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ മുതലായവര്‍ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നന്‍ പകലില്‍ അതുപോലെ ഓര്‍ത്തുവെക്കാവുന്ന കഥാപാത്രമാവുന്നത് അശോകന്റെ ബാബൂട്ടി തന്നെയാണ്. നിരാശാകാമുകന്‍ ബെന്നിയായി വിപിന്‍ അറ്റ്‌ലിയും ബസ് ഡ്രൈവറായി രാജേഷ് ശര്‍മയും സാലിയായി രമ്യ സുവിയും മികച്ചു നിന്നു.

Content Highlight: babootty played by ashokan in nan pakal nerathu mayakkam is a memorable character